കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്‍റലിജൻസ് 62 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി. കോഴിക്കോട് മലയമ്മ സ്വദേശി അയിനികുന്നുമ്മൽ ഷമീറലി (31), പുതുപ്പാടി സ്വദേശി അബ്ദുൽ റസാഖ് (39) എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചത്.
രണ്ട് പേരിൽ നിന്നായി 1,065 ഗ്രാം മിശ്രിതവും 250 ഗ്രാമിന്‍റെ മാലയുമാണ് കണ്ടെടുത്തത്. ഷമീറലി ദോഹയിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണെത്തിയത്. ഇയാളിൽ നിന്ന് 1,065 ഗ്രാമിന്‍റെ സ്വർണമിശ്രിതമാണ് പിടിച്ചത്. 50 ലക്ഷം രൂപ വില വരുന്ന സ്വർണം നാല് ക്യാപ്സൂളുകളാക്കിയാണ് ഒളിപ്പിച്ചത്.
റസാഖ് ഷാർജയിൽ നിന്നുള്ള എയർഇന്ത്യ വിമാനത്തിലാണ് എത്തിയത്. ഇയാളിൽ നിന്ന് കാൽപാദത്തിനടിയിൽ ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് കടത്താൻ ശ്രമിച്ച 250 ഗ്രാമിന്‍റെ 12 ലക്ഷത്തിന്‍റെ രണ്ട് സ്വർണമാലയാണ് പിടികൂടിയത്. ഷമീറലിക്ക് 90,000 രൂപയും റസാഖിന് 15,000 രൂപയുമാണ് പ്രതിഫലം വാഗ്ദാനം ചെയ്തത്. എയർ കസ്റ്റംസ് ഡിസംബറിൽ 39 കേസുകളിലായി 16 കോടിയുടെ 32 കിലോ സ്വർണമാണ് ഇതിനകം പിടിച്ചത്.
Discussion about this post