ചങ്ങനാശ്ശേരി: ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി എന്‍എസ്എസ്. ബഫര്‍ സോണിന്റെ പേരില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വന്നാല്‍ സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കി. ബഫര്‍സോണുമായി ബന്ധപ്പെട്ട പ്രശ്‌നം നിലനില്‍ക്കുന്ന എല്ലാ പഞ്ചായത്തുകളിലും വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതികള്‍ രൂപീകരിക്കണം. സുപ്രീംകോടതിയില്‍ നിന്നുള്ള സമയം നീട്ടി കിട്ടാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ബഫര്‍ സോണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ബഫര്‍സോണില്‍ വിവാദമായ ഉപഗ്രസര്‍വ്വെ റിപ്പോര്‍ട്ട് മാറ്റി 2021 ല്‍ കേന്ദ്രത്തിന് നല്‍കിയ സീറോ ബഫര്‍സോണ്‍ റിപ്പോര്‍ട്ട് അടിസ്ഥാന രേഖയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് തന്നെ ഭൂപടം അടങ്ങിയ സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് പരാതികള്‍ കേള്‍ക്കും. അതേ സമയം ഉപഗ്രഹസര്‍വ്വെ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ നല്‍കുമോ എന്നതില്‍ സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കുന്നില്ല. ഉപഗ്രഹ സര്‍വേയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും കേള്‍ക്കുമെന്നും ഫില്‍ഡ് സര്‍വേയിലൂടെ എല്ലാം പരിഹരിക്കുമെന്നും ഇന്ന് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി.