തിരുവനന്തപുരം : ബഫര്‍സോണില്‍ സര്‍വ്വെ നമ്പറുകള്‍ ചേര്‍ത്ത് പുതിയ ഭൂപടം പ്രസിദ്ധീകരിച്ച് സര്‍ക്കാര്‍. ഒരേ സര്‍വ്വെ നമ്പറിലെ പ്രദേശങ്ങള്‍ ബഫര്‍സോണിനകത്തും പുറത്തും വന്നത് വീണ്ടും ആശയക്കുഴപ്പമുണ്ടാക്കി. ഭൂപടത്തിന്മേലുള്ള പരാതികളില്‍ അതിവേഗം പരിശോധന പൂര്‍ത്തിയാക്കി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയാണ് സംസ്ഥാനത്തിന് മുന്നിലെ വെല്ലുവിളി.
ബഫര്‍സോണ്‍ ആശയക്കുഴപ്പം കടുക്കുന്നതിനിടെയാണ് അടുത്ത ഭൂപടം പ്രസിദ്ധീകരിച്ചത്. 2021ല്‍ കേന്ദ്രത്തിന് നല്‍കിയ സീറോ ബഫര്‍സോണ്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി കിഴിഞ്ഞ ദിവസം ഭൂപടം പ്രസിദ്ധീകരിച്ചു. ഈ ഭൂപടത്തില്‍ സര്‍വ്വെ നമ്പര്‍ കൂടി ചേര്‍ത്താണ് പുതിയ ഭൂപടം. സര്‍വ്വെ നമ്പര്‍ നോക്കി ജനവാസകേന്ദ്രങ്ങള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നുള്ള വ്യക്തമായി അറിയുകയായിരുന്നു ലക്ഷ്യം. പക്ഷെ പുതിയ ഭൂപടം ആശയക്കുഴപ്പം തീര്‍ക്കുന്നില്ലെന്ന് മാത്രമല്ല സംശയങ്ങള്‍ കൂട്ടുന്നു. ഭൂപടത്തില്‍ മാര്‍ക്ക് ചെയ്ത് ഒരെ സര്‍വ്വെ നമ്പറിലെ പ്രദേശങ്ങളുടെ ചില ഭാഗങ്ങള്‍ ബഫര്‍സോണിനകത്തുള്ളപ്പോള്‍ ചിലത് പുറത്താണ്. ഈ സ്ഥലങ്ങളിലെ പരാതികള്‍ എങ്ങിനെ തീര്‍ക്കുമെന്നാണ് പ്രശ്‌നം.