ഡല്‍ഹി: ചന്ദ്രബോസ് വധക്കേസില്‍ കുറ്റവാളിയായ മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി ശരിവച്ച ജീവപര്യന്തം തടവുശിക്ഷയ്ക്കെതിരെയാണ് സംസ്ഥാനത്തിന്റെ അപ്പീല്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതിനാല്‍ വധശിക്ഷ നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ നിഷാമിന്റെ നടപടിയെ രൂക്ഷമായ ഭാഷയില്‍ നേരത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഭ്രാന്തമായ ആക്രമണമാണ് ചന്ദ്രബോസിനു നേരേ നിഷാം നടത്തിയതെന്നാണ് വിധിയില്‍ ഹൈക്കോടതി പറഞ്ഞത്. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്ന സര്‍ക്കാര്‍ വാദത്തോട് ഹൈക്കോടതി വിയോജിച്ചു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.
അതിക്രൂരമായ ആക്രമണമാണ് നിഷാം ചന്ദ്രബോസിന് നേരെ നടത്തിയത്. സാക്ഷി മൊഴികളില്‍ നിന്ന് ഹൈക്കോടതിക്ക് ഇത് വ്യക്തമായതാണ്. മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ് നിഷാം. പരിക്കേറ്റ് മൃത്യപ്രായനായ ചന്ദ്രബോസിനെ നേരെ വീണ്ടും ആക്രമണം നടത്തി. മനസാക്ഷി മരവിപ്പിക്കുന്ന കൃതൃമാണ് നിഷാം നടത്തിയത്. മുന്‍വൈരാഗ്യത്തോടെയാണ് പ്രതിയുടെ നടപടി. ശിക്ഷയിലൂടെ പരിഷ്‌ക്കരിക്കാനാകുന്ന വ്യക്തയല്ല നിഷാമെന്നും അപ്പീലില്‍ സംസ്ഥാനം വ്യക്തമാക്കുന്നുണ്ട്.
Discussion about this post