ഷുക്കൂര്‍ കൊലക്കേസ്; പി.ജയരാജനെ രക്ഷപ്പെടുത്താന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന് ആരോപണം

കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചനയിൽ നിന്ന് ജയരാജനെ രക്ഷിക്കാൻ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്നാണ് ഹരീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂർ: ഷുക്കൂർ കൊലക്കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ സി.എം.പി നേതാവ് അഡ്വ.ടി.പി.ഹരീന്ദ്രൻ. കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചനയിൽ നിന്ന് ജയരാജനെ രക്ഷിക്കാൻ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്നാണ് ഹരീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അന്വേഷണ ഉദ്യോഗസ്ഥനാണ് ഇക്കാര്യം പറഞ്ഞതെന്ന് അന്ന് പൊലീസിന് നിയമോപദേശം നൽകിയ ടി.പി.ഹരീന്ദ്രൻ വെളിപ്പെടുത്തി. കൊലപാതകം നടക്കുമെന്ന് അറിയാമായിരുന്നിട്ടും പൊലീസിനെ അറിയിച്ചില്ല എന്ന കുറ്റമാണ് പി ജയരാജനെതിരെ ചുമത്തിയത്.

കൊലപാതകത്തിൽ ജയരാജന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് താനാണ്. എന്നാൽ അന്ന് രാത്രി 12 മണി വരെ ഒരു പ്രശ്നവും ഇല്ലായിരുന്ന കുഞ്ഞാലിക്കുട്ടി പിന്നീട് കണ്ണൂർ എസ്.പിയെ വിളിച്ച് ഐ.പി.സി 302 ഫയൽ ചെയ്യേണ്ടെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും ടി.പി.ഹരീന്ദ്രൻ പറഞ്ഞു.

Exit mobile version