കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ നൊമ്പരമായി മാറിയ ലോകിതയ്ക്ക് നിറഞ്ഞ സദസില്‍ യാത്ര അയപ്പ്. ഉദ്ഘാടന ചിത്രമായ ടോറി ആന്‍ഡ് ലോകിതയുടെ രണ്ടാമത്തെയും അവസാനത്തെയും പ്രദര്‍ശനമാണ് ഇന്ന് നടന്നത്. അഭയാര്‍ത്ഥികളായ ലോകിതയും അവള്‍ സ്വന്തം സഹോദരനായി കൂടെ കൂട്ടുന്ന ടോറിയുടെയും ആത്മബന്ധത്തിന്റെയും വേദനയുടെയും കഥയാണ് ബെല്‍ജിയത്തില്‍ നിന്നുള്ള ഫ്രഞ്ച് ചിത്രം ടോറി ആന്‍ഡ് ലോകിത പറഞ്ഞത്.
ആഫ്രിക്കന്‍ രാജ്യമായ ബിനിനില്‍ നിന്നും ബെല്‍ജിയത്തിലേയ്ക്ക് കുടിയേറാനെത്തിയതായിരുന്നു ലോകിത. വീട്ടിലെ ദാരിദ്ര്യമാണ് ലോകിതയെ അനധികൃത കുടിയേറ്റത്തിന് പ്രേരിപ്പിച്ചത്. ബെല്‍ജിയത്തില്‍ അനാഥയെ പോലെ കഴിയുന്ന ലോകിതയ്ക്ക് കൂട്ടായി കിട്ടിയതാണ് ടോറിയെന്ന ബാലനെ. അവനെ സ്‌കൂളില്‍ അയച്ചു പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം കൂടി അവള്‍ ഏറ്റെടുക്കുന്നു.
ഹോട്ടലുകളില്‍ പാടി ജീവിക്കുന്ന അവളെ ചൂഷണം ചെയ്യുകയാണ് അവിടത്തെ ഷെഫ്. അയാള്‍ മയക്കുമരുന്ന് കടത്തിന് അവളെയും അവനെയും ഉപയോഗിക്കുന്നു. പുറമെ ലൈംഗികമായും ലോകിതയെ അവന്‍ ഉപയോഗിക്കുന്നു. പൗരത്വം ലഭ്യമാക്കുന്നതിന് ആവശ്യമായത് ചെയ്യാമെന്ന പേരിലാണ് ഷെഫ് അവരെ ഉപയോഗിക്കുന്നത്.
ബെനിനില്‍ നിന്നും ഫോണിലൂടെ പണം ആവശ്യപ്പെടാന്‍ മാത്രമാണ് ലോകിതയുടെ അമ്മ വിളിക്കാറുള്ളത്. പണത്തിനായി അവള്‍ നടത്തുന്ന തത്രപ്പാടുകള്‍ക്കിടയില്‍ പൗരത്വം ലഭിക്കാനുള്ള അഭിമുഖങ്ങളില്‍ നിരന്തരം പരാജയപ്പെടുന്നു. ഒടുവില്‍ പണം നല്‍കി ഒളിവില്‍ താമസിക്കുന്നതും അവളെ കണ്ടെത്താന്‍ ടോറി നടത്തുന്ന ശ്രമങ്ങളും പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുമ്പോഴും ചിരിപ്പിച്ചു കൊണ്ടേയിരിക്കും. ഒടുവില്‍ ലോകിത കൊല്ലപ്പെടുമ്പോള്‍ പ്രേക്ഷക മനസുകളിലുണ്ടായിരുന്ന വേദനയുടെ കനല്‍ തീയായി പടരും. സ്വയം അറിയാതെ കണ്ണുകളില്‍ നിന്നുതിരുന്ന നീര്‍ത്തുള്ളികള്‍ക്ക് ഹൃദയത്തെ പൊള്ളിച്ചു കൊണ്ടിരിക്കുന്ന ആ തീ കെടുത്താന്‍ കെല്‍പ്പുണ്ടാകില്ല. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ജീന്‍ പിയറേയും ലുക് ദര്‍ദെനേയുമാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
Discussion about this post