പ്രിയപ്പെട്ടവര്‍ ആഗ്രഹിക്കുമ്പോള്‍ അവര്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയം ലഭിക്കാത്തവര്‍ക്ക് സമയം ലഭിക്കുമ്പോള്‍ പ്രിയപ്പെട്ടവര്‍ നമ്മെ വിട്ടു പിരിഞ്ഞിരിക്കും. അന്നുണ്ടാകുന്ന മാനസിക വ്യഥ ഇല്ലാതാക്കാന്‍ മരുന്നുണ്ടാകില്ല, മന്ത്രവും – ഗോല്‍പു ബോലിയേ തരിണി ഖുരെ എന്ന ചെറുകഥയില്‍ മഹാനായ ചലച്ചിത്രകാരന്‍ സത്യജിത്ത് റായി ഇതു പറഞ്ഞു വച്ചിട്ട് പതിറ്റാണ്ടുകളായി. ആനന്ദ് മഹാദേവന്‍ സത്യജിത്ത് റായിയ്ക്ക് ആദരവ് അര്‍പ്പിച്ച് ചെറുകഥയെ സിനിമയാക്കി. ആ സിനിമയിലൂടെ സത്യജിത്ത് റായി ഇപ്പോഴും ഓര്‍മ്മപ്പെടുത്തുന്നു സമയമില്ലെന്ന കാരണത്താല്‍ പ്രിയപ്പെട്ടവരുടെ ആഗ്രഹങ്ങള്‍ മാറ്റി വയ്ക്കരുതെന്ന്.
തരിണി രഞ്ജന്‍ ബന്ധോപാധ്യായ ഒരു ജോലിയിലും ഉറച്ചു നില്‍ക്കാത്തയാളാണ്. 60-ാം വയസില്‍ വിരമിക്കുന്നതിനു മുമ്പായി 73 ജോലികള്‍ ചെയ്തിട്ടുണ്ട്. ഒരിടത്തും ഉറച്ചു നില്‍ക്കുന്ന ശീലം അദ്ദേഹത്തിനില്ല. ഓരോ ജോലിക്ക് പോകുമ്പോഴും അതിന്റെ തിരക്കുകളില്‍ പൂര്‍ണമായും മുഴുകും. ഭാര്യ അനുരാധയ്ക്കാണെങ്കില്‍ ഒരു അവധിക്കാലമെങ്കിലും ഭര്‍ത്താവിനൊപ്പം ചെലവഴിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും ആ ആഗ്രഹം സാധിപ്പിച്ചു നല്‍കാന്‍ തരിണിക്ക് കഴിഞ്ഞില്ല.
ഒടുവില്‍ തിരിണി വിരമിച്ചു. ഇന്നയാള്‍ക്ക് ആവശ്യത്തിലേറെ സമയമുണ്ട്. ഒന്നും ചെയ്യാനില്ലാത്ത സമയം. എന്നാല്‍ അനുരാധ കൂടെയില്ല. അനുരാധയെന്നല്ല പ്രിയപ്പെട്ട ആരും കൂടെയില്ല. ജോലി തിരക്കുകള്‍ കാരണം ആരെയും പ്രിയപ്പെട്ടവരാക്കി മാറ്റാന്‍ തരിണിക്ക് കഴിഞ്ഞിരുന്നില്ലെന്നതാണ് വാസ്തവം.
ഏകാന്തത അയാളുടെ മനസ് മടുപ്പിച്ചു. കൂട്ടിന് ആരുമില്ലാതെ അസ്വസ്ഥനായി. വിരസമായ ജീവിതം തുടരുന്നതിനിടയിലാണ് അഹമദാബാദില്‍ കഥ പറയുന്ന ഒരാളെ ആവശ്യമുണ്ടെന്ന പരസ്യം ശ്രദ്ധയില്‍പ്പെടുന്നത്. അങ്ങനെ കല്‍ക്കട്ടയില്‍ നിന്നും അയാള്‍ അഹമ്മദാബാദിലേയ്ക്ക് യാത്ര തിരിക്കുന്നു. ആ യാത്രയില്‍ അയാള്‍ അതുവരെ കാണാത്ത, അനുഭവിക്കാത്ത പലതും അനുഭവിക്കുന്നു. ജീവിതം അടുത്തറിയുന്നു. എങ്ങനെ ജീവിക്കണമെന്ന് പഠിക്കുന്നു.
എന്നാല്‍ ജീവിതം പങ്കിടാനുള്ളവരൊക്കെ പിരിഞ്ഞു പോയെന്ന യാഥാര്‍ത്ഥ്യം അയാളെ വേട്ടയാടുന്നു. സമയമില്ലെന്ന കാരണം കണ്ടെത്തി പ്രിയപ്പെട്ടവരുടെ മോഹങ്ങള്‍ക്ക് അവധി നല്‍കിയാല്‍ തരിണി രഞ്ജന്‍ ബന്ദോപാധ്യായയുടെ ഏറ്റവും ദുഃഖകരമായ അവസ്ഥയിലായിരിക്കും ജീവിത സായാഹ്നമെന്നാണ് സ്റ്റോറി ടെല്ലര്‍ പ്രേക്ഷകരെ ഓര്‍മ്മപ്പെടുത്തുന്നത്.
15ന് വൈകിട്ട് 6.15ന് ശ്രീ തിയറ്ററിലും 16 ന് രാവിലെ 11.45ന് നിളയും സ്റ്റോറി ടെല്ലറിന്റെ പുനഃപ്രദര്‍ശനമുണ്ട്.