തിരുവനന്തപുരം: കേരളത്തിൽ ക്രിസ്മസിന് റെക്കോർഡ് മദ്യവിൽപ്പന. ഡിസംബർ 22, 23, 24 തീയതികളിലായി 229.80 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ ദിവസം 215.49 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. ഏറ്റവും കൂടുതൽ വിറ്റത് റം ആണ്. ക്രിസ്മസ് ദിനത്തിൽ മാത്രം 89.52 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.
കൊല്ലം ആശ്രാമത്തെ ബിവറേജസ് ഔട്ട്ലെറ്റ് 68.48 ലക്ഷം രൂപയുടെ വിൽപ്പനയുമായി ഒന്നാം സ്ഥാനത്തെത്തി. രണ്ടാമത് 65.07 ലക്ഷം രൂപയുടെ വിൽപ്പനയുമായി തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്ലെറ്റാണ്. 61.49 ലക്ഷം വിൽപ്പനയുമായി ഇരിങ്ങാലക്കുടയിലെ ഔട്ട്ലെറ്റാണ് മൂന്നാം സ്ഥാനത്ത്.
ബിവറേജസ് കോർപ്പറേഷന് 267 ഔട്ട്ലെറ്റുകളുണ്ട്. തിരക്ക് കുറയ്ക്കുന്നതിനായി 175 പുതിയ ഔട്ട്ലെറ്റുകൾ ആരംഭിക്കാനും വിവിധ കാരണങ്ങളാൽ നേരത്തെ അടച്ചിട്ടിരുന്ന 68 ഔട്ട്ലെറ്റുകളിൽ പ്രവർത്തനം ആരംഭിക്കാനും ബിവറേജസ് കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. അതിന്‍റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പ്രാദേശിക എതിർപ്പുകൾ കാരണം സ്ഥല സൗകര്യമുള്ള കടകൾ കണ്ടെത്താൻ ബുദ്ധിമുട്ടുകയാണെന്ന് അധികൃതർ പറയുന്നു.
Discussion about this post