ദോഹ: ലോകകപ്പ് മത്സരത്തിന്റെ മുഴുവന്‍ ചാരുതയും നിറഞ്ഞു നിന്ന ഒരു ക്ലാസിക്ക് സെമിഫൈനല്‍ പോരാട്ടത്തില്‍ ക്രൊയേഷ്യയ്ക്കുയെതിരെ നേടിയ ആധികാരിക ജയത്തോടെ അര്‍ജന്റീന ഫൈനലിലേക്ക്. തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനല്‍ എന്ന സ്വപ്‌നവുമായി എത്തിയ ക്രൊയേഷ്യയെ 3-0 ത്തിന് തകര്‍ത്താണ് അര്‍ജന്റീന തങ്ങളുടെ ആറാം ലോകകപ്പ് ഫൈനലിലേക്ക് പ്രവശിച്ചത്. ലൂസൈല്‍ സ്റ്റേഡിയത്തില്‍ നിറഞ്ഞു കവിഞ്ഞിരുന്ന നീല വെള്ളക്കുപ്പായക്കാരും ലോകമാകമാനം മത്സരം വീക്ഷിച്ചിരുന്ന ആല്‍ബിസെലസ്റ്റീയന്‍ ആരാധകരുടെയും മനം പോലെ മിശിഹായും കൂട്ടരും തകര്‍ത്താടി വിജയം ഏകപക്ഷീയമാക്കി. ഒരുഘട്ടത്തിലും പോലും അര്‍ജന്റീനിയന്‍ വല കുലുക്കാന്‍ ലൂക്കോ മൊഡ്രിച്ചിന്റെ ക്രൊയേഷ്യയ്ക്കു സാധിച്ചില്ലെന്നു മാത്രമല്ല ആദ്യ ഗോള്‍ അര്‍ജന്റീന നേടിയശേഷം മറു ഗോള്‍ നല്‍കി സമനില പിടിക്കാനുള്ള അവരുടെ ശ്രമങ്ങളും വിജയിച്ചില്ല. 2014 ന് ശേഷം വീണ്ടും ലോകകപ്പ് ഫൈനലില്‍ എത്തിയ അര്‍ജന്റീനയ്ക്കു ഇനി വേണ്ടത് ആ സ്വര്‍ണ്ണകപ്പില്‍ മുത്തമിടാനുള്ള മെസിയുടെ ആഗ്രഹ സഫലീകരണം മാത്രം.
34-ാം മിനിട്ടില്‍ ലഭിച്ച പെനാലിറ്റി ഗോളാക്കിയ മെസിയും 36, 69-ാം മിനിട്ടുകളില്‍ ജൂലിയന്‍ അല്‍വാരസ് നേടിയ സൂപ്പര്‍ ഗോളുകളോടെയാണ് അര്‍ജന്റീന ആധികാരിക ലീഡോടെ വിജയം സ്വന്തമാക്കിയത്. നാലുകൊല്ലം മുന്‍പ് റഷ്യയില്‍ നടന്ന ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയെ ക്രൊയേഷ്യ 3-0 ന് തോല്‍പ്പിച്ചതിന്റെ നാണക്കേട് ഖത്തര്‍ ലോകകപ്പിലെ സെമിഫൈനല്‍ പോരാട്ടത്തില്‍ അതേ നാണയത്തിലൂടെയാണ് ആല്‍ബിസെലസ്റ്റീയനുകള്‍ മറുപടി നല്‍കി.
മത്സരം തുടങ്ങിയ ആദ്യ മിനിട്ടുകളില്‍ തന്നെ ഇരു ടീമുകളും മികച്ച അറ്റാക്കിങ് പുറത്തെടുത്തു മുന്നേറിയപ്പോള്‍ ഈ സൈമിഫൈനല്‍ ഗോള്‍ രഹിത സമനില കഴിഞ്ഞ് പെനാല്‍റ്റിയിലേക്കു കയറുമെന്ന് ആരാധകക്കൂട്ടം ചിന്തിച്ചിട്ടുണ്ടാകും. എന്നാല്‍ ആദ്യ മിനിട്ടുകള്‍ക്കുശേഷം ഒരു പടി മുന്നില്‍ കയറിയ ക്രൊയേഷ്യ 16- ം മിനിട്ടിലെ ആദ്യ കോര്‍ണര്‍ കിക്ക് നേടിയെങ്കിലും ആ പന്ത് ലക്ഷ്യത്തിലാക്കാന്‍ അവരുടെ താരങ്ങള്‍ക്കു കഴിഞ്ഞില്ല. തുടര്‍ന്ന 25-ാം മിനിട്ടില്‍ അര്‍ജന്റീനിയന്‍ താരം എന്‍സോ ഫെര്‍ണാണ്ടസ് അടിച്ച ഒരു ലോങ് ഷോട്ട് ക്രൊയേഷ്യന്‍ ഗോളി ഡൊമനിക് ലിവാകോവിച്ച് തട്ടി മാറ്റുകയായിരുന്നു. തുടര്‍ന്ന ലഭിച്ച ഫ്രീകിക്ക് മുതലാക്കാനും ക്രൊയേഷ്യയ്ക്കായില്ല. 31 -ാം മിനിട്ടില്‍ നായകന്‍ ലൂക്കോ മൊഡ്രിച്ച് നല്‍കിയ പാസ് പെരിസിച്ച് നഷ്ടപ്പെടുത്തിയ്ത് ക്രൊയേഷ്യന്‍ ആരാധകരെ ഞെട്ടിച്ചു.
34-ാം മിനിട്ടില്‍ അവതരിച്ച മിശിഹായുടെ ഒരു മാസ്മരിക പെനാല്‍റ്റിയിലൂടെ സെമിഫൈനലിലെ ആദ്യ ഗോളിനു ലൂസൈല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ക്രൊയേഷ്യയുടെ വന്‍ പ്രതിരോധപ്പൂട്ടിനെ തകര്‍ത്ത് ജൂലിയന്‍ അല്‍വാരസിന്റെ മുന്നേറ്റം ഗോള്‍കീപ്പര്‍ ഡൊമിനിക് ലിവക്കോവിച്ച് ഗോള്‍മുഖത്ത് വെച്ചു തടയാന്‍ ശ്രമിക്കവെ അല്‍വാരസ് അടിതെറ്റി വീഴുന്നു. പിന്നാലെ അല്‍വാരിസിന്റെ വീഴ്ചയ്ക്ക് കാരണമായ ക്രൊയേഷ്യന്‍ ഗോളിക്ക് റഫറി വിധിച്ചത് പെനാലിറ്റി, ഒപ്പം ഒരു മഞ്ഞകാര്‍ഡും. പെനാലിറ്റി കിക്കെടുത്ത സൂപ്പര്‍ താരം മെസിക്കു പിഴച്ചില്ല, ഗോള്‍ പോസ്റ്റിന്റ വലതു വശത്തേക്കു വെടിയുണ്ട കണക്കിനൊരു ഷോട്ട.് പെനാല്‍റ്റിക്ക് അവസരം കൊടുത്ത ഗോളി ലിവാക്കോവിച്ചിനെയും കടന്നു മെസിയുതിര്‍ത്ത ആ ഗോള്‍ ചെന്നു പതിച്ചതു ഗോള്‍ വലയ്ക്കകത്തായിരുന്നെങ്കിലും അതുക്കു മേലെ ലോകമാകമാനം കളി വീക്ഷിച്ച ആല്‍ബിസെസെലസ്റ്റീയനുകളുടെ ഹൃദയത്തിനുള്ളിലേക്കുമായിരുന്നു. ഇതോടെ അഞ്ചു ഗോളുമായി ഖത്തര്‍ ലോകകപ്പിലെ സ്‌കോറര്‍മാരില്‍ മെസി ഫ്രാന്‍സിന്റെ കെലിയന്‍ എംബപ്പെയ്‌ക്കൊപ്പമെത്തി. ഈ ഗോളോടെ അര്‍ജന്റീനയ്ക്ക് വേണ്ടി ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡും മെസിക്കു സ്വന്തമായി.
അര്‍ജന്റീന നേടിയ ആദ്യ ഗോളിനുശേഷം മൈതാനത്തു അടിതെറ്റിയ ക്രൊയേഷ്യയ്ക്കു പിന്നീടങ്ങ് മികച്ചൊരു കളിവൈഭവം പുറത്തെടുക്കാന്‍ സാധിച്ചില്ല. 39-ാം മിനിട്ടില്‍ വീണ്ടും ലയണല്‍ മെസിയുടെ അവതാര ലക്ഷ്യമെന്നു തോന്നിപ്പിക്കുന്ന മിന്നും പ്രകടനം. മൈതാനത്തിന്റെ മധ്യത്തില്‍ നിന്നും മെസി നല്‍കിയ പാസ് യുവതാരം ജൂലിയന്‍ അല്‍വാരസ് ക്രൊയേഷ്യന്‍ പ്രതിരോധത്തെ തകര്‍ത്ത് നടത്തിയ മുന്നേറ്റം. ആ മുന്നേറ്റം അവസാനിച്ചത് പോസ്റ്റിന്റെ ക്ലോസ് റേഞ്ചില്‍ നിന്നും തട്ടിവിട്ട മനോഹര ഗോളിനുശേഷമായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിന്റെ പെനാലിറ്റി ഷൂട്ടൗട്ട് തടഞ്ഞ ലിവക്കോവിച്ചിനെ നിസാഹയനാക്കിക്കൊണ്ടുള്ള ഒരു മനോഹര ഗോള്‍. ഇതോടെ 2-0ന്റെ അപരാജിത ലീഡോടെ ആല്‍ബിസെസെലസ്റ്റീയനുകളുടെ മികച്ച ആധിപത്യം. 42-ാം മിനിട്ടില്‍ അലക്‌സിസ് മാക് അലിസ്റ്ററുടെ ഒരു തകര്‍പ്പന്‍ ഹെഡര്‍ കാണികളെ സ്തബദ്ധരാക്കിയെങ്കിലും ലിവക്കോവിച്ച് അതു തട്ടിയമാറ്റി. തുടര്‍ന്നു ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയില്‍ രണ്ടു മാറ്റങ്ങളോടെ തുടങ്ങിയ ക്രൊയേഷ്യ മത്സരം തിരിച്ചുപിടിയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും എല്ലാം വിഫലമാകുന്ന കാഴ്ചയാണ് ലൂസൈല്‍ സ്റ്റേഡിയത്തില്‍ ചുവപ്പ് വെള്ള ജഴ്‌സി ധരിച്ചെത്തിയ ആരാധകര്‍ കാണാന്‍ ഇടയായത്. അതിനിടെ അര്‍ജന്റീനയുടെ രണ്ടു ശ്രമങ്ങളെ ലൂവക്കോവിച്ച് തടഞ്ഞത് ക്രൊയേഷ്യയ്ക്കു ആശ്വാസമായി. അല്ലെങ്കില്‍ മുന്ന് ഗോള്‍ എന്നത് അഞ്ചിലേക്കു എത്തുമായിരുന്നു. 49ാം മിനിറ്റില്‍ അര്‍ജന്റീനയുടെ പരെഡെസിന്റെ ലോങ്‌റേഞ്ചറും, 58-ാം മിനിറ്റില്‍ മെസിയുടെ മുന്നേറ്റവുമാണ് ഗോള്‍കീപ്പര്‍ വിഫലമാക്കിയത്. ഇതിനിടെ, 62-ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ ലോവ്‌റെനിന്റെ ഉഗ്രന്‍ ഹെഡര്‍ അര്‍ജന്റീനിയന്‍ ഗോളി എമിലിയാനോ മാര്‍ട്ടിനെസ് രക്ഷപ്പെടുത്തി.
69-ാം മിനിട്ടില്‍ വലതുവിങ്ങിലൂടെ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ മെസി നല്‍കിയ അളന്നുമുറിച്ച പാസ് ജൂലിയസ് അല്‍വാരസ് വീണ്ടും അനായാസം ഗോളാക്കുകയായിരുന്നു. മിശിഹായുടെ ഒരു സൂപ്പര്‍ ക്ലാസിക്ക് പാസ് അല്‍വരാസ് ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു. ഇതോടെ 3-0 ന്റെ വമ്പന്‍ അപരാജിത ലീഡുമായി അര്‍ജന്റീന മുന്നേറിക്കൊണ്ടിരുന്നു.
90 മിനിട്ടുകള്‍ക്കുശേഷമുള്ള അധിക സമയത്ത് ഗോള്‍ ഒന്നും നേടാതെ തോല്‍വി ഏറ്റുവാങ്ങി ക്രൊയേഷ്യ മുട്ടുകുത്തിയപ്പോള്‍ ആധികാരിക ജയത്തിന്റെ ഗരിമയില്‍ ആല്‍ബിസെസെലസ്റ്റീയനുകള്‍ ഖത്തര്‍ ലോകകപ്പിന്റെ ഫൈനലിലേക്ക്.
Discussion about this post