കൊവിഡില്‍ ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി; പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാന്‍ നിര്‍ദ്ദേശം

ഡല്‍ഹി: മാസ്‌കുള്‍പ്പടെയുള്ള കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ആശുപത്രികള്‍ സജ്ജമാക്കണമെന്നും രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ച് ചേര്‍ത്ത ഉന്നത തലയോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. മൂക്കിലൂടെ നല്‍കാവുന്ന വാക്‌സീന്‍ അടുത്തയാഴ്ച വിതരണത്തിനെത്തും.

ചൈനയില്‍ സാമൂഹ്യ വ്യാപനത്തിനിടയാക്കിയ കൊവിഡ് വകഭേദം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. വരാനിരിക്കുന്ന ഉത്സവ കാലങ്ങളിലുള്‍പ്പടെ മാസ്‌ക് ധരിക്കുന്നത് കര്‍ശനമാക്കണം, കൊവിഡ് പരിശോധനയും ജനിതക ശ്രേണീകരണ നിരക്കും വര്‍ധിപ്പിക്കണം. വാക്‌സിനേഷന്റെ മുന്‍കരുതല്‍ ഡോസ് വിതരണം ഊര്‍ജ്ജിതമാക്കണം, സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ പ്ലാന്റുകളും വെന്റിലേറ്ററുകളും അടക്കം ആശുപത്രി സൗകര്യങ്ങള്‍ സജ്ജമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ മാസ്‌കുള്‍പ്പടെയുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രിയും പറഞ്ഞു.

 

Exit mobile version