രാജ്യത്ത് എവിടെ നിന്നും സ്വന്തം മണ്ഡലത്തില്‍ വോട്ടു ചെയ്യാം; വോട്ടിംഗിന് സംവിധാനം ഒരുങ്ങുന്നു

ജനുവരി 16ന് ഈ നിർദ്ദേശം രാഷ്ട്രീയ പാർട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കും

ന്യൂഡൽഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ സുപ്രധാനമായ നീക്കവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ രാജ്യത്ത് എവിടെ താമസിച്ചാലും സ്വന്തം മണ്ഡലത്തിൽ വോട്ടുചെയ്യാൻ അവസരമൊരുക്കുന്ന രീതിയിൽ വോട്ടിംഗ് യന്ത്രങ്ങളിൽ പുതിയ സംവിധാനം ഏർപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പദ്ധതിയിടുന്നു. 72 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക ഒറ്റ മെഷീനിൽ ഉൾപ്പെടുത്താനാണ് നീക്കം. ജനുവരി 16ന് ഈ നിർദ്ദേശം രാഷ്ട്രീയ പാർട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കും.

നിലവിൽ വോട്ടർപട്ടികയിൽ പേർ രജിസ്റ്റർ ചെയ്ത ശേഷം തൊഴിൽ, പഠന ആവശ്യങ്ങൾക്കായി സ്ഥലം മാറി താമസിച്ചാൽ, വോട്ടു രേഖപ്പെടുത്താന്‍ വോട്ടർ പട്ടികയിലെ പേര് പുതിയ സ്ഥലത്തേക്ക് മാറ്റി ചേർക്കണം. അല്ലാത്ത പക്ഷം അതേ മണ്ഡലത്തിൽ നേരിട്ട് വന്ന് വോട്ട് ചെയ്യണം.

എന്നാൽ ഇനി, നിങ്ങൾ എവിടെ താമസിച്ചാലും, നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യാം. നിലവിൽ ഒരു വോട്ടിങ് യന്ത്രത്തിൽ ആ മണ്ഡലത്തിലെ സ്ഥാനാർഥി പട്ടിക മാത്രമേ ഉൾപ്പെടുത്താനാകൂ. പകരം 72 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക ഒറ്റ യന്ത്രത്തിൽ ഉൾപ്പെടുത്തുന്ന തരത്തിൽ വോട്ടിംഗ് യന്ത്രങ്ങളിൽ മാറ്റം വരുത്തി ഇത് സാധ്യമാക്കാനാണ് നീക്കം.

Exit mobile version