കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും അഭിഭാഷകനുമായ മുഹമ്മദ് മുബാറക്ക് നേതാക്കളെ കൊല്ലാനുള്ള സ്ക്വാഡിൽ അംഗമാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ആയോധനകലകൾ അഭ്യസിച്ച മുബാറക് സ്ക്വാഡിലെ അംഗങ്ങളെ പരിശീലിപ്പിക്കുകയും ചെയ്തു. മുബാറക്കിന്‍റെ വീട്ടിൽ നിന്ന് മഴു, വാൾ തുടങ്ങിയ ആയുധങ്ങൾ കണ്ടെടുത്തതായും ബാഡ്മിന്‍റൺ റാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങളെന്നും എൻഐഎ പറയുന്നു.
എറണാകുളം വൈപ്പിൻ എടവനക്കാട് സ്വദേശി മുഹമ്മദ് മുബാറക്കിനെ ഇന്നലെ എൻ.ഐ.എ നടത്തിയ റെയ്ഡിലാണ് കസ്റ്റഡിയിലെടുത്തത്. 20 മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയാണ് പത്തംഗ എൻഐഎ സംഘം മുബാറക്കിന്‍റെ വീട്ടിലെത്തിയത്. അവിടെ തന്നെ ചോദ്യം ചെയ്ത ശേഷമാണ് വീട് വിശദമായി പരിശോധിച്ചത്. മുബാറക്കിന്‍റെ മാതാപിതാക്കളും ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നു. പരിശോധന രാത്രി 9 മണി വരെ നീണ്ടുനിന്നു.
പോപ്പുലർ ഫ്രണ്ടിന്‍റെ ആദ്യകാല പ്രവർത്തകനായിരുന്നു മുഹമ്മദ് മുബാറക് എന്നാണ് നാട്ടുകാർ പറയുന്നത്. നിയമബിരുദം നേടിയ മുബാറക് ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു. സംഘടനയുമായി ബന്ധപ്പെട്ട ചില കേസുകൾ കൈകാര്യം ചെയ്തു. ഭാര്യയും ഒരു വക്കീലാണ്. കരാട്ടെ, കുങ്ഫു എന്നിവയുടെ പരിശീലനം നല്കുന്നുണ്ടായിരുന്നു. അടുത്തിടെ, അദ്ദേഹവും മറ്റൊരാളും ചേർന്ന് ഓർഗാനിക് വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്ന ഒരു യൂണിറ്റ് ആരംഭിച്ചിരുന്നു.
https://youtu.be/9tEb7Cau6Mk
Discussion about this post