തിരുവനന്തപുരം: പുരയിടമോ കൃഷിയിടമോ ബഫര്‍സോണില്‍ ഉള്‍പ്പെടുന്ന അവസ്ഥ ഉണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പുരയിടവും കൃഷിയിടവും ഒഴിവാക്കി മാത്രമേ സോണ്‍ പ്രഖ്യാപിക്കു. സമരം നടത്താനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ബഫര്‍സോണില്‍ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ടിനൊപ്പം വ്യക്തിഗത വിവരങ്ങളുള്ള ഫീല്‍ഡ് സര്‍വ്വേ റിപ്പോര്‍ട്ടും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.
ജനുവരി ആദ്യവാരമാണ് ബഫര്‍സോണ്‍ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജൂണ്‍ മൂന്നിലെ ഉത്തരവ് പ്രകാരം ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് നല്‍കാനുളള സമയപരിധി ഈ മാസം തീരുകയാണ്. സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാണെങ്കിലും കനത്ത് പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ ആ റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്ന് മുഖ്യമന്ത്രി വരെ പറഞ്ഞു കഴിഞ്ഞു. എതിര്‍പ്പുകള്‍ തണുപ്പിക്കാന്‍ ഫീല്‍ഡ് സര്‍വ്വേ നടത്തുമെന്നാണ് സര്‍ക്കാരിന്റെ പുതിയ വാഗ്ദാനം. സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റര്‍ തയ്യാറാക്കിയ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം ഒരു സത്യവാങ് മൂലം കൂടി കോടതിയില്‍ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം.
ഉപഗ്രഹ സര്‍വ്വേ ബഫര്‍സോണ്‍ മേഖലയെകുറിച്ചുള്ള ആകാശ ദൃശ്യങ്ങള്‍ മാത്രമാണെന്ന് പറഞ്ഞ് നേരിട്ടു പരിശോധിച്ചുള്ള വ്യക്തിഗത റിപ്പോര്‍ട്ട് അനുബന്ധമായി സമര്‍പ്പിക്കാന്‍ അനുവാദം തേടാനാണ് ശ്രമം. എജിയോടും സുപ്രീം കോടതിയിലെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലിനോടും ഇതിന്റെ സാധ്യത തേടാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞു.