ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടം ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും തന്റെ മൂന്നു വയസ്സുള്ള കുട്ടി അടക്കം 7 കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ കോടതി ജീവപര്യന്തം ശിക്ഷിച്ച 11 പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരെ ബില്‍ക്കിസ് ബാനു നല്‍കിയ രണ്ട് ഹര്‍ജികളില്‍ ഒന്ന് സുപ്രീം കോടതി തള്ളി.
ജസ്റ്റിസുമാരായ അജയ് രസ്തോഗി, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി ചേമ്പറില്‍ പരിഗണിച്ച് തള്ളിയത്. കുറ്റകൃത്യം നടന്ന സംസ്ഥാനത്തിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മോചനവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
കേസിന്റെ വിചാരണ നടന്നത് മഹാരാഷ്ട്രയിലായതുകൊണ്ട് ഗുജറാത്തിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മോചനവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
ഇക്കാര്യത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന ഈ വാദം അംഗീകരിക്കാന്‍ കോടതി തയാറായിട്ടില്ല.എന്നാല്‍, കേസിലെ 11 പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബില്‍ക്കിസ് ബാനു നല്‍കിയ റിട്ട് ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
15 വര്‍ഷം ജയിലിലായിരുന്ന പ്രതികളുടെ അപേക്ഷ പരിഗണിച്ച് ഓഗസ്റ്റ് 15നാണ് ഗുജറാത്ത് സര്‍ക്കാര്‍ പ്രതികളെ വിട്ടയച്ചത്. ഗുജറാത്ത് കലാപത്തിനിടെ 2002ലാണ് ബില്‍ക്കിസ് ബാനുവിനെ കൂട്ടം ചേര്‍ന്ന് ബലാത്സംഗം ചെയ്തത്.
2008 ജനുവരി 21ന് മുംബൈയിലെ സിബിഐ പ്രത്യേക കോടതിയാണ് പ്രതികളെ ശിക്ഷിച്ചത്. 15 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തടവുകാരിലൊരാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയം പരിഗണിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് കോടതി നിര്‍ദേശം നല്‍കി.
തുടര്‍ന്ന് പഞ്ചമഹല്‍സ് കലക്ടര്‍ സുജാല്‍ മായാത്രയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു. ഈ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ വിട്ടയയ്ക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം.
Discussion about this post