തിരുവനന്തപുരം: പൊതു സമൂഹം അംഗീകരിക്കാത്ത പ്രവര്‍ത്തനങ്ങളുണ്ടായാല്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന് പാര്‍ട്ടി അംഗങ്ങളെയും നേതാക്കളേയും ഓര്‍മ്മിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുണ്ടോയെന്ന് പാര്‍ട്ടി പരിശോധിക്കും. സംഘടനാ രംഗത്തെ അടിയന്തര കടമകള്‍ എന്ന രേഖ സിപിഎം അംഗീകരിച്ചു.
അനധികൃത ഇടപാടുകളും ധനസമ്പാദനവും ലഹരി ഉപയോഗവും മുതല്‍ പീഡനക്കേസുകള്‍ വരെ ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണങ്ങള്‍ പലത് പുറത്ത് വന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സെക്രട്ടറി നിലപാട് കടുപ്പിച്ചത്. തുടര്‍ ഭരണത്തിന്റെ തണലില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒരു ഇടപെടലും ഇനി വച്ചു പൊറുപ്പിക്കില്ല.
കമ്യൂണിസ്റ്റ് മൂല്യങ്ങളില്‍ ഉറച്ചുനിന്ന് രാഷ്ട്രീയപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകണം. ജനങ്ങള്‍ അംഗീകരിക്കാത്ത ഒരു പ്രവണതയും വച്ചുപൊറുപ്പിക്കില്ല. ഇത്തരം പ്രവണതകളെ ഓരോ ഘട്ടത്തിലും ഇടപെട്ട് തിരുത്തും. വെള്ളം കടക്കാത്ത അറകളുള്ള കമ്പാര്‍ട്ട്‌മെന്റല്ല സിപിഎമ്മെന്ന് പറഞ്ഞ എംവി ഗോവിന്ദന്‍ തുടര്‍ ഭരണ പശ്ചാത്തലത്തില്‍ ജാഗ്രതയോടെ പെരുമാറണമെന്ന മുന്നറിയിപ്പും നല്‍കി
തിരുവനന്തപുരത്ത് ലഹരിവിരുദ്ധപരിപാടിയില്‍ പങ്കെടുത്തശേഷം ബാറില്‍ കയറി മദ്യപിച്ച ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗത്തെയും നേമം ഏരിയ പ്രസിഡന്റിനേയും ഇന്നലെ പുറത്താക്കിയിരുന്നു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെ സമാനമായ ആരോപണമുണ്ട്. ഫ്രാക്ഷന്‍ വിളിച്ച് സംസ്ഥാന സെക്രട്ടറി തന്നെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ഇത്തരം പ്രവണതകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനും സംസ്ഥാന സമിതിയില്‍ ഉയര്‍ന്നു.
Discussion about this post