ദില്ലി: ഇ പി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്നതിനിടെ പിബിയിലെ ചർച്ച തള്ളാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ ഉൾപ്പടെ എല്ലാ വിഷയങ്ങളും പിബിയിൽ ചർച്ചയ്ക്ക് എത്തുമെന്ന് യെച്ചൂരി പറഞ്ഞു. പിബി യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രനേതാക്കളെ കണ്ടു.
ഇ പി ജയരാജനെതിരെ പി ജയരാജൻ ആരോപണം ഉന്നയിച്ചതായുള്ള റിപ്പോർട്ടുകളെക്കുറിച്ച് നേരത്തെ സിപിഎം കേന്ദ്ര നേതൃത്വം വിവരം തേടിയിരുന്നു. വിഷയത്തിൽ ഇടപെടാൻ മടിക്കില്ല എന്ന സൂചനയാണ് സീതാറാം യെച്ചൂരി ഇന്ന് നല്‍കിയത്. എല്ലാ വിഷയങ്ങളും പിബിക്ക് മുന്നിലുണ്ട് എന്ന യെച്ചൂരിയുടെ പ്രതികരണം സംസ്ഥാന നേതാക്കൾക്കും സമ്മർദ്ദമാകും. അന്വേഷണത്തിന് പച്ചക്കൊടി കാട്ടുന്ന നിലപാടാണ് കേന്ദ്ര നേതാക്കൾക്കുള്ളത്.
പൊളിറ്റ് ബ്യൂറോയുടെ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ വലിയ വിവാദമായി മാറിയ സാഹചര്യത്തിൽ ഇക്കാര്യം അവഗണിച്ചു പോകേണ്ടതില്ല എന്ന് നേതൃത്വം കരുതുന്നു. കേന്ദ്ര നേതാക്കളുടെ നിലപാട് കൂടി അറിഞ്ഞ ശേഷമായിരിക്കും സംസ്ഥാനത്ത് തീരുമാനം എടുക്കുക. അന്വേഷണമുണ്ടായാൽ അതിന്‍റെ റിപ്പോർട്ട് കേന്ദ്ര നേതാക്കളും ചർച്ച ചെയ്യും. പിബിക്ക് മുന്നോടിയായി എ കെ ജി ഭവനിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ യെച്ചൂരിയേയും പ്രകാശ് കാരാട്ടിനെയും കണ്ടു. വിഷയത്തിലെ തുടർനീക്കങ്ങളിൽ പിണറായിയുടെ നിലപാടും നിർണ്ണായകമാകും. വിവാദം തുടർന്നാൽ അടുത്ത മാസത്തെ കേന്ദ്ര കമ്മിറ്റി യോഗതതിലേക്കും വിഷയം എത്താനാണ് സാധ്യത