16 30
അസാധാരണമായ ഇടുങ്ങിയ ഒരു കെട്ടിടത്തില്‍ വ്യത്യസ്തരായ കഥാപാത്രങ്ങളെ കുടിയിരുത്തി വിശാലമായ അര്‍ത്ഥങ്ങള്‍ നല്‍കുന്ന ചടുലമായ കഥയാണ് അമര്‍ കോളനിക്ക് പറയാനുള്ളത്. ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ആദ്യ പ്രദര്‍ശനത്തിനെത്തിയ സിദ്ധാര്‍ത്ഥ് ചൗഹാന്റെ അമര്‍ കോളനി പരിഷ്‌കൃതമെന്ന് പറയപ്പെടുന്ന രാജ്യത്തെ അപരിഷ്‌കൃതരുടെ ജീവിതങ്ങളാണ് അടയാളപ്പെടുത്തിയത്. സിദ്ധാര്‍ത്ഥ് ചൗഹാന്‍ മൂന്ന് സ്ത്രീകളിലൂടെ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് വെളിച്ചം തെളിയിക്കുന്നത് കാണാത്തവരും കണ്ടില്ലെന്ന് നടിക്കുന്നവരും കാണട്ടെ എന്ന ചിന്തയിലായിരിക്കണം.
വിശുദ്ധവും അവിശുദ്ധവുമായ ജീവിതങ്ങളുടെ ക്രമരഹിതമായ മിശ്രമാണ് അമര്‍ കോളനി. ഹിമാലയത്തിന്റെ താഴ് വാഴത്തെ കൊച്ചു ഗ്രാമത്തിലാണ് അമര്‍ കോളനിയെന്ന കഥാകേന്ദ്രം. വീല്‍ച്ചെയറിലിരുന്നു തന്റെ പ്രാവിന്റെ അവകാശങ്ങള്‍ക്കായി പോരാടുന്ന ദേവകി അവകാശങ്ങള്‍ മനുഷ്യര്‍ക്ക് മാത്രമല്ലെന്ന സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ലക്ഷ്യബോധമില്ലാത്ത മകന്‍ വേദനയായി മാറുമ്പോള്‍ അവകാശങ്ങള്‍ മനുഷ്യര്‍ക്കല്ലാതെ മറ്റുള്ളവയ്ക്ക് മാത്രമാണോ എന്ന ചോദ്യം പ്രേക്ഷക മനസില്‍ ഉയര്‍ന്നാല്‍ ദേവകിയുടെ അവസ്ഥയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ ആഗ്രഹിച്ചേയ്ക്കും.
ഭര്‍ത്താവിനെ കാത്തിരിക്കുകയാണ് ഗര്‍ഭിണിയായ മീര. സ്വന്തം ഭര്‍ത്താവിനെ കുറിച്ച് അവള്‍ക്ക് എന്തറിയാം എന്നന്വേഷിക്കരുത്. അയാള്‍ പറഞ്ഞു വിശ്വസിപ്പിച്ച നുണകള്‍ മാത്രമെ മീരയ്ക്കറിയാവൂ. അതൊക്കെ നുണകളാണെന്ന് പ്രേക്ഷകര്‍ക്കും അയല്‍വാസികള്‍ക്കും അറിയാമായിരിക്കും. പെണ്‍കുട്ടികളുടെ വിവാഹം ബാദ്ധ്യതയായി കാണുന്ന രക്ഷിതാക്കള്‍ക്കുള്ള മുന്നറിയിപ്പാണ് വരാത്ത ഭര്‍ത്താവിന് വേണ്ടി കാത്തിരിക്കുന്ന മീര. അവളുടേതല്ലാതെ കുറ്റത്തിന്, മാതാപിതാക്കള്‍ ബാദ്ധ്യത ഒഴിപ്പിച്ചപ്പോള്‍ ബലിയാടായി മാറിയ മീര അമര്‍ കോളനിയില്‍ മാത്രമല്ല ഇന്ത്യയിലെവിടെയുമുണ്ടാകും.
വിശ്വാസത്തേക്കാള്‍ അന്ധവിശ്വാസങ്ങളില്‍ ജീവിക്കുന്ന ജനങ്ങളുടെ എണ്ണം പെരുകി ക്കൊണ്ടേയിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിലാണ് ക്ഷേത്രങ്ങളിലൂടെ, പൂജകളിലൂടെ, വഴിപാടുകളിലൂടെ ദോഷം മാറ്റാന്‍ ശ്രമിക്കുന്ന ദുര്‍ഗയെന്ന മുത്തശിയെ കാണേണ്ടത്. മകനും മരുകളും മരണപ്പെട്ടതിനെ തുടര്‍ന്ന് ചെറുമകന്റെ രക്ഷകര്‍ത്തൃത്വം ഏറ്റെടുത്ത ദുര്‍ഗയ്ക്കും ഭര്‍ത്താവിനുമൊപ്പം സഞ്ചരിച്ചാല്‍ വിശ്വാസത്തിനു മുകളില്‍ അന്ധവിശ്വാസം വിറ്റ് ജീവിക്കുന്ന ഇന്ത്യന്‍ പൗരോഹത്യത്തെ കാണാം. ഇടനിലക്കാരും കപട സന്ന്യാസിമാരും വിശ്വാസത്തെയല്ല സാധാരണക്കാരന്റെ വിശ്വാസത്തെ ചൂഷണം ചെയ്ത് അന്ധവിശ്വാസത്തെ കച്ചവട ചരക്കാക്കുന്നത് കാണാം.
ചിലര്‍ക്ക് പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളാണ് ദുര്‍ഗയിലൂടെ സിദ്ധാര്‍ത്ഥ് തുറന്നു പറയുന്നത്. എന്നാല്‍ എല്ലാം പറയാന്‍ മടിക്കുന്നുമുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ തുറന്നു പറയാനുള്ള ആര്‍ജ്ജവത്തെ ജീവഭയം കൊണ്ട് തളയ്ക്കാന്‍, വളച്ചൊടിക്കാന്‍ കഴിയുന്ന നിയമങ്ങളുടെ പിന്‍ബലമുള അധികാര വര്‍ഗത്തിന് കഴിയുന്നുണ്ട്. അതുകൊണ്ടു തന്നെ വ്യാപകമായി തുറന്നു പറച്ചിലുകളുണ്ടാകുന്നില്ലെങ്കിലും യാഥാര്‍ത്ഥ്യങ്ങളെ ചൂണ്ടിക്കാണിക്കാന്‍ ധൈര്യമുള്ളവരുമുണ്ട്. കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷുമൊക്കെ ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പുകളെ ഭയക്കാത്തവരുണ്ട്. അത്തരമൊരു പ്രതീക്ഷയ്ക്ക് സിദ്ധാര്‍ത്ഥ് ചൗഹാനും അമര്‍ കോളനിയും വക നല്‍കുന്നു.
നാളെ രാത്രി 8.15ന് ഏരീസ് പ്ലക്‌സിലും 16ന് ഉച്ചയ്ക്ക് 12ന് ശ്രീയിലും അമര്‍ കോളനിയുടെ പുനഃപ്രദര്‍ശനങ്ങളുണ്ട്.
Discussion about this post