അർജന്റീന vs അവിയൽ മുന്നണി; വിശകലനവും വിവാദവും

നമ്മുടെ രാജ്യത്ത് 140 കോടി ജനങ്ങളിൽ ഫുട്ബോൾ കളിക്കാനറിയുന്നവർ ഇല്ലാത്തതു കൊണ്ടല്ല അവരെ കണ്ടെത്താനും വളർത്താനുമുള്ള സംവിധാനം നിലവിലില്ല എന്നത് കൊണ്ടാണ്.

ഫുട്ബാൾ എന്നാൽ നമുക്ക് ലാറ്റിനമേരിക്കയാണ്. ബ്രസീലിന്റെ മഞ്ഞയും അർജന്റീനയുടെ നീലയും കുപ്പായങ്ങളാണ്. ബ്രസീലിന്റെയും അർജന്റീനയുടെയും ഫുട്ബോൾ വൈരത്തോളം പഴക്കമുണ്ടാകും നമ്മുടെ കൊച്ചു കേരളത്തിലെ ആരാധക തർക്കത്തിലും. ഈ രണ്ടു ടീമുകളുടെ ആരാധകരുടെ എണ്ണത്തിലും ആവേശത്തിലും ഒട്ടും പുറകിലല്ല കേരളവും. ഫുട്ബോൾ ലോകകപ്പിന്റെ ആരംഭത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ അർജന്റീനയുടെയും ഫിഫയുടെയും ഔദ്യോഗിക പേജുകളിലേക്ക് കേരളത്തിലെ കളിയാരാധകരുടെ പ്രശംസ പതിഞ്ഞു. പുള്ളാവൂർ പുഴയിൽ ഉയർന്ന മെസ്സിയുടെ കൂറ്റൻ കട്ടൗട്ടിന് കേരളത്തിലെ അർജന്റീന ആരാധകർക്കൊപ്പം ലോകം മുഴുവൻ കൈയടിച്ചു. പിന്നാലെ നെയ്മറും ക്രിസ്റ്റ്യാനോ റൊണാൾഡോയും പുള്ളാവൂർ പുഴയിൽ തലപ്പൊക്കത്തിൽ സ്ഥാനം പിടിച്ചു. തുടർന്ന് വിവാദവും പരാതിയും. എന്നാലും കളിയാരവം ഒഴിയുന്നവരെ അവർ ലോകത്തിന്റെ കാഴ്ചയിൽ കേരളത്തിലെ ചെറു പുഴയിൽ തലയുയർത്തി നിന്നു.

മെസ്സിയ്ക്കും നെയ്മർക്കും റൊണാൾഡോയ്ക്കും നേടിയെടുക്കാൻ കഴിഞ്ഞ ആരാധക കൂട്ടത്തെ മറ്റാർക്കും സ്വന്തമാക്കാൻ കഴിഞ്ഞില്ല എന്നൊരു വസ്തുത കൂടി നമ്മുടെ മുന്നിലുണ്ട്. ഒരു ടീം അംഗം എന്ന നിലയിൽ നിന്നും ലഭിക്കുന്ന ആരാധകർക്ക് പുറമേ വ്യക്തിപരമായ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വലിയ ആരാധകവൃന്ദത്തെ കണ്ടെത്തിയവരാണ് ഇവർ. കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ എണ്ണം എടുത്താൽ അർജന്റീനയ്ക്കും ബ്രസീലിനും പുറകിലായി പോർച്ചുഗൽ സ്ഥാനം പിടിക്കുന്നതും അതുകൊണ്ടാണ്. ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ, ജർമ്മനി, നെതർലാൻഡ് ഒക്കെ അതിന് പിന്നിലായി വരും. എന്നാൽ ഒരു വലിയ കൂട്ടം ആരാധകരെ സൃഷ്ടിക്കാൻ മറ്റു ടീമുകൾക്ക് കഴിഞ്ഞിട്ടുമില്ല.

ലോകകപ്പിന് തുടക്കം കുറിക്കും മുമ്പ് തന്നെ കേരളത്തിലെ ഫുട്ബാൾ ഫാൻസുകളുടെ ആവേശം കൊടുമുടിയിൽ എത്തിയിരുന്നു. സോഷ്യൽമീഡിയ ആരാധക പോരിന് വേദിയായി. ഫേവറിറ്റുകളായി എത്തിയ ബ്രസീലിന്റേയും അർജന്റീനയുടെയും ഫാൻസ് ചേരിതിരിഞ്ഞ് വെല്ലുവിളികൾ നടത്തി. മന്ത്രിമാരും എം.എൽ.എ.മാരും പോസ്റ്റുകൾ ഇട്ടും കുറിക്കു കൊള്ളുന്ന കമന്റുകൾ ഇട്ടും കളം പിടിച്ചു. ട്രോളുകളും വാഗ്വാദങ്ങളും നിറഞ്ഞു. ഇതിനിടയിൽ മറ്റു ഫാൻസുകാരുടെ ഒറ്റപ്പെട്ട ആഘോഷങ്ങൾ മുങ്ങിപ്പോയി.

ഒന്നാം റൗണ്ടിലെ ജർമ്മനിയുടെ പുറത്താകൽ പതിവുപോലെ മറ്റു ഫാൻസുകാർ ആഘോഷമാക്കി. അർജന്റീനയുടെ സൗദിയോടുള്ള പരാജയവും, മൊറോക്കോയുടേയും ജപ്പാന്റെയും കൊറിയയുടെയും മുന്നേറ്റവും ചെറുതല്ലാത്ത പിന്തുണ ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങൾക്ക് ലഭിക്കുന്നതും കണ്ടു.

ക്രൊയേഷ്യയോട് പരാജയപ്പെട്ട് ബ്രസീലിന്റെ പുറത്താകൽ ഒരു കൂട്ടർ ആഘോഷിച്ചപ്പോൾ മറു വിഭാഗം ഒളിവിൽ അഭയം തേടി. അർജന്റീനയെക്കതിരെ മറ്റു ടീമുകളുടെ ഫാൻസ് ഒന്നിച്ച് മഴവിൽ സഖ്യമുണ്ടാക്കി എന്ന ആരോപണം ഉയർന്നു. പത്രമാധ്യമങ്ങൾ ഉൾപ്പെടെ “അവിയൽ മുന്നണി” എന്നെഴുതി. വലിയ ആരാധക പോരിന് ആ വാദം വഴിതെളിച്ചു. അതുവരെയുണ്ടായിരുന്ന ഫാൻ ഫൈറ്റിന്റെ സ്വഭാവത്തിൽ മാറ്റം വന്നതും വെല്ലുവിളികളും ആക്ഷേപങ്ങളും ഉയർന്നതും അർജന്റീന vs മഴവിൽ മുന്നണി എന്ന ആക്ഷേപത്തോടെയാണ്. ഫൈനലിൽ ഫ്രാൻസിനെ മഴവിൽ മുന്നണി പിന്തുണയ്ക്കുന്നു എന്ന ആരോപണമുയർത്തി അർജന്റീന ഫാൻസ് ഫാൻപോരിൽ മുന്നിൽ നിന്നു.

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനലിന് സാക്ഷ്യം വഹിച്ച ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീന ഏകപക്ഷീയ വിജയം നേടും എന്ന് തോന്നിച്ചിടത്തു നിന്ന് കളി മികവിന്റെ ത്രില്ലർ ഫുട്ബോൾ സൗന്ദര്യമാണ് കണ്ടത്. അവസാന മിനിറ്റുകളിൽ ജയവും തോൽവിയും മാറി മറിഞ്ഞു. കളിയുടെ 120- ാം മിനിറ്റിൽ മുവാനിയുടെ ഷോട്ട് തടഞ്ഞ് അർജന്റീനിയൻ ഗോളി എമിലിയോ മാർട്ടിനെസ് കാവൽ മാലാഖയായി. ഷൂട്ടൗട്ടിൽ 4 – 2 എന്ന സ്കോറിൽ ഫ്രാൻസിനെ തകർത്ത് 2018 ലോകകപ്പിലെ തോൽവിക്ക് പ്രതികാരം ചെയ്ത് കപ്പുയർത്തി. മെസ്സിക്കായി ലോകകപ്പ് ഉയർത്തും എന്ന മാർട്ടിനെസിന്റെയും ഡീ പോളിന്റേയും വാക്കുകൾ സത്യമായി. അർജന്റീനയുടെ വിജയത്തിൽ മാർട്ടിനെസ് എന്ന ഗോളിയുടെ മാന്ത്രിക കൈകൾ പ്രധാന പങ്ക് വഹിച്ചു.

അർജന്റീനയുടെ വിജയത്തിന് ശേഷം നടന്ന ഫാൻ പോരുകളിൽ എംബാപ്പെ പ്രധാന കഥാപാത്രമായി ഉയർന്നു. ഗോൾഡൻ ഗ്ലൗ സ്വന്തമാക്കിയ മാർട്ടിനെസിനെ ഫൈനലിൽ മറികടന്ന മൂന്ന് ഗോളുകൾ ഉൾപ്പെടെ നേടിയ 8 ഗോളുകൾ എംബാപ്പെയ്ക്ക് സുവർണ്ണ പാദുകം സമ്മാനിച്ചു. മെസ്സിയോളം തന്നെ ഗോൾഡൻ ബോളിന് എംബാപ്പെയും അർഹനാണെന്ന് ഒരു വിഭാഗം വാദങ്ങൾ ഉയർത്തി. അർജന്റീനയുടെയും മാർട്ടിനെസിന്റേയും വിജയാഹ്ലാദങ്ങൾ വിവാദത്തിന് തിരികൊളുത്തി.

സോഷ്യൽ മീഡിയ വീണ്ടും ചേരി തിരിഞ്ഞു തർക്കത്തിൽ ഏർപ്പട്ടു. പൊളിറ്റിക്കൽ കറക്ട്നെസിന്റേയും റേസിസത്തിന്റേയും പേരിൽ ഒരു പക്ഷവും വിജയാഹ്ലാദത്തിന്റെ ശൈലിയെന്നു മറുപക്ഷവും വാദിച്ചു. മാർട്ടിനെസിന്റെ ഗോൾഡൻ ഗ്ലൗ പിടിച്ചുള്ള ആംഗ്യവും കുഞ്ഞിന്റെ രൂപമുള്ള പാവയിൽ എംബാപ്പയുടെ തല ചേർത്ത് വിജയാഹ്ലാദത്തിനിടയിൽ കാണിച്ച അശ്ലീലാംഗ്യവും അഗ്യൂറോയുടെ പരാമർശവും വിമർശന വിധേയമായി.

‘യൂറോപ്പിൽ ഉയർന്ന നിലവാരത്തിലുള്ള കളി നടക്കുന്നത് യൂറോപ്യൻ രാജ്യങ്ങൾക്ക് ഗുണപ്രദമാണെന്നും ലാറ്റിനമേരിക്കയിൽ ബ്രസീലിനും അർജന്റീനയ്ക്കും അത്ര വലിയ വെല്ലുവിളികൾ ഇല്ല’ എന്നുമുള്ള എംബാപ്പയുടെ ആക്ഷേപത്തിനുള്ള മറുപടി മാത്രമാണ് മാർട്ടിനെസിന്റെയും അഗ്യൂറോയുടേയും ഭാഗത്ത് നിന്നുണ്ടായത് എന്നതാണ് ന്യായീകരണ വിഭാഗം പറയുന്നത്. എംബാപ്പെ പറഞ്ഞത് ശരിയായ അർത്ഥത്തിൽ ചിന്തിച്ചാൽ വാസ്തവമാണ്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീലിനും അർജന്റീനയ്ക്കും വെല്ലുവിളികൾ ഇല്ല. എന്നാൽ യൂറോപ്പിലെ സ്ഥിതി മറിച്ചാണ്. നാലുതവണ ലോക ചാമ്പ്യൻമാരായ 2020-ലെ യൂറോ ചാമ്പ്യൻമാരായ ഇറ്റലി ലോകകപ്പ് കാണാതെ യോഗ്യതാ മത്സരങ്ങൾ പരാജയപ്പെട്ട് പുറത്തായി. ഇറ്റലി പുറത്തായതു കൊണ്ടു മാത്രം പോർച്ചുഗൽ യോഗ്യത നേടി. എന്നാൽ എംബാപ്പെ ലാറ്റിനമേരിക്കൻ ഫുട്ബോളിനെ അപമാനിച്ചു എന്ന തരത്തിലുള്ള പ്രചരണമാണ് അവർ ഉയർത്തിയത്.

ആരാധകരുടെ പോരിനും വെല്ലുവിളികൾക്കുമപ്പുറം യൂറോപ്പിന്റേയും ലാറ്റിനമേരിക്കയുടേയും നിറം കുറഞ്ഞവരോടുള്ള വെറുപ്പിന്റേയും വിദ്വേഷത്തിന്റെയും കലങ്ങൽ ഓരോ പ്രവൃത്തിയിലും വായിച്ചെടുക്കാനാവും.

ലോകത്ത് തന്നെ ഏറ്റവും അധികം വംശീയ മിശ്രണം നടന്നിട്ടുള്ളത് ലാറ്റിനമേരിക്കൻ വംശജരിലാണ്. യൂറോപ്പ് – ആഫ്രിക്ക – അമേരിക്കൻ വംശജരുടെ പിൻമുറക്കാരാണ് ലാറ്റിനമേരിക്കക്കാർ. എന്നാൽ അങ്ങനെയൊരു വംശീയ മിശ്രണം നടന്നിട്ടില്ല എന്നും യൂറോപ്പിൽ നിന്ന് പ്രത്യേകിച്ച് സ്പെയിനിൽ നിന്നും കുടിയേറിയവരാണ് തങ്ങൾ എന്നുമുള്ള വാദം ഉയർത്തിയിരുന്ന രാജ്യമാണ് അർജന്റീന. തങ്ങളുടെ ഭരണഘടനയിൽപ്പോലും ആ വാദത്തെ തുന്നിച്ചേർക്കുകയാണുണ്ടായത്. അതിനെ സാധൂകരിക്കാൻ സെൻസസുകളിൽ കൃത്രിമത്വം കാണിച്ചു. കറുത്ത വിഭാഗക്കാരോട് പ്രത്യേകിച്ചും ആഫ്രിക്കൻ വംശജരോടും കുടിയേറ്റക്കാരോടും അർജന്റീനൻ സർക്കാരിന്റെ നയങ്ങൾ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ലാറ്റിനമേരിക്കയിലെ വെളുത്തവർ ഉത്കൃഷ്ട ബോധം ചുമന്ന് ജീവിക്കുകയും യൂറോപ്യൻ വംശജരാണ് എന്ന് അഭിമാനിക്കുകയും ചെയ്തിരുന്ന ഒരു വിഭാഗമായിരുന്നു അർജന്റീനക്കാർ.

ഒടുവിൽ വലിയ വിമർശനങ്ങൾക്കു ശേഷം നടന്ന ജനിതക പഠനങ്ങളിൽ അർജന്റീനക്കാർ ആഫ്രിക്കക്കാരുടെ വംശീയ മിശ്രണമാണ് എന്ന തെളിവുകൾ പുറത്തു വന്നതോടെ അതുവരെ അവർ നടത്തിയിരുന്ന സവർണ്ണ മേലാളിത്തത്തിന് ലോകത്തിനു മുന്നിൽ തല കുനിക്കേണ്ടി വന്നു. കറുത്തവരുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ചിരുന്ന ഗവേഷക അലി ദെൽഗാദോ അർജന്റീനക്കാരോട് പറഞ്ഞത് “ക്ലോസറ്റിൽ ഉപേക്ഷിച്ച നിങ്ങളുടെ ആഫ്രിക്കൻ മുത്തശ്ശിയെ ഇനിയെങ്കിലും തിരകെ കൊണ്ടു പോകണം” എന്നായിരുന്നു. കറുത്ത വർഗ്ഗക്കാരോടുള്ള അർജന്റീനക്കാരുടെ സമീപനം അത്രയേറെ മോശമായിരുന്നു.

ഈ സാഹചര്യത്തിൽക്കൂടിയാണ് മാർട്ടിനെസിന്റെ ആഹ്ലാദ പ്രകടനം ചർച്ച ചെയ്യപ്പെടുന്നത്. അർജന്റീനൻ ഭരണകൂടത്തിന്റെ കറുത്തവരോടുള്ള വിവേചനം തുറന്നുകാട്ടപ്പെടുമ്പോൾ, മറ്റു ലാറ്റിനമേരിക്കൻ ടീമുകളിൽ നിന്നും വ്യത്യസ്തമായി അർജന്റീന ഫുട്ബോൾ ടീമിൽ കറുത്ത വിഭാഗക്കാർ ഇല്ല എന്നത് കൂടി കാണേണ്ടിവരും. യൂറോപ്യൻ രാജ്യങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരെ പൗരത്വം നൽകി സ്വീകരിക്കുമ്പോഴാണ് അർജന്റീന കറുത്ത വർഗ്ഗക്കാരോട് പ്രത്യക്ഷ വിവേചനം കാണിക്കുന്നത്.

2014 – ലെ ഫൈനലിൽ അർജന്റീനയെ പരാജയപ്പെടുത്തിയ ശേഷം ടീമംഗങ്ങൾ നടത്തിയ ഗൗച്ച ഡാൻസ്, യൂറോ കപ്പിൽ ഫ്രാൻസിന് വേണ്ടി പെനാൽറ്റി പാഴാക്കിയ എംബാപ്പയ്ക്ക് നേരെ നടന്ന വംശീയാക്രമണം, 2022 ഫൈനലിൽ ഷൂട്ടൗട്ട് പാഴാക്കിയ കോമനും ഷുവാമനിക്കും എതിരെ നടക്കുന്ന വംശീയാധിക്ഷേപങ്ങൾ പരിശോധിച്ചാൽ ലാറ്റിനമേരിക്കയിൽ മാത്രമല്ല, ലോകത്തിന്റെ എല്ലായിടത്തും ഇപ്പോഴും ഇത്തരം പ്രവണതകൾ രൂക്ഷമായി നടക്കുന്നു എന്ന് കാണാൻ കഴിയും. ജർമ്മനി ലാറ്റിനമേരിക്കൻ കളിക്കാരുടെ ഉയരക്കുറവിനെ പരിഹസിച്ച് നടത്തിയ ഡാൻസിനെതിരെ ജർമ്മൻ ആരാധകരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും വിമർശനം ഉയർന്നു എന്നത് കാണാതിരിക്കാനാവില്ല. പ്രതിഷേധങ്ങൾക്കൊടുവിൽ തങ്ങൾ അങ്ങനെ ഉദ്ദേശിച്ചല്ല നൃത്തം ചെയ്തത് എന്ന് ടീമംഗങ്ങൾക്ക് പറയേണ്ടി വന്നു. അങ്ങനെയല്ലെങ്കിൽപ്പോലും! ഫ്രഞ്ച് ഫുട്ബോൾ മാനേജ്മെന്റും ആരാധകരുടെ ഒപ്പമല്ല മറിച്ച് ടീമംഗങ്ങൾക്ക് ഒപ്പം നിൽക്കുകയാണ് ചെയ്തത്. ഇവിടെയാണ് അർജന്റീനൻ കളിക്കാരുടെ പ്രവൃത്തി ചോദ്യം ചെയ്യപ്പെടുന്നത്.

ലാറ്റിനമേരിക്കയിൽ ബ്രസീലിനും കൊളംബിയക്കും പിന്നിലാണ് ജനസംഖ്യയിൽ അർജന്റീനയുടെ സ്ഥാനം. മെച്ചപ്പെട്ട അടിസ്ഥാന വികസനത്തിൽ ബ്രസീലിന് പിന്നിലും. എന്നിരുന്നാലും സാമ്പത്തിക ചൂഷണം അധികം നടക്കുന്ന രാജ്യം കൂടിയാണ് അർജന്റീന. പണക്കാരും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കൂടുതലും. ദാരിദ്രത്തിന്റെയും വിവേചനത്തിന്റേയും അസമത്വത്തിന്റേയും ഇടയിലാണ് ലാറ്റിനമേരിക്കൻ തെരുവുകളിൽ തുകൽപ്പന്ത് തട്ടിക്കളിക്കുന്ന കുട്ടികൾ ജീവിക്കുന്നത്.

ദാരിദ്ര്യത്തിൽ നിന്നും യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിന്റെ സ്വപ്നം നിറച്ച പന്തുകളാണ് അവർ തട്ടിക്കളിക്കുന്നത്. ലാറ്റിനമേരിക്കൻ കളിയിടങ്ങളിൽ നിരന്തരം കണ്ണുനട്ടിരിക്കുന്ന യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളുടെ ശ്രദ്ധ കിട്ടാനുള്ള ശ്രമമാണ് ഓരോരുത്തരും നടത്തുക. അതിൽ വിജയിക്കുന്നവർ മുന്നേറുകയും പരാജയപ്പെടുന്നവർ ആ തെരുവുകളിൽത്തന്നെ ഒടുങ്ങുകയും ചെയ്യുന്നു. ലാറ്റിനമേരിക്കൻ ഫുട്ബോളിൽ വലിയ നിക്ഷേപങ്ങൾ നടത്തുന്നത് യൂറോപ്യൻ ക്ലബ്ബുകളാണ്. അവരുടെ അക്കാദമികളിലേക്ക് കഴിവുള്ള കുട്ടികളെ കണ്ടെത്തി വളർത്തിയെടുക്കുന്നതിൽ ക്ലബ്ബുകൾക്ക് വലിയ പങ്കുണ്ട്.

ബാഴ്സലോണ മെസ്സിയെ കണ്ടെത്തിയിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഇതുപോലെ ആഘോഷിക്കാൻ ഒരു മിശിഹ പിറവിയെടുക്കുമായിരുന്നില്ല. ഫുട്ബോളിന് ഒട്ടും യോജിക്കാത്ത ശരീരപ്രകൃതിയുള്ള അസുഖക്കാരനായ ഒരു ബാലനിൽ അസാമാന്യ പ്രതിഭയുണ്ട് എന്ന് തിരിച്ചറിഞ്ഞത് ബാഴ്സലോണയാണ്. മെസ്സിക്ക് മുമ്പും ശേഷവും ഇപ്പോഴും അത് തുടർന്നു കൊണ്ടിരിക്കുന്നു.

കഴിവുള്ള കളിക്കാർ പണത്തിനും പ്രശസ്തിക്കുമായി യൂറോപ്യൻ ക്ലബ്ബുകളിലേക്ക് ചേക്കേറുന്നു. അവിടെ അവർ ആരാധകരെ സൃഷ്ടിക്കുന്നു. പഴയ കാലത്ത് ലാറ്റിനമേരിക്കൻ ലീഗുകളിൽ മത്സരിക്കാൻ ധാരാളം അവസരങ്ങൾ കളിക്കാർക്ക് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആ അവസരം ഇല്ല. ക്ലബ്ബുകളും ലീഗുകളും വിരലിലെണ്ണാവുന്ന വിധം കുറഞ്ഞു. നിലവാരമുള്ള ലീഗുകൾ ലാറ്റിനമേരിക്കയിൽ നിന്നും അപ്രത്യക്ഷമായി. ലോകത്തിലെ ഫുട്ബോളിനെ നിയന്ത്രിക്കുന്നത് യൂറോപ്യൻ ശക്തികളാണ്. അതിന് സാമ്പത്തികം വലിയ ഘടകവുമാണ്. ഈ ലോകകപ്പോടു കൂടി ഏഷ്യൻ – ആഫ്രിക്കൻ രാജ്യങ്ങളുടെ മുന്നേറ്റം നമ്മൾ കണ്ടു. അർജന്റീനയെ തോൽപ്പിച്ച സൗദി. യൂറോപ്പിലെ വൻ ശക്തികളായ ജർമ്മനിയേയും സ്പെയിനേയും തോല്പിച്ച ജപ്പാൻ . പോർച്ചുഗലിന്റെ വഴി മുടക്കിയ മൊറോക്കോ.

ഏഷ്യയിലും ആഫ്രിക്കയിലും അറബ് നാടുകളിലും ലീഗുകളും ക്ലബ്ബുകളുമുണ്ട്. പക്ഷേ, എത്ര കളിക്കാരെ, ക്ലബ്ബുകളെ, ലീഗുകളെ നമുക്കറിയാം. ലാറ്റിനമേരിക്കയിലെ ക്ലബ്ബുകളെപ്പറ്റിപ്പോലും നമുക്കുള്ള അറിവ് വളരെ പരിമിതമാണ്. ഓരോ മേഖലയിലും യൂറോപ്യൻ വമ്പൻമാർ നിക്ഷേപം നടത്തുന്നതും കളിക്കാരെ കണ്ടെത്തുന്നതും ക്ലബ്ബുകളുടെ ഉന്നമനത്തിനാണ്.

നമ്മുടെ രാജ്യത്ത് 140 കോടി ജനങ്ങളിൽ ഫുട്ബോൾ കളിക്കാനറിയുന്നവർ ഇല്ലാത്തതു കൊണ്ടല്ല അവരെ കണ്ടെത്താനും വളർത്താനുമുള്ള സംവിധാനം നിലവിലില്ല എന്നത് കൊണ്ടാണ്. വെസ്റ്റ് ബംഗാളിലേയും കേരളത്തിലേയും ഫുട്ബോളിന് എന്ത് പറ്റി എന്നതിന് വലിയ അന്വേഷണത്തിന്റെ ആവശ്യമൊന്നുമില്ല. തിരുവനന്തപുരത്തെ കടലോരങ്ങളിൽ പന്തു തട്ടിപ്പഠിച്ചവരും മലബാറിന്റെ പൊടി മണ്ണിൽ പന്തുകളിൽ ജീവൻ നിറച്ചവരുമെല്ലാം ഇന്ന് ജീവിത മാർഗ്ഗത്തിനായി പലവഴികൾ തേടുകയാണ്. നമുക്കറിയാവുന്ന ഐ.എം.വിജയനും ബൂട്ടിയയും സുനിൽ ഛേത്രിയുമൊന്നുമല്ലാത്ത അനേകം പ്രതിഭാശാലികളെ കണ്ടെത്താൻ ആരുമില്ലാതെ പോയതു കൊണ്ടാണ് ഇന്ത്യയിൽ വച്ച് ഫുട്ബോൾ നടക്കുമ്പോൾ നമുക്കും കൊടി പിടിക്കാം എന്ന് കേൾക്കേണ്ടി വരുന്നത്.

നമ്മൾ ഊറ്റം കൊള്ളുന്ന ലാറ്റിനമേരിക്കൻ ഫുട്ബോൾ വസന്തം യൂറോപ്യൻ സമ്പത്തിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്. നാളൊരു കാലത്ത് ആഫ്രിക്കയിലേക്കോ ഏഷ്യയിലേക്കോ പണമെറിഞ്ഞാൽ അവസാനിച്ചു പോകാവുന്ന ഫുട്ബോൾ വസന്തം മാത്രമേ ലാറ്റിനമേരിക്കയിലുള്ളൂ. എന്നാൽ കണ്ടെത്താൻ കഴിയാതെ പോകുന്ന പ്രതിഭകൾക്ക് ഒട്ടും കുറവുണ്ടാവുകയുമില്ല.

 

Exit mobile version