കൊച്ചി: ശബരിമല-മാളികപ്പുറം മേല്‍ശാന്തി മലയാള ബ്രാഹ്മണനായിരിക്കണം എന്ന തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാട്
ചോദ്യം ചെയ്ത ഹര്‍ജിയില്‍ ഇപ്പോഴും വാദം തുടരുന്നു. വിശ്വാസിയായ ഹിന്ദുവിനെ അദ്ദേഹത്തിന്റെ ജാതി പരിഗണിക്കാതെ മേല്‍ ശാന്തിയായി നിയമിക്കണമെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഡ്വ ബി ജെ ഹരീന്ദ്രനാഥ് വാദിച്ചു.മേല്‍ശാന്തി നിയമനത്തിനായി മലയാള ബ്രാഹ്മണരെ മാത്രം പരിമിതപ്പെടുത്തുന്നത് ഭരണഘടനാ മൂല്യങ്ങളുമായി പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്.
ഭരണഘടന ആര്‍ട്ടിക്കിള്‍ 17 പ്രകാരം അയിത്താചരണം ഇല്ലാതാക്കിയെന്ന് മാത്രമല്ല, കുറ്റകരവുമാണ്. അയിത്താചരണത്തില്‍ ജന്മനാ ചിലരെ ശുദ്ധരും ചിലരെ അശുദ്ധരുമാക്കുന്നു ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഡ്വ. ഡോ. മോഹന്‍ ഗോപാല്‍ പറഞ്ഞു. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമത്തിന്റെയോ കെഎസ്എസ്ആര്‍ ചട്ടങ്ങളുടെയോ വ്യവസ്ഥകള്‍ പ്രകാരം ഇതിനായി നിശ്ചിത പ്രായപരിധി ഇല്ലെന്നും അഭിഭാഷകന്‍ ചൂണ്ടികാട്ടി.
വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന പ്രായപരിധി ചോദ്യം ചെയ്താണ് ഇക്കാര്യം പരാമര്‍ശിച്ചത്.ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രത്യേകം സിറ്റിംഗ് വിളിച്ചാണ് ഹര്‍ജി പരിഗണിച്ചത്. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് അജിത് കുമാര്‍ എന്നിവരാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.