ജയ്പൂര്‍: കോണ്‍ഗ്രസ് ഏകാധിപതികളുടെ പാര്‍ട്ടിയല്ലെന്ന് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ വിലകുറച്ച് കാണരുത്. ബിജെപിയെ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് താഴെയിറക്കും. തന്റെ വാക്കുകള്‍ കുറിച്ച് വെച്ചോളൂവെന്ന മുന്നറിയിപ്പും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഭാരത് ജോഡോ യാത്ര ഹിന്ദി മേഖലകളില്‍ വിജയിക്കില്ലെന്ന് ചിലര്‍ പറഞ്ഞുവെന്നും എന്നാല്‍ ജനങ്ങള്‍ ഇത് തള്ളിയെന്നും രാഹുല്‍ പറഞ്ഞു. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഇപ്പോള്‍ രാജസ്ഥാനിലും വന്‍ ജനക്കൂട്ടമാണ് യാത്രയെ സ്വീകരിച്ചത്. കേരളത്തിലും കര്‍ണാടകത്തിലും ഭാരത് ജോഡോ യാത്ര ജനപിന്തുണയില്‍ ഏറ്റവും മികച്ചു നിന്നു. പാര്‍ട്ടി ഭരണത്തില്‍ ഇല്ലാത്ത മധ്യപ്രദേശില്‍ ജനം യാത്രയ്ക്ക് വലിയ പിന്തുണ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാന്‍ തര്‍ക്കത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്, അക്കാര്യം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെജിയോട് ചോദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താന്‍ കോണ്‍ഗ്രസ് അധ്യക്ഷനല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമങ്ങള്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് കാര്യക്ഷമമല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ പരിശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ലക്ഷ്യം മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഇവരെ ഏറ്റവും കൂടുതല്‍ സഹായിച്ചത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post