ന്യൂഡല്‍ഹി: വയനാട് ലോക്സഭാ മണ്ഡലത്തിലെ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സോളാർ കേസിലെ പ്രതി സരിത നായർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
എസ്.എ ബോബ്ഡെ ചീഫ് ജസ്റ്റിസ് ആയിരുന്ന കാലയളവില്‍ ഈ ഹര്‍ജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. സരിതയുടെ അഭിഭാഷകൻ സ്ഥിരമായി ഹാജരാകാറില്ലെന്ന കാരണത്താലാണ് അന്ന് ഹർജി തള്ളിയത്. എന്നാൽ, വീഡിയോ കോൺഫറൻസിംഗ് വഴി കോടതി നടപടികളിൽ പങ്കെടുക്കുന്നതിന് തന്റെ അഭിഭാഷകന് സാങ്കേതിക തടസ്സം നേരിട്ടുവെന്ന് ചൂണ്ടിക്കാട്ടി സരിത ഹർജി പുനഃസ്ഥാപിക്കാൻ അപേക്ഷ നൽകി. ഈ ആവശ്യം അംഗീകരിച്ച കോടതി സരിതയുടെ ഹർജി മെറിറ്റിന്റെ അടിസ്ഥാനത്തിൽ പരിഗണിച്ച് ഇന്ന് തള്ളി.
വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള സരിതയുടെ നാമനിർദ്ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8(3) പ്രകാരം, രണ്ട് വർഷത്തിലധികമായി ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക നിരസിക്കാൻ കഴിയും. സോളാർ ഇടപാടുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സരിതയ്ക്ക് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും വിധിച്ചിരുന്നു.
https://youtu.be/ylA1latqSoY
Discussion about this post