ശബരിമലയിൽ മണ്ഡല പൂജ ഇന്ന്; നടവരവ് 222.99 കോടി രൂപ

നാളെ രാത്രി നട അടക്കുന്നതോടെ മണ്ഡല കാല തീർത്ഥാടനം അവസാനിക്കും

പത്തനംതിട്ട: ശബരിമലയിൽ തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജ ഇന്ന്. ഉച്ചയ്ക്കാണ് പൂജ. ഉച്ചയ്ക്ക് 12.30 നും 1 മണിക്കും ഇടയിലാണ് മണ്ഡല പൂജ. നാളെ രാത്രി നട അടക്കുന്നതോടെ മണ്ഡല കാല തീർത്ഥാടനം അവസാനിക്കും.

മകര വിളക്ക് ഉത്സവത്തിനായി ഈ മാസം 30ന് വൈകീട്ട് അഞ്ച് മണിക്ക് നട തുറക്കും. ഇന്നലെ തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന ഭക്തി സാന്ദ്രമായി.

മണ്ഡല പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര വെള്ളിയാഴ്ച രാവിലെയാണ് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നു ആരംഭിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് ഘോഷയാത്ര സന്നിധാനത്ത് എത്തി.

വൈകീട്ട് 5.30 ഓടെ ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം ശരംകുത്തിയില്‍ വെച്ച് തങ്ക അങ്കി ഏറ്റുവാങ്ങി. സന്നിധാനത്ത് എത്തിച്ച ശേഷം വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടത്തി.

ശബരിമലയില്‍ ഇതുവരെയായി 30 ലക്ഷം തീര്‍ഥാടകര്‍ എത്തിയാണ് ദേവസ്വം ബോർഡ‍ിന്റെ കണക്ക്. ഇതുവരെ 222 കോടി 98, 70, 250 രൂപ നടവരവായി ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കാണിക്കയായി 70 കോടിയും ലഭിച്ചു. 41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലകാല തീര്‍ഥാടനം നാളെ അവസാനിക്കാനിരിക്കേയാണ് കണക്ക് പുറത്തുവിട്ടത്

Exit mobile version