കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി ചൈന; 2023ല്‍ 10 ലക്ഷത്തില്‍ കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ജനകീയ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങളില്‍ ചൈന അയവുവരുത്തിയിരുന്നു

ഷിക്കാഗോ: കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിനെ തുടര്‍ന്ന് ചൈനയില്‍ രോഗികളും മരണങ്ങളും വന്‍തോതില്‍ കൂടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. 2023ല്‍ 10 ലക്ഷത്തില്‍ കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടാകുമെന്നാണു യുഎസ് കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്റെ (ഐഎച്ച്എംഇ) പ്രൊജക്ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജനകീയ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങളില്‍ ചൈന അയവുവരുത്തിയിരുന്നു. അടുത്ത വര്‍ഷം ഏപ്രില്‍ 1ന് കോവിഡ് കേസുകള്‍ പരമാവധിയില്‍ എത്തുമെന്നും മരണസംഖ്യ 3.22 ലക്ഷം ആകുമെന്നുമാണ് ഐഎച്ച്എംഇയുടെ പ്രവചനം. ഈ സമയത്തിനുള്ളില്‍ ചൈനയിലെ മൂന്നിലൊന്നു ജനങ്ങള്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ടാകാമെന്ന് ഐഎച്ച്എംഇ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ മറെ പറഞ്ഞു. കോവിഡ് നിയന്ത്രണം മാറ്റിയശേഷം ചൈനയുടെ ആരോഗ്യവിഭാഗം ഔദ്യോഗികമായി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഡിസംബര്‍ മൂന്നിനാണ് ചൈനയിലെ അവസാന കോവിഡ് മരണം രേഖപ്പെടുത്തിയത്. ആകെ മരണം 5,235. ചൈനയുടെ സീറോ കോവിഡ് നയം രോഗവ്യാപനത്തിന്റെ തുടക്കത്തില്‍ ഫലപ്രദമായിരുന്നു. എന്നാല്‍, ഒമിക്രോണ്‍ വകഭേദമുണ്ടായപ്പോള്‍ രോഗവ്യാപനം തടയാനായില്ലെന്നും ക്രിസ്റ്റഫര്‍ മറെ ചൂണ്ടിക്കാട്ടി. കോവിഡ് വീണ്ടും പടരാന്‍ തുടങ്ങിയതോടെയാണു ചൈനയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പല പ്രവിശ്യകളിലും ലോക്ഡൗണ്‍ സമാനമായ സാഹചര്യമായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നത്.

Exit mobile version