തൃശ്ശൂരിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയറുടെ മരണം കൊലപാതകം; തലയില്‍ ബീര്‍ കുപ്പി കൊണ്ട് അടിച്ചു കൊന്നു

തൃശൂര്‍: പുറ്റേക്കരയിലെ കംപ്യൂട്ടര്‍ എന്‍ജിനിയര്‍ അരുണ്‍ കുമാറിന്റെ മരണം കൊലപാതകമെന്ന് സൂചന. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം അരുണിനെ കൊലപ്പെടുത്തിയെന്നാണ്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമായത്. അരുണ്‍ കുമാറിനെ അവശ നിലയില്‍ കണ്ടെത്തിയ പുറ്റേക്കരയിലെ ഇടവഴിയില്‍ നിന്ന് രണ്ടു പേര്‍ ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി

കൈപ്പറമ്പ് പുറ്റേക്കരയിലെ ഇടവഴിയില്‍ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ അരുണ്‍ ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്. കമ്പ്യൂട്ടര്‍ എഞ്ചിനീയറായിരുന്നു മരണപ്പെട്ട അരുണ്‍ കുമാര്‍. ഇയാളുടെ തലയില്‍ ബിയര്‍ കുപ്പി കൊണ്ട് ഏറ്റ അടിയാണ് മരണ കാരണമായത് എന്നാണ് നിലവിലെ നിഗമനം. കഴുത്തില്‍ കുത്തിപ്പിടിച്ച പാടുമുണ്ടായിരുന്നു.

സംഭവ സ്ഥലത്തുനിന്നും ഫോറന്‍സിക് സംഘം പൊട്ടിയ ബിയര്‍ കുപ്പി കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഇടവഴിയില്‍ അവശ നിലയില്‍ അരുണ്‍ കുമാറിനെ കണ്ടെത്തിയത്. പന്തുകളി കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രദേശത്തെ യുവാക്കളാണ് വഴിയില്‍ കിടന്ന അരുണിനെ കണ്ടെത്തിയത്. നാട്ടുകാര്‍ ചേര്‍ന്ന് അരുണിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ രണ്ട് മണിയോടെ ഇയാള്‍ മരണപ്പെട്ടു.

നഗരത്തിലെ ഒരു ബാറില്‍ നിന്നാണ് അരുണ്‍ രാത്രി വീട്ടിലേക്ക് മടങ്ങിയത് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ സഞ്ചരിച്ച റോഡിലേയും ആക്രമിക്കപ്പെട്ട ഇടവഴിയിലെയും സിസിടിവി ദൃശ്യങ്ങള്‍ പേരാമംഗലം പൊലീസ് ശേഖരിച്ചിട്ടുണ്ട്. രണ്ടു യുവാക്കള്‍ ബൈക്കില്‍ പോകുന്നതിന്റെയും മറ്റു രണ്ടുപേര്‍ ഓടിപ്പോകുന്നതിന്റെയും ദൃശ്യങ്ങളാണ് പൊലീസിന് കൊലപാതകം നടന്ന സ്ഥലത്തുനിന്നും കിട്ടിയത്.

ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അരുണ്‍ കുമാറിന്റെ ഫോണും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികള്‍ വൈകാതെ വലയിലാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

 

Exit mobile version