ന്യൂഡല്‍ഹി: എയിംസ് സെര്‍വര്‍ ഹാക്കിങ് അന്വേഷണത്തില്‍ സി.ബി.ഐയുടെ സഹായം തേടി ഡല്‍ഹി പൊലീസ്. ഐഎഫ്എസ്ഒ വിഭാഗം വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നോഡല്‍ ഏജന്‍സി സിബിഐക്ക് കത്തയച്ചു.
സൈബര്‍ ആക്രമണം നടത്തിയ ചൈനീസ് ഹാക്കര്‍മാര്‍ ഉപയോഗിച്ച ഐപി അഡ്രസിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇന്റര്‍പോളില്‍ നിന്ന് ലഭ്യമാക്കണമെന്നാണ് ഡല്‍ഹി പൊലീസിന്റെ ആവശ്യം.
ചൈനീസ് ഹാക്കര്‍മാരാണ് റാന്‍സംവെയര്‍ ആക്രമണത്തിനു പിന്നിലുള്ളതെന്നും ഹാക്കര്‍മാര്‍ 5 ഫിസിക്കല്‍ സെര്‍വറുകളിലേക്ക് കടന്നതായും ഐടി മന്ത്രാലയത്തിന്റെയും ഡല്‍ഹി പൊലീസിന്റെയും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
കഴിഞ്ഞ മാസമാണ് 4 കോടിയോളം രോഗികളുടെ വിവരങ്ങള്‍ അടങ്ങുന്ന സെര്‍വര്‍ ഹാക്ക് ചെയ്തത്.മുന്‍ പ്രധാനമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ജസ്റ്റിസുമാര്‍ തുടങ്ങിയ വിഐപികളുടെ ചികിത്സാവിവരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
കോവിഡ് വാക്‌സീന്‍ ഉള്‍പ്പെടെ വിവിധ മരുന്നുപരീക്ഷണങ്ങളും ഒട്ടേറെ വൈദ്യശാസ്ത്ര ഗവേഷണങ്ങളും എയിംസിലാണു നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം സൂക്ഷിച്ചിട്ടുള്ള സെര്‍വറാണു ചോര്‍ന്നത്.