വാഷിങ്ടണ്‍: കാപ്പിറ്റോൾ കലാപത്തിന്‍റെ സൂത്രധാരൻ മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപെന്ന് റിപ്പോർട്ട്. യു.എസ് പാര്‍ലമെന്റായ കോണ്‍ഗ്രസ് നിയോഗിച്ച സമിതിയുടേതാണ് അന്തിമ റിപ്പോർട്ട്. ട്രംപിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും കാപ്പിറ്റോൾ ആക്രമിക്കുന്നതിൽ നിന്ന് അനുയായികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ലെന്നുമാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ. അത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാൻ ഡൊണാൾഡ് ട്രംപിനെ പൊതു ചുമതലകൾ നിർവഹിക്കാൻ അനുവദിക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നു.
https://youtu.be/CAghX_X-Qwo
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ട്രംപിന് വലിയ തിരിച്ചടിയാണ് ഈ റിപ്പോർട്ട്. ഫെഡറൽ, സംസ്ഥാന, സൈനിക മേഖലകളിൽ ഉൾപ്പെടെ പൊതു പദവികൾ വഹിക്കുന്നതിൽ നിന്ന് ട്രംപിനെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെയും തടയുന്നതിനുള്ള നിയമനിർമ്മാണം, തിരഞ്ഞെടുപ്പ് നിയമങ്ങൾ പരിഷ്കരിക്കൽ എന്നിവ സമിതിയുടെ ശുപാർശകളിൽ ഉൾപ്പെടുന്നു.
18 മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഒമ്പതംഗ സമിതി എട്ട് അധ്യായങ്ങളുള്ള അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. ആയിരത്തിലധികം സാക്ഷികളെ കാണുകയും പത്തോളം വിചാരണകൾ പൂർത്തിയാക്കുകയും ചെയ്ത ശേഷമാണ് 814 പേജുള്ള റിപ്പോർട്ട് വ്യാഴാഴ്ച പ്രസിദ്ധീകരിച്ചത്. കലാപത്തിൽ നേരിട്ട് പങ്കെടുത്തവരും ട്രംപുമായി അടുത്ത ബന്ധമുള്ളവരും ഇതിൽ ഉൾപ്പെടുന്നു.
Discussion about this post