കോഴിക്കോട്: സഭാവിശ്വാസികളോട് മാപ്പ് പറഞ്ഞ് മാനന്തവാടി രൂപതാ ബിഷപ്പ്. സഭയില്‍ നടമാടുന്ന ഹീന പ്രവണതകള്‍ ലജ്ജാകരമാണ്. അത്തരം സംഭവങ്ങളില്‍ വിശ്വാസികള്‍ക്കുണ്ടായ ദുഃഖത്തിന് താന്‍ മാപ്പ് ചോദിക്കുന്നുവെന്നും മാനന്തവാടി രൂപത ബിഷപ്പ് മാര്‍. ജോസ് പൊരുന്നേടം പറഞ്ഞു. മാനന്തവാടി കണിയാരം കത്തീഡ്രലില്‍ നടന്ന പാതിര കുര്‍ബാനയില്‍ ക്രിസ്മസ് സന്ദേശം നല്‍കുന്നതിന് ഇടയിലായിരുന്നു ബിഷപ്പിന്റെ മാപ്പ് പറച്ചില്‍.
കഴിഞ്ഞ ദിവസം കുര്‍ബാന തര്‍ക്കം നടന്ന എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയിലെ പാതിരാ കുര്‍ബാന ഉപേക്ഷിച്ചിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. എഡിഎം വിളിച്ച ചര്‍ച്ചയില്‍ പാതിരാ കുര്‍ബാന അടക്കം തിരുക്കര്‍മ്മങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഇരു വിഭാഗവും തമ്മില്‍ ധാരണയായി. സംഘര്‍ഷത്തിന് സമവായം ഉണ്ടായശേഷം ഇനി പള്ളിയില്‍ തിരുകര്‍മ്മങ്ങള്‍ നടത്തിയാല്‍ മതിയെന്ന നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നു. ബസലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ ആന്റണി പൂതവേലില്‍, വിമതവിഭാഗം വൈദിക സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാന്‍ അടക്കമുള്ളവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.