ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അതിശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം അറുപത് കടന്നു. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കൂടുതല്‍ ആളപായമുണ്ടായ ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുകയാണ്. മഞ്ഞുവീഴ്ച തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
അതിശൈത്യത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ന്യൂയോര്‍ക്ക് ഗവര്‍ണറുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് പ്രസിഡന്റ് ജോ ബൈഡന്റെ നടപടി.
ഇതോടെ, ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം നേരിടാന്‍ ന്യൂയോര്‍ക്കിന് ഫെഡറല്‍ സഹായം ലഭിക്കും. കനത്ത മഞ്ഞുവീഴ്ച തുടരുന്ന ന്യൂയോര്‍ക്കിനും ബഫല്ലോ നഗരത്തിനും ആശ്വാസകരമാകും ഈ നടപടിയെന്നാണ് വിലയിരുത്തുന്നത്. ഇതുവരെ 27 മരണമാണ് ന്യൂയോര്‍ക്കില്‍ സ്ഥിരീകരിച്ചത്.
ഇതിനു മുന്പ് കൊടിയ മഞ്ഞു വീഴ്ച രേഖപ്പെടുത്തിയ 77ല്‍ ന്യൂയോര്‍ക്കില്‍ 25 പേരായിരുന്നു മരിച്ചത്. മരണസംഖ്യ ഇനിയും ഉയരാം എന്ന് ആശങ്കയുണ്ട്. പലയിടങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിച്ചേരാന്‍ ആയിട്ടില്ല. മഞ്ഞുമൂടി കിടക്കുന്ന വാഹനങ്ങള്‍ക്ക് അകത്ത് നിന്നാണ് പല മൃതദേഹവും ലഭിച്ചിട്ടുള്ളത്.