നൂറ്റാണ്ടുകൾക്ക് മുമ്പ് നിര്‍മ്മിച്ച ചിത്രവും ശബ്ദമില്ലാത്ത സിനിമാക്കാലത്തെ അപൂര്‍വ്വ സൃഷ്ടികളും കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രതിനിധികള്‍ക്ക് നവ്യാനുഭവമായി. തത്സമയ സംഗീതത്തിന്റെ അകമ്പടിയോടെയാണ് ആദ്യകാല ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. അതേ ചിത്രങ്ങളുടെ പുതിയ സങ്കേതിക വിദ്യയില്‍ തയ്യാറാക്കിയ പകര്‍പ്പുകളാണ് ഇത്തവണ പ്രേക്ഷകരുടെ മനം നിറച്ചത്.
1920 ല്‍ കാള്‍ തിയോഡര്‍ ഡ്രയര്‍ സംവിധാനം ചെയ്ത പാര്‍സന്‍സ് വിഡോയാണ് കേരള രാജ്യാന്ത ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ഏറ്റവും പഴക്കമുള്ള ചിത്രം. ഹോളിവുഡില്‍ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഫൂളിഷ് വൈഫായിരുന്നു മറ്റൊന്ന്. ഒരു ധനമോഹിയുടെ കഥയായിരുന്നു ഫൂളിഷ് വൈഫ് പറഞ്ഞത്. നൂറ്റാണ്ടിനു മുമ്പുള്ള സാമൂഹ്യ സാഹചര്യങ്ങള്‍ സിനിമയില്‍ പറഞ്ഞു പോകുന്നുണ്ട്.
ഏറ്റവും അധികം സിനിമകള്‍ക്ക് ആധാരമായ ബ്രോം സ്‌റ്റോക്കറുടെ ഡ്രാക്കുളയുടെ ആദ്യ സിനിമാ രൂപവമായ Nosferatu നോസ്ഫാസ്റ്റു നൂറ് വയസ് പൂര്‍ത്തിയാക്കി കേരള മേളയില്‍ പ്രദര്‍ശിപ്പിച്ചു. എഫ് ഡബ്ല്യൂ മുര്‍ണുവാണ് Nosferatu നോസ്ഫാസ്റ്റുവിന്റെ സംവിധായകന്‍. എക്കാലത്തെയും മികച്ച ചിത്രമെന്ന് ലോകോത്തര നിരൂപകര്‍ വിലയിരുത്തിയ ദി ഫാന്റ്ം ക്യാരേജ്, ജര്‍മ്മന്‍ റൊമാന്റിക് ചിത്രം ദി വുമണ്‍ മെന്‍ യേണ്‍ ഫോര്‍ എന്നിവയാണ് ചരിത്രത്തിന്റെ ഭാഗമായ സിനിമകള്‍.
ഈ സിനിമകള്‍ക്ക് സംഗീതം ഒരുക്കിയത് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സൗത്ത് ബാങ് തിയറ്ററിലെ പിയാനിസ്റ്റ് ജോണി ബെസ്റ്റാണ്. മികച്ച സംഗീതത്തിലൂടെ സംഭാഷണമില്ലായ്മ മറികടന്നുള്ള ആസ്വാദനം അനുഭവഭേദ്യാമാക്കാന്‍ ബെസ്റ്റിന് കഴിഞ്ഞു. നേരത്തെയും ചരിത്രത്തിന്റെ ഭാഗമായ സിനിമകള്‍ക്ക് ബെസ്റ്റ് സംഗീതം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ നോസ് ഫാസ്റ്റു പോലുള്ള ഹൊറര്‍ ചിത്രത്തിന് സംഗീതമൊരുക്കിയിട്ടില്ല. ഒരു വെല്ലുവിളിയായിട്ടാണ് ഈ ദൗത്യം ഏറ്റെടുത്തതെന്ന് പ്രദര്‍ശനത്തിന് ശേഷം ജോണി ബെസ്റ്റ് പറഞ്ഞു. സിനിമ ആസ്വദിച്ചവര്‍ക്ക് ബെസ്റ്റിന്റെ അഭിപ്രായത്തില്‍ അതിശയോക്തി തോന്നിയില്ല. അവര്‍ മനസ് നിറഞ്ഞ കൈയടികള്‍ നല്‍കി ബെസ്റ്റിനെ പ്രോത്സാഹിപ്പിച്ചു.