ജയ്പുർ: 105 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റ് വീഴ്ത്തി തകർച്ചയിലേക്കു തള്ളിയിടാൻ ശ്രമിച്ച കേരളത്തിനെതിരെ, ദീപക് ഹൂഡയുടെ തകർപ്പൻ സെഞ്ചറിയുടെ ബലത്തിൽ രാജസ്ഥാൻ്റെ തിരിച്ചടി. രഞ്ജി ട്രോഫി ടെസ്റ്റ് മത്സരത്തിൽ ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ 87 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 310 റൺസ് എന്ന നിലയിലാണ്.
സൽമാൻ ഖാൻ (62*), മാനവ് സുതർ (6*) എന്നിവരാണ് ക്രീസിൽ. ദീപക് ഹൂഡ 133 റൺസെടുത്ത് പുറത്തായി. ഓപ്പണർ യാഷ് കോത്താരിയും (58) രാജസ്ഥാനുവേണ്ടി അർധസെഞ്ചുറി നേടി. ക്യാപ്റ്റൻ അശോക് മെനാരിയ ഡക്കായി.
ഓപ്പണർ അഭിജീത് തോമറിനെ വെറും 25 റൺസിന് നഷ്ടമായ രാജസ്ഥാൻ രണ്ടാം വിക്കറ്റിൽ മഹിപാൽ ലോംറോറും യാഷ് കോത്താരിയും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. തോമർ 15 പന്തിൽ നിന്ന് 10 റൺസ് നേടി. കോത്താരി 84 പന്തിൽ എട്ടു ബൗണ്ടറികളുടെ അകമ്പടിയോടെ 58 റൺസെടുത്തു. 50 പന്തിൽ മൂന്നു ബൗണ്ടറികളുടെ അകമ്പടിയോടെ 23 റൺസാണ് ലോംറോർ നേടിയത്.
Discussion about this post