മൌനം വാചാലമാക്കി ദി ബ്രാ, കൈയടി നേടി പ്രിസൺ 777

രണ്ടാമത്തെയും മൂന്നാമത്തെയും പ്രദര്‍ശനങ്ങളായിരുന്നു കൂടുതലെങ്കിലും മികച്ച ചിത്രങ്ങള്‍ക്ക് നിറഞ്ഞ സദസായിരുന്നു

ഒരു കെട്ടിടത്തിനുള്ളില്‍ വ്യത്യസ്തമായ ഇന്ത്യന്‍ ജീവിതങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ സിദ്ധാര്‍ത്ഥ് ചൗഹാന്റെ ചിത്രമൊഴികെ പ്രധാന വിഭാഗങ്ങളിലെല്ലാം പുനഃപ്രദര്‍ശനങ്ങളുമായാണ് മേളയുടെ ആറാം ദിനം സമാപിച്ചത്. രണ്ടാമത്തെയും മൂന്നാമത്തെയും പ്രദര്‍ശനങ്ങളായിരുന്നു കൂടുതലെങ്കിലും മികച്ച ചിത്രങ്ങള്‍ക്ക് നിറഞ്ഞ സദസായിരുന്നു. നിശാഗന്ധി ഓപ്പണ്‍ തിയറ്ററില്‍ മൂവായിരത്തോളം പേര്‍ കണ്ട സ്പാനിഷ് ചിത്രം പ്രിസന്‍ 77, ലിജോ ജോസ് പല്ലിശേരിയുടെ മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം, റോബിന്‍ കാ മ്പില്ലോയുടെ 120 ബിപിഎം, ഗൗസ്റ്റോ റോസാ ഡി മൗറയുടെ ബ്രസീലിയന്‍ ചിത്രം ഷീ ആന്‍ഡ് ഐ, ഉദ്ഘാടന ചിത്രമായിരുന്ന ടോറി ആന്‍ഡ് ലോകിത തുടങ്ങിയ ചിത്രങ്ങളൊക്കെ ഇന്നും മികച്ച പ്രേക്ഷക പ്രതികരണം നേടി.

ജൂറി അംഗം വെയ്റ്റ് ഹെല്‍മറിന്റ സംഭാഷണങ്ങളില്ലാത്ത ദി ബ്രാ ഇന്നും നിറഞ്ഞ സദസില്‍ പ്രദര്‍ശിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മൂന്ന് പ്രദര്‍ശനങ്ങള്‍ നടത്തിയ ദി ബ്രായുടെ കേരള ചലച്ചിത്ര മേളയിലെ അഞ്ചാം പ്രദര്‍ശനമായിരുന്നു ഇത്. ലോക്കോ പൈലറ്റ് തന്റെ ട്രെയിനില്‍ കുടുങ്ങുന്ന വസ്തുക്കളുമായി ഉടമസ്ഥരെ തേടി പോകുന്നതാണ് കഥ. ഹാസ്യമാണ് പ്രധാനമെങ്കിലും ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ കഥയുടെ ഭാഗമാണ്. ഹോട്ടല്‍ ജോലിക്കാരനായ ബാലനും ലോക്കോപൈലറ്റും തമ്മിലുള്ള ബന്ധവും ഒരു ബ്രായുടെ ഉടമസ്ഥയെ തേടിയുള്ള യാത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രതിനിധികളെ ആവേശം കൊള്ളിച്ചു.

മേള അവസാന ഘട്ടത്തിലേയ്ക്ക് അടുക്കുമ്പോള്‍ മത്സര വിഭാഗത്തില്‍ സുവര്‍ണ ചകോരത്തിനായുള്ള മത്സരം കടുത്തതാകുമെന്ന് ഉറപ്പായിട്ടുണ്ട്. എല്ലാ ചിത്രങ്ങളും മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. ഹൂപ്പ്, കെര്‍, ക്ലോന്‍ഡൈക്ക്, അലാം തുടങ്ങിയ വിദേശ ചിത്രങ്ങളിലാണ് പ്രതിനിധികള്‍ കൂടുതലും പ്രതീക്ഷ വയ്ക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കവും മണിപ്പൂരി ചിത്രം ഔവര്‍ ഹോമും ഇന്ത്യന്‍ പ്രതീക്ഷകളാണ്.

Exit mobile version