ന്യൂഡൽഹി∙ ശക്തമായ കോവിഡ് നിയന്ത്രണങ്ങൾ (സീറോ–കോവിഡ് നയം) പിൻവലിച്ചതിനുപിന്നാലെ ചൈനയിൽ വൻതോതിൽ കേസുകൾ വർധിക്കുന്നു. ആശുപത്രികൾ നിറഞ്ഞു കവിയുകയും ശ്മശാനങ്ങളിൽ സംസ്കാരത്തിന് സ്ഥലം ലഭ്യമല്ലാതെയാകുകയും ചെയ്യുന്ന അവസ്ഥയാണ്. കുറഞ്ഞത് 60 ശതമാനത്തോളം പേർക്കെങ്കിലും ചൈനയിൽ അടുത്ത 90 ദിവസത്തിനുള്ളിൽ കോവിഡ് പിടിപെടാമെന്നാണ് കണക്കാക്കുന്നത്. ഒരുവർഷത്തോളം കാത്തിരുന്ന് പതിയെ വേണമായിരുന്നു ചൈന സീറോ–കോവിഡ് നയത്തിൽനിന്നു പിന്നോട്ടു പോകാനെന്ന അഭിപ്രായമാണ് വിദഗ്ധർ പുലർത്തുന്നത്. മരുന്നുകളുടെ ക്ഷാമവും ചൈനയെ ബാധിക്കുന്നു. ആന്റിജൻ പരിശോധനാ കിറ്റുകൾ ലഭിക്കണമെങ്കിൽ കരിഞ്ചന്തയിൽനിന്നു വാങ്ങണമെന്ന അവസ്ഥയാണ് ചൈനയിൽ ഇപ്പോഴെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൈനയിൽ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കാം.
കൃത്യമായ മുന്നൊരുക്കമില്ലാതെയാണ് ചൈനീസ് സർക്കാർ സീറോ–കോവിഡ് നയത്തിൽനിന്നു പിന്നോട്ടു പോയത്. ഇത് ജനസംഖ്യയിലെ 10 ലക്ഷംപേരുടെ വരെ മരണത്തിനു കാരണമാകുമെന്നു പുതിയ പഠനം പറയുന്നു. നഗരമേഖലകളിൽനിന്നു ഗ്രാമങ്ങളിലേക്കും കോവിഡ് വ്യാപിക്കുകയാണ്. മൂന്നു വർഷത്തോളം അതിശക്തമായ നിയന്ത്രണങ്ങളാണ് ചൈനീസ് സർക്കാർ സ്വീകരിച്ചിരുന്നത്. ലോക്‌ഡൗണുകളും കേന്ദ്രീകൃത ക്വാറന്റൈനുകളും വൻതോതിലുള്ള പരിശോധനയും സമ്പർക്കപ്പട്ടിക പരിശോധിക്കലുമായി വൈറസിന്റെ വ്യാപനം തടയാനുള്ള മാർഗങ്ങൾ സ്വീകരിച്ചിരുന്നു. എന്നാൽ ഈ മാസം ആദ്യം ഈ നയത്തിൽനിന്ന് ചൈന പിന്നോട്ടുപോയി. മുതിർന്ന പൗരന്മാർക്ക് വാക്സിനേഷൻ നൽകുന്നതിൽ രാജ്യം പിന്നോട്ടുപോയി. ആശുപത്രികളിലെ ഇന്റൻസീവ് കെയർ ശേഷി വർധിപ്പിക്കാൻ നടപടിയെടുത്തില്ല. ആന്റിവൈറൽ മരുന്നുകളുടെ സ്റ്റോക് വർധിപ്പിക്കാൻ ശ്രമിച്ചില്ല – അങ്ങനെ മുന്നൊരുക്കങ്ങൾ നടത്താതെ ചൈന നയം പിൻവലിച്ചത് പാളി.
https://youtu.be/0prUU1PbAc0
ചൈനയിലെ ബെയ്ജിങ്ങിൽ നടന്ന കോവിഡ് പരിശോധനയിൽനിന്ന്. നിലവിൽ 144 കോടിയാണ് ചൈനീസ് ജനസംഖ്യ. അതിൽ 9,64,000 പേർ കോവിഡ് ബാധിച്ചു മരിക്കുമെന്നാണ് ഹോങ്കോങ് സർവകലാശാലയിലെ മൂന്ന് പ്രഫസർമാരുടെ പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ 10 ലക്ഷത്തിൽ 684 പേർക്ക് മരണം സംഭവിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. എല്ലാ പ്രവിശ്യകളിലും ഒരുപോലെ നയം പിൻവലിച്ചതുകൊണ്ട് ആശുപത്രികളുടെ ശേഷിയെക്കാളും ഒന്നര മുതൽ രണ്ടര തവണ വരെ അധികം രോഗികൾ ഉണ്ടാകും. അതേസമയം, ബൂസ്റ്റർ ഷോട്ടുകളും ആന്റിവൈറൽ മരുന്നുകളും എത്രയും പെട്ടെന്ന് ലഭ്യമാക്കിയാൽ ദുരന്ത സാഹചര്യത്തിൽനിന്ന് ചൈനയ്ക്ക് കരകയറാം.
ചൈനയുടെ നാഷനൽ ഹെൽത് മിഷന്റെ കണക്ക് അനുസരിച്ച് കോവിഡ് മൂലം മരിച്ചത് 5241 പേരാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച മാത്രം 3101 രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച 2733 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ചൈനയിൽ 3,86,276 ആക്ടീവ് കേസുകൾ ഉണ്ട്.
മറ്റു രാജ്യങ്ങൾ കോവിഡിനെ നിയന്ത്രിച്ചുനിർത്തി സാധാരണ നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ ശ്രദ്ധ പുലർത്തിയപ്പോൾ പക്ഷേ, ചൈന സീറോ–കോവിഡ് തന്ത്രമാണ് പയറ്റിയത്. അതായത് ഒരു കോവിഡ് കേസ് റിപ്പോർട്ട് ചെയ്താൽ, ലക്ഷണങ്ങൾ ഇല്ലെങ്കിലും നിർബന്ധിതമായി ആശുപത്രിയിൽ കഴിയണം. ഒരു ചെറിയ പ്രദേശത്ത് കോവിഡ് വ്യാപിച്ചാൽ അവിടെ ശക്തമായ ലോക്‌ഡൗൺ ഏർപ്പെടുത്തും. സംശയമുള്ള കേസുകളും സമ്പർക്കങ്ങളും ഉൾപ്പെടെ എല്ലാം ദീർഘകാല ഐസലേഷനു പാത്രമാകും. 250 ലക്ഷത്തിലധികം ആളുകൾ തിങ്ങിപ്പാർക്കുന്ന ഷാങ്ഹായ് മാർച്ച് മാസം മുഴുവൻ ലോക്‌ഡൗണിൽ ആയിരുന്നു,
ഇത്രയും ശക്തമായ ലോക്‌ഡൗണും മറ്റും ഏർപ്പെടുത്തി കോവിഡിനെ ‘ഇല്ലാതാക്കാൻ’ ചൈന ശ്രമിച്ചപ്പോൾ ജനതയിൽ വലിയൊരു വിഭാഗത്തിനു രോഗപ്രതിരോധശേഷി കുറഞ്ഞു. വാക്സീനുകൾക്കു പ്രതിരോധം ഏർപ്പെടുത്താവുന്നതിനു പരിധിയുമുണ്ട്. അതുകൊണ്ടുതന്നെ വളരെപ്പെട്ടെന്നു വ്യാപിച്ച ഒമിക്രോൺ വകഭേദത്തിനു സീറോ–കോവിഡ് നയത്തിന്റെ പ്രതിരോധം തകർക്കാൻ കഴിഞ്ഞു. മാർച്ചിലും ഏപ്രിലിലും ഇതാണ് സംഭവിച്ചത്. ഇപ്പോൾ സംഭവിക്കുന്നതും ഇതുതന്നെ.
ഇതുവരെ 350 കോടി വാക്സീൻ ഡോസുകൾ ചൈന വിതരണം ചെയ്തിട്ടുണ്ടെന്നാണ് അവർ വെളിപ്പെടുത്തിയിരിക്കുന്നത്. പക്ഷേ, 80 കഴിഞ്ഞവരിൽ വാക്സീൻ കാര്യമായി എത്തിയിട്ടില്ല. മാത്രമല്ല, തദ്ദേശീയമായി നിർമിച്ച സിനോവാക്, സിനോഫാം വാക്സീനുകളും ഫലപ്രാപ്തിയെക്കുറിച്ചും ചോദ്യം ഉയരുന്നു. വാക്സീൻ, കോവിഡ് കേസുകൾ, മരണം തുടങ്ങിയവയെക്കുറിച്ച് ചൈന പുറത്തുവിടുന്ന കണക്കുകളിലും രാജ്യാന്തര വിദഗ്ധർക്ക് വിശ്വാസമില്ല. വാക്സിനേഷന്റെ ഫലപ്രാപ്തി കുറയുകയും രോഗപ്രതിരോധ ശേഷം കുറയുകയും ചെയ്യുമ്പോൾ വർധിച്ച തോതിൽ രോഗം ജനങ്ങളെ കീഴ്പ്പെടുത്താനുള്ള സാധ്യത കൂടുതലാണ്.
ഓരോ രാജ്യത്തെ ജനങ്ങളും വ്യത്യസ്തരാണെന്ന് ഐസിഎംആർ എപിഡെമിയോളജിസ്റ്റ് ഡോ. സമിറൻ പാണ്ഡ പറയുന്നു. ‘‘2020ൽ എന്താണോ സംഭവിച്ചത് അത് ഇനി സംഭവിക്കില്ല. കാരണം വൈറസ് എങ്ങനെ പെരുമാറുന്നുവെന്ന് ഇപ്പോൾ നമുക്ക് അറിയാം. ജനങ്ങളുടെ രോഗപ്രതിരോധശേഷി എങ്ങനുണ്ടെന്നും വാക്സീനുകളുടെ ശേഷി എത്രത്തോളമെന്നും നമുക്ക് അറിയാം. ചൈനയിൽ വ്യാപനം ശക്തമായാലും അത്രത്തോളം ഇന്ത്യയെ ബാധിക്കുമെന്ന് കരുതുന്നില്ല’’ – ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഡോ. പാണ്ഡ പറഞ്ഞു.