ബന്ധുവായ സ്ത്രീയെ തലക്കടിച്ചു കൊലപ്പെടുത്തി ; 32-കാരന്‍ പിടിയില്‍

ശരീരം 10 കഷ്ണങ്ങളാക്കി നുറുക്കി വഴിയിൽ ഉപേക്ഷിക്കുവായിരുന്നു

ജയ്പൂര്‍ : രാജസ്ഥാനിലെ ജയ്പൂരില്‍ 64 കാരിയായ ബന്ധുവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം ശരീരം 10 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ ബന്ധുവായ യുവാവ്‌ പിടിയില്‍. അനൂജ് ശര്‍മ (32) യാണ് തന്നോടൊപ്പം താമസിച്ചിരുന്ന ബന്ധുവിനെ കൊലപ്പെടുത്തിയത്. ഡിസംബര്‍ 11 നായിരുന്നു കേസിനാസ്പദമായ സംഭവം.

അനൂജിന്റെ അച്ഛനും സഹോദരിയും വീട്ടിലില്ലാതിരുന്ന സമയത്ത് എന്തോ ആവശ്യത്തിനായി ഡല്‍ഹിയില്‍ പോകണമെന്ന് പറഞ്ഞ അനൂജിനെ സരോജ് തടഞ്ഞതോടെയാണ് ഇവര്‍ തമ്മില്‍ തര്‍ക്കമായത്. തുടര്‍ന്ന് ചായ തിളപ്പിച്ചുകൊണ്ടിരുന്ന സരോജിന്റെ തലയില്‍ അനൂജ് ചുറ്റിക കൊണ്ട് ആഞ്ഞടിക്കുകയായിരുന്നു. പിന്നീട്, ഇവരുടെ ശരീരം മാര്‍ബിള്‍ കട്ടറുപയോഗിച്ച് പത്തു കഷ്ണങ്ങളാക്കി ഹൈവേയിലെ ഒതുങ്ങിയ സ്ഥലത്ത് ഉപേക്ഷിച്ചു. ബക്കറ്റുകളിലും സ്യൂട്ട്‌കേസിലുമായാണ് അനൂജ് ശരീരഭാഗങ്ങള്‍ കടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനുശേഷം ബന്ധുവിനെ കാണാനില്ലെന്നു പറഞ്ഞ് ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയും കുടുംബത്തിലെ മറ്റുള്ളവരോടൊപ്പം സരോജിനായി അന്വേഷണവും നടത്തുകയും ചെയ്തു.

സരോജിനായി പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് അനൂജിന്റെ മൊഴിയില്‍ വൈരുദ്ധ്യം ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക അന്വേഷണത്തില്‍ ഇയാള്‍ സ്യൂട്ട്‌കേസും ബക്കറ്റുകളുമായി വീട്ടില്‍നിന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സരോജിനെ താന്‍ കൊലപ്പെടുത്തിയതാണെന്ന് അനൂജ് പോലീസിനോട് സമ്മതിച്ചത്.

https://youtu.be/hqSQ9EvKx_Y

ജയ്പൂരിലെ വിദ്യാധര്‍ നഗറിലാണ് അനൂജ് താമസിച്ചിരുന്നത്. അച്ഛന്‍, സഹോദരി, കൊല്ലപ്പെട്ട ബന്ധു സരോജ എന്നിവരോടൊപ്പമാണ് അനൂജ് താമസിച്ചിരുന്നത്. ഭര്‍ത്താവിന്റെ മരണത്തിന് ശേഷം സരോജ് ഇവരുടെ കൂടെയായിരുന്നു താമസം. കഴിഞ്ഞ വര്‍ഷത്തെ കോവിഡ് തരംഗത്തില്‍ അനൂജിന്റെ അമ്മയും മരണപ്പെട്ടിരുന്നു.

ബിടെക് ബിരുദധാരിയാണ് അനൂജ്. ഇയാള്‍ക്ക് കൊലപാതകം നടത്തിയതില്‍ യാതൊരു കുറ്റബോധവുമില്ലെന്നും മനോരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നയാളാണെന്നും ജയ്പൂര്‍ കമ്മീഷണര്‍ ആനന്ദ് ശ്രീവാസ്തവ് പറഞ്ഞു. കൃത്യം നടക്കുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ കൊല്ലപ്പെട്ട സരോജ് ഒരിക്കല്‍ പോലും വീടിനു പുറത്തേക്കുപോകുന്നതായി കാണുന്നില്ല. എന്നാല്‍ പെട്ടിയും ബക്കറ്റുകളുമായി ഇയാള്‍ പുറത്തേയ്ക്കു പോകുന്നുമുണ്ട്. കൂടാതെ, അടുക്കളയില്‍ നിന്ന രക്തക്കറയും കണ്ടെടുത്തതായി കമ്മീഷണര്‍ അറിയിച്ചു.

Exit mobile version