പത്തനംതിട്ട: ശബരിമലയിലേക്ക് തീർഥാടകരുടെ പ്രവാഹമുണ്ടെന്ന് മുൻകൂട്ടി അറിഞ്ഞിട്ടും അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൽ ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നുണ്ടായത് വൻവീഴ്ച. ദർശനത്തിന് വെർച്വൽ ക്യൂ നിർബന്ധമാക്കിയതോടെ ഓരോദിവസം എത്രപേർ ബുക്കുചെയ്യുന്നുണ്ടെന്ന് മുൻകൂട്ടി അറിയാൻ സാധിക്കുമെന്നിരിക്കെയാണ് ഇൗ വീഴ്ച സംഭവിച്ചത്.
കഴിഞ്ഞയാഴ്ചവരെ പ്രതിദിനം അരലക്ഷത്തോളം പേരായിരുന്നെങ്കിൽ, ഇപ്പോൾ എൺപതിനായിരത്തിനുമുകളിലാണ് ബുക്കിങ്. തിരക്ക് അനിയന്ത്രിതമാകുന്നെന്ന് സൂചന ലഭിച്ചാൽ പ്രത്യേക ആക്‌ഷൻ പ്ലാൻ തയ്യാറാക്കണമെന്നാണ് ദുരന്തനിവാരണചട്ടത്തിൽ പറയുന്നത്. എന്നാൽ, ഇത്തരത്തിലുള്ള ഒരു പ്ലാനും ജില്ലാ ഭരണകൂടമോ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയോ ഇതുവരെ തയ്യാറാക്കിയിട്ടില്ല. ആകെയുള്ളത് വർഷങ്ങൾക്കുമുമ്പ് പോലീസ് തയ്യാറാക്കിയ പ്ലാനാണ്. നടപ്പന്തലിലെ തിരക്ക് കുറയ്ക്കാൻ തീർഥാടകരെ ബെയ്‍ലി പാലം വഴി ചന്ദ്രാനന്ദൻ റോഡിലേക്ക് വിടണമെന്നതടക്കമുള്ളതാണ് ഇതിലുള്ളത്.
മരക്കൂട്ടത്ത് തിക്കിലും തിരക്കിലും തീർഥാടകർക്കും പോലീസിനും പരിക്കേറ്റതോടെയാണ് അല്പമെങ്കിലും ജാഗ്രത ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും ഭാഗത്തുനിന്നുമുണ്ടായത്.
ദർശനത്തിനായി മരക്കൂട്ടം മുതൽ മണിക്കൂറുകളോളം വരിനിൽക്കേണ്ടി വരുമ്പോഴും സന്നിധാനത്തെ ഫ്ലൈ ഓവറിൽ തിരക്കില്ല. ഓരോ മിനിറ്റിലും പതിനെട്ടാംപടി കയറുന്നവരുടെ എണ്ണം കുറഞ്ഞതിന്റെ കൃത്യമായ ഉദാഹരണമാണിത്. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് മിനിറ്റിൽ 80 മുതൽ 90 പേരെവരെയെങ്കിലും പതിനെട്ടാംപടി കയറ്റണം. എന്നാലേ, മരക്കൂട്ടംവരെ നീളുന്ന തിരക്ക് നിയന്ത്രിക്കാനാകൂ. ആദ്യ രണ്ട് ബാച്ചിലെ പോലീസുകാരും വളരെ വേഗത്തിലാണ് തീർഥാടകരെ പടികയറ്റിയിരുന്നത്. ഇവർ, 89,000 തീർഥാടകർ ദർശനം നടത്തിയ ദിവസങ്ങളിൽപോലും കൃത്യമായി തീർഥാടകരെ കയറ്റിവിട്ടിരുന്നു.
Discussion about this post