കൊച്ചി: മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകള്‍ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളോ ഹോട്ടലുകളോ അല്ലെന്ന് ആരോഗ്യ സര്‍വ്വകലാശാല ഹൈക്കോടതിയില്‍. 18 വയസിലെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം സമൂഹത്തിന് നല്ലതല്ലെന്നും 25 വയസില്‍ മാത്രമാണ് ബുദ്ധിവികാസം പൂര്‍ണ്ണമാകുകയുള്ളൂവെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ രാത്രി നിയന്ത്രണം ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജിയിലാണ് ആരോഗ്യ സര്‍വകലാശാലയുടെ കര്‍ശന നിലപാട്. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഹോസ്റ്റല്‍ നടത്തിപ്പ് ചുമതലയുള്ളവര്‍ക്ക് ബാധ്യതയുണ്ട്. ഹോസ്റ്റല്‍ വിദ്യാഭ്യാസ ആവശ്യത്തിനും രാത്രി താമസത്തിനുമുള്ളതാണ്. ഹോട്ടലുകളോ മറ്റ് താമസ സൗകര്യങ്ങളോ പോലെയല്ല ഹോസ്റ്റല്‍ എന്നും നൈറ്റ് ലൈഫ് അനുവദിക്കാനാകില്ലെന്നും ആരോഗ്യ സര്‍വകലാശാലയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.
ക്യാമ്പസിലൂടെ പൊതുവഴി കടന്നുപോകുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ചുറ്റുമതില്‍ ഇല്ല. അതിനാല്‍ നിയന്ത്രണം വേണ്ടിവരും. ഹോസറ്റല്‍ നിയന്ത്രണം കാരണ വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിച്ചതായി പരാതിയൊന്നുമില്ല. രാത്രി 9 മണിക്ക് ലബ്രൈറികള്‍ അടക്കുന്നതിനാല്‍ 9.30 ന് ഹോസ്റ്റലില്‍ കയറണം എന്ന് പറയുന്നതില്‍ തെറ്റില്ല. നിയന്ത്രണങ്ങളില്‍ ലിംഗ വിവേചനമോ, മൗലികാവകാശങ്ങളുടെ ലംഘനമോ ഇല്ലെന്നും ആരോഗ്യ സര്‍വകലാശാല സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.