ഷില്ലോങ്: ഖത്തറിലേതുപോലെ ഒരു ഉത്സവം ഇന്ത്യയിലും നടക്കുമെന്ന് ഫുട്‌ബോള്‍ ലോകകപ്പിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിവര്‍ണ പതാകയ്ക്കായി ജനങ്ങള്‍ ആര്‍ത്തുവിളിക്കും. അങ്ങനെയൊരു ദിനം വിദൂരമല്ലെന്നും മേഘാലയയിലെ ഷില്ലോങ്ങില്‍ അദ്ദേഹം പറഞ്ഞു. ഷില്ലോങ്ങില്‍ നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സിലിന്റെ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജി.കിഷന്‍ റെഡ്ഡി എന്നിവരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തു. നമ്മളിന്ന് ഖത്തറിലെ കളിയാണ് നോക്കുന്നത്. അവിടെ കളത്തില്‍ ഇറങ്ങിയിരിക്കുന്ന വിദേശ ടീമുകളെ നോക്കുന്നു. പക്ഷേ, ഈ രാജ്യത്തെ യുവജനതയില്‍ എനിക്ക് വിശ്വാസമുണ്ട്. അതുകൊണ്ട് ആ ദിനം വിദൂരമല്ലെന്ന് എനിക്ക് ഉറപ്പാണ്. അതുപോലൊരു ഉത്സവം ഇന്ത്യയില്‍ നമ്മള്‍ നടത്തും. അന്ന് ത്രിവര്‍ണ പതാകയ്ക്കുവേണ്ടി ജനം ആര്‍ത്തുവിളിക്കും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ എട്ടുവര്‍ഷം വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തെ ബാധിച്ച നിരവധി തടസ്സങ്ങള്‍ക്കുനേര്‍ക്ക് തന്റെ സര്‍ക്കാര്‍ ചുവപ്പു കാര്‍ഡ് വീശിയെന്നും ജോലി സംസ്‌കാരം പുതുക്കിയെന്നും മോദി കൂട്ടിച്ചേര്‍ത്തു.