ഭാരത് ജോഡോ യാത്ര നിർത്തിവെക്കില്ല; കൊവിഡ് നിയന്ത്രണം കേന്ദ്രം ഔദ്യോഗികമായി പ്രഖ്യാപിക്കട്ടെ: കെ.സി. വേണുഗോപാൽ

ഭാരത രക്ഷായാത്രയല്ല കുടുംബ രക്ഷ യാത്രയാണ് നടക്കുന്നതെന്ന് പരിഹാസവുമായി ബിജെപി അതിനിടെ രംഗത്ത് വന്നിട്ടുണ്ട്

ഡൽഹി: ഭാരത് ജോഡോ ഒരു കാരണവശാലും നിർത്തി വയ്ക്കില്ലെന്ന് കെ.സി വേണുഗോപാൽ. നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കട്ടെയെന്നും എന്നിട്ട് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഭാരത രക്ഷായാത്രയല്ല കുടുംബ രക്ഷ യാത്രയാണ് നടക്കുന്നതെന്ന് പരിഹാസവുമായി ബിജെപി അതിനിടെ രംഗത്ത് വന്നിട്ടുണ്ട്. ഹരിയാന അതിർത്തിയായ ബദർപുരിൽ നിന്ന് ഇന്ന് രാവിലെ 6 മണിക്കാണ് ദില്ലിയിൽ ഭാരത് ജോഡോ യാത്രക്ക് തുടക്കമായത്. ഐപിഒയിൽ നിന്ന് ഉച്ചയ്ക്ക് രണ്ടരയോടെ നടൻ കമൽ ഹാസനടക്കമുള്ളവർ യാത്രയിൽ അണിനിരക്കുന്നുണ്ട്. പുരാന ഖില, ഇന്ത്യാ ഗേറ്റ് എന്നിവിടങ്ങളിലൂടെയുള്ള യാത്ര വൈകുന്നേരം ചെങ്കോട്ടക്ക് സമീപം സമാപിക്കും. ഒൻപത് ദിവസത്തെ ഇടവേളക്ക് ശേഷം ജനുവരി മൂന്നിന് യാത്ര തുടരും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചേ യാത്ര തുടരാവൂവെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു. പൊതു നിർദ്ദേശങ്ങൾ അംഗീകരിക്കുമെന്നും നിയന്ത്രണങ്ങളുടെ പേരിൽ യാത്ര അവസാനിപ്പിക്കാനുള്ള നീക്കം തടയുമെന്നുമാണ് കോൺഗ്രസിന്റെ നിലപാട്.

ഇന്നലെ ഭാരത് ജോഡോ യാത്രക്ക് നോട്ടീസ് നല്‍കിയ സാഹചര്യം പാര്‍ലമെന്‍റില്‍ ആരോഗ്യമന്ത്രി വിശദീകരിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രിമാരായ അനുരാഗ് താക്കൂറും, പ്രള്‍ഹാദ് ജോഷിയും കോണ്‍ഗ്രസിനെതിരെ നിലപാട് കടുപ്പിച്ചിരുന്നു. ദേശീയ പാര്‍ട്ടിയാണെന്ന ഉത്തരവാദിത്തം കോണ്‍ഗ്രസ് മറക്കരുതെന്നും, യാത്ര അവസാനിക്കാന്‍ ഒരു മാസം കൂടി അവശേഷിക്കേ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ എങ്ങനെ മുന്‍പോട്ട് പോകുമെന്നും മന്ത്രിമാര്‍ ചോദിച്ചു. കോണ്‍ഗ്രസ് പ്രതിരോധം കടുപ്പിക്കുമ്പോള്‍ സര്‍ക്കാരും പിന്നോട്ടില്ലെന്ന സൂചനയാണ് മന്ത്രിമാര്‍ നല്‍കുന്നത്.

Exit mobile version