തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ തിരുവനന്തപുരത്തെ മലയോര മേഖലകളും പ്രതിഷേധത്തിലേക്ക്. നാളെ അമ്പൂരിയില്‍ പ്രതിഷേധം സംഗമം സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം. ബഫര്‍ സോണില്‍ നിന്ന് ജനവാസ മേഖലകളെ പൂര്‍ണമായും ഒഴിവാക്കണമെന്നും. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. കരുതല്‍ മേഖല വനാതിര്‍ത്തിയില്‍ തന്നെ നിലനിര്‍ത്തണമെന്നാണ് ആവശ്യം.
അതേസമയം ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പോര്‍മുഖം തുറന്നിരിക്കുകയാണ് ക്രൈസ്തവ സഭകള്‍. കോഴിക്കോടിന്റെ മലയോര മേഖലയില്‍ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്ത ജനജാഗ്രത യാത്രകള്‍ പ്രതിഷേധത്തിന്റെ നേര്‍ക്കാഴ്ചയായി. തെളിനീരൊഴുക്കിയ മലയോര ജനതയ്ക്ക്, ചോര ഒഴുക്കാനും അറിയാമെന്ന് താരമശ്ശേരി ബിഷപ്പ് മുന്നറിയിപ്പ് നല്‍കി. സഭാ പിന്തുണയോടെ കേരള കര്‍ഷക അതിജീവന സംയുക്ത സമിതി നടത്തിയ ജനജാഗ്രത യാത്രകളില്‍ കണ്ടത് വന്‍ ജനപങ്കാളിത്തമാണ്.