ദോഹ: ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഫൈനല്‍ എന്ന സ്വപ്‌നത്തിനു മുന്നില്‍ കാലിടറി വീണ ആഫ്രീക്കന്‍ കരുത്തന്മാരായ മൊറോക്കയ്ക്ക് ഖത്തര്‍ മണ്ണില്‍ നിന്നും കണ്ണീരണിഞ്ഞ് മടക്കം. ചരിത്ര വിജയം ലക്ഷ്യമിട്ടിറങ്ങിയ മൊറോക്കയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രഞ്ചു പട തടുര്‍ച്ചായി രണ്ടാം ലോകകപ്പിലും ഫൈനലിലേക്ക് പ്രവേശിക്കുന്നത്. ഫ്രഞ്ച് താരങ്ങളുടെ കരുത്തിലും കളിമികവിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെയും ഗോള്‍ മുഖത്ത് ഉള്‍പ്പെട ലഭിച്ച അവസരങ്ങള്‍ പാഴാക്കിയും കളിയുമായി മുന്നേറിയ മൊറോക്കയുടെ മുഖമാണ് അല്‍ബയാത്ത് സ്റ്റേഡിയത്തില്‍ നിറഞ്ഞു കവിഞ്ഞ ചുവപ്പ് ജഴ്‌സി ആരാധകര്‍ സാക്ഷ്യം വഹിച്ചത്. മികച്ച പ്രതിരോധവും മുന്നറ്റവും നടത്തിയ മൊറോക്കയെ വരിഞ്ഞു മുറുക്കി എംബാപെയും കൂട്ടരും കളി മൈതാനത്തില്‍ നിറഞ്ഞാടിയപ്പോള്‍ മികച്ചൊരു മത്സരമാണ് ഖത്തര്‍ ലോകകപ്പിലെ രണ്ടാം സെമിയില്‍ അരങ്ങേറിയത്. ഞായറാഴ്ച ലൂസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പ് സ്വപ്ന ഫൈനലില്‍ മിശിഹായുടെ അര്‍ജന്റീനയെ ലോറിസിന്റെ ഫ്രഞ്ചു പട നേരിടും.
കളി തുടങ്ങി അഞ്ചാം മിനിട്ടില്‍ തന്നെ കരുത്തുക്കാട്ടിയ ഫ്രഞ്ച് പട തിയോ ഹെര്‍ണാണ്ടസിലൂടെ ആദ്യ ഗോള്‍ നേടിയപ്പോള്‍, മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 79-ാം മിനിട്ടില്‍ റാണ്ടല്‍ കോളോ മുവാനിയിലൂടെ രണ്ടാം ഗോളുമടിച്ച അപരാജിത ലീഡു നേടിയ ലോക ചാമ്പ്യന്മാര്‍ അവരുടെ ചാമ്പ്യന്‍ പോരാട്ടം നടത്തി ഫൈനലിലേക്ക്. ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ മുന്‍ മത്സരങ്ങളില്‍ കാഴ്ചവെച്ച പോരാട്ടവീര്യം എല്ലാം ചോര്‍ന്നു പോകുന്ന കാഴ്ചയ്‌ക്കൊപ്പം അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ മൊറോക്ക കളിക്കാരെയാണ് മൈതാനത്ത് കാണാന്‍ സാധിച്ചത്. പോര്‍ച്ചുഗലിനെ ക്വാര്‍ട്ടറില്‍ കെട്ടു കെട്ടിച്ച മൊറക്കന്‍ കളിയായയിരുന്നില്ല അവര്‍ സെമിയില്‍ പുറത്തെടുത്തത്. പന്ത് കൈവശം വെയ്ക്കുന്നതിലും പാസിങ്ങിലും മൊറോക്കോ ആയിരുന്നു കേമന്മാര്‍. എന്നാല്‍ ഫ്രഞ്ച് പട നേടിയ രണ്ടു ഗോളുകളും മൊറോക്കന്‍ പ്രതിരോധത്തിന്റെ വന്‍ പിഴവാണ് സൂചിപ്പിച്ചത്. നന്നായി കണക്റ്റ് ചെയ്തു ഗോളാക്കാന്‍ മികച്ച അസിസ്റ്റുകളും വീര്യ കുറഞ്ഞ ലോങ് ഷൂട്ടറുകളുമാണ് മൊറോക്കയെ തോല്‍പ്പിച്ചത്. ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് എന്ന മാന്ത്രികന്‍ തട്ടിയകറ്റിയ ഷോട്ടുകളും മൊറോക്കോയെ സെമിഫൈനലില്‍ നിഷ്പ്രഭമാക്കി.
മത്സരം ആരംഭിച്ച് അഞ്ചു മനിട്ടിനുള്ളില്‍ തന്നെ പ്രതിരോധ താരം റാഫേല്‍ വരാനെ നല്‍കിയ ത്രൂ ബോള്‍ സ്വീകരിച്ച് ഗ്രീസ്മാന്‍ കെലിയന്‍ എംബെപ്പെയ്ക്ക് മറിച്ചു. കുതിച്ചു നീങ്ങി എംബാപെ അടിച്ച മികച്ചൊരു ഷോട്ട് മൊറോക്കന്‍ താരത്തിന്റെ ദേഹത്തു തട്ടി തിരികെ ലഭിച്ചത് തിയോ ഹെര്‍ണാണ്ടസിനായിരുന്നു. ഒട്ടു സങ്കോചമില്ലാതെ തിയോ ആ ഷോട്ട് മനോഹരമായി മൊറോക്കന്‍ ഗോള്‍ വലയ്ക്കുള്ളിലേക്ക്. ഗോള്‍ലൈനില്‍ നിന്നു ഗോള്‍ തടയാന്‍ ശ്രമിച്ച ഡിഫന്‍ഡര്‍ ദാരിക്കും പിഴച്ചു. തുടക്കത്തില്‍ ലഭിച്ച ആ ലീഡ് നിലര്‍ത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഫ്രഞ്ചു പടയെ പലഘട്ടങ്ങളിലും മൊറോക്ക വിറപ്പിച്ചുകൊണ്ടിരുന്നു.
കളിയുടെ 17-ാം മിനിട്ടില്‍ സൂപ്പര്‍ വെറ്ററന്‍ താരം ഒളിവര്‍ ജറൂദിനു ലഭിച്ച അവസരം പാഴായി. ജിറൂദ് അടിച്ചുവിട്ട ലോങ് ഷൂട്ട് ഗോള്‍ പോസ്റ്റില്‍ തട്ടി തെറിക്കുകയായിരുന്നു. തടുര്‍ന്ന് 21-ാം മിനിട്ടില്‍ ഫിറ്റ്‌നസില്ലാതെ മൊറോക്ക ക്യാപ്റ്റന്‍ റൊമെയ്ന്‍ സയ്‌സിന് മടങ്ങേണ്ടി വന്നത് അവര്‍ക്ക് വന്‍ തിരിച്ചടിയായി. 36-ാം മിനിട്ടില്‍ ഔറെലിയന്‍ ചുവമെനി നല്‍കിയ പന്ത് എംബാപെ ഷോട്ടാക്കിയെങ്കിലും മൊറോക്കന്‍ പ്രതിരോധക്കാരന്‍ ആ ഷോട്ട് അടിച്ചു കളയുകായിരുന്നു. ഈ സമയം ക്ലിയര്‍ ചെയ്ത പന്ത് തിയോ ഹെര്‍ണാണ്ടസ് പിടിച്ചെടുത്ത് ജിറൂദിനു കൈമാറി. മൊറോക്കന്‍ ഗോള്‍ വല ലക്ഷ്യമാക്കി ജിറൂദ് അടിച്ച ആ ബോള്‍ ഗ്യാലറിയിലേക്കു പതിക്കുകയായിരുന്നു. തുടര്‍ന്ന് 44-ാം മിനിട്ടില്‍ മൊറോക്കന്‍ താരം ജവാദ് യാമിക്കിന്റെ ബൈസിക്കിള്‍ കിക്ക് ഹൂഗോ ലറിസിന് ഇടയിലൂടെ ഗോള്‍ പോസ്റ്റില്‍ വന്നിടിച്ചു പുറത്തേക്കു പോയി. ഒന്നാം പകുതിയ്ക്കു ശേഷമുള്ള 54-ാം മിനിട്ടില്‍ മൊറോക്കോ താരങ്ങള്‍ ഫ്രഞ്ച് ഗോള്‍മുഖം ലക്ഷ്യമാക്കി നടത്തിയ ആക്രമണം വീണ്ടും വിഫലമാവുകയായിരുന്നു.
1-0 ന്റെ ആവേശം ചോരാതെ കളിച്ച ഫ്രാന്‍സും സമനില ഗോളിനായി സകല അടവും പുറത്തെടുത്ത മൊറോക്കയും ആഞ്ഞു കളിച്ചുകൊണ്ടിരിക്കെ 79-ാം മിനിട്ടില്‍ വീണ്ടുമൊരു ഗോള്‍. ഇത്തവണ ഫ്രഞ്ച് ടീം രണ്ടാമതും മൊറോക്കന്‍ വല കുലുക്കി. ദിദിയെ ദെഷാമിനു പകരക്കാരനായി ഇറങ്ങിയ റാണ്ടാല്‍ കോളോ മുവാനി ഗോള്‍ നേടിയത് വെറും 44 സെക്കന്‍ഡിനുള്ളില്‍. ഡി ബോക്‌സിനു പുറത്തു നിന്നും ബോളുമായി കുതിച്ചു കയറിയ മാര്‍ക്കസ് തുറാം നല്‍കിയ പാസ് കിലിയന്‍ എംബപെയ്ക്ക് ലഭിച്ചു. ആ പന്തു പിടിച്ചെടുത്ത് വെട്ടിച്ച് നല്‍കിയ പാസ് ഗോള്‍കീപ്പര്‍ യാസീന്‍ ബോണോ പ്രതിരോധം തീര്‍ക്കുന്നതിന് മുന്‍പ് മുവാനിയുടെ ഒരു ഉഗ്രന്‍ ഷോട്ട് ബോക്‌സിനു ഇടതു വശത്തു നിന്നു കൊണ്ട് മനോഹരമായ ഒരു ഗോളായി മാറുകയായിരുന്നു. കടും നീല ജഴ്‌സി അണിഞ്ഞ് അല്‍ബയാത്ത് സ്റ്റേഡിയത്തിലെ ഗ്യാലറികളില്‍ ഇരമ്പല്‍ തീര്‍ത്തുകൊണ്ടിരുന്ന ഫ്രഞ്ച് ആരാധകര്‍ക്ക് ഇരട്ടി മധുരമായി മുവാനിയുടെ രണ്ടാം ഗോള്‍. അവസാന നിമിഷത്തിലേക്ക് കടന്ന കളി തങ്ങളുടെ കൈയില്‍ നിന്നും പോയെന്ന തരത്തിലായിരുന്നു മൊറോക്കന്‍ താരങ്ങളുടെ പിന്നിടുള്ള കളി. നീല ജേഴ്‌സിക്കാര്‍ ആര്‍ത്തിരമ്പിക്കൊണ്ടിരുന്നപ്പോള്‍ ചുവപ്പന്‍ ജേഴ്‌സിയണിഞ്ഞ മൊറാക്കന്‍ ആരാധകരുടെ കണ്ണീര്‍ പൊഴിയുന്ന കാഴ്ച ലോകമെമ്പാടും കണ്ടു. 90 മിനിട്ടുകള്‍ കഴിഞ്ഞുള്ള പത്തു മിനിട്ടു നേരത്തെ അധിക സമയത്തില്‍ 2-0 ന്റെ അപരാജിത ജയം സ്വന്തമാക്കി ഫ്രഞ്ച് പടയുടെ വിപ്ലവം, വെറും വിപ്ലവമല്ല തുടര്‍ച്ചായി രണ്ടാം ഫൈനലിലേക്കുള്ള ഫ്രഞ്ച് വിപ്ലവം.