സോളാർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഇതുവരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. കേന്ദ്ര സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് മുൻ മുഖ്യമന്ത്രിക്ക് ക്രൈംബ്രാഞ്ച് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. 2012 ഓഗസറ്റ് 19ന് ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മൻ ചാണ്ടി പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാൽ പരാതിക്കാരി പറയുന്ന സമയത്ത് ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഇല്ലായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
പരാതി ഉന്നയിക്കുന്ന സ്ത്രീ ആ സമയത്ത് ക്ലിഫ് ഹൗസിൽ എത്തിയതിന് തെളിവില്ലെന്നും സാക്ഷി മൊഴികളും ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഏഴു വർഷം പിന്നിട്ട സംഭവമായതിനാൽ ഫോൺ കോൾ രേഖകള്‍ ലഭിക്കില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
https://youtu.be/FvITKQ9muGk
2018ലാണ് സോളാർ പീഡന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. മുൻ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരെ പ്രതി ചേര്‍ത്തായിരുന്നു അന്വേഷണം. എന്നാൽ അന്വേഷണം രണ്ട് വർഷം പിന്നിട്ടപ്പോൾ പരാതിക്കാരിയുടെ തന്നെ ആവശ്യപ്രകാരം സർക്കാർ കേസ് സിബിഐക്ക് വിട്ടു. ഇതിനിടയിലാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറി ടി.കെ.ജോസ് കേന്ദ്രസർക്കാരിന് അയച്ച റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വന്നത്. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകൾ തന്നെയായിരുന്നു ഈ റിപ്പോർട്ടിലും ഉൾപ്പെട്ടിട്ടുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ സോളാർ പീഡനക്കേസുകൾ സി ബി ഐക്ക് വിട്ടത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംസ്ഥാന സർക്കാർ കേസ് സി ബി ഐക്ക് വിട്ടെങ്കിലും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല. കോൺഗ്രസിലെ ഉന്നത നേതാക്കൾക്ക് എതിരെയും ബി ജെ പിയുടെ ദേശീയ ഉപാധ്യക്ഷന്‍ എതിരെയുമുള്ള നിർണായകമായ കേസ് സിബിഐ അന്വേഷിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം.
Discussion about this post