പത്തനംതിട്ട: മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം കുറിച്ച് മണ്ഡലപൂജയ്ക്ക് ഒരുങ്ങി ശബരിമല. മൂന്ന് ദിവസം മുമ്പ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകിട്ട് സന്നിധാനത്തെത്തും. നാളെ ഉച്ചയ്ക്ക് 12.30 നും 1 മണിക്കും ഇടയിലാണ് മണ്ഡലപൂജ നടക്കുക.
വർഷത്തിൽ ഒരിക്കൽ മാത്രം ശബരിമല സന്നിധാനത്ത് എത്തിക്കുന്ന തങ്ക അങ്കി തിരുവിതാംകൂർ രാജകുടുംബം അയ്യപ്പന് സമർപ്പിച്ചതാണ്. മണ്ഡലപൂജയ്ക്ക് തലേ ദിവസം വൈകുന്നേരത്തെ ദീപാരാധന, മണ്ഡലപൂജ എന്നീ സമയങ്ങളിൽ മാത്രമാണ് അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തുന്നത്.
ഇന്ന് വൈകുന്നേരം 5.30ന് ശരംകുത്തിയിൽ വച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നേതൃത്വത്തിൽ ആചാരപൂർവം തങ്ക അങ്കി സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപൻ തുടങ്ങിയവർ പതിനെട്ടാം പടിക്ക് മുകളിൽ കൊടിമരത്തിന് കീഴിൽ തങ്ക അങ്കി സ്വീകരിക്കും. വൈകീട്ട് 6.35-ന് തങ്ക അങ്കി ചാർത്തിയുള്ള മഹാദീപാരാധന നടത്തും.
Discussion about this post