മലയാളികളുടെ പ്രിയ സംവിധായകന്‍ കിം കി ഡുക്കിന് ആദരവ് അര്‍പ്പിച്ച് അദ്ദേഹത്തിന്റെ അവസാനത്തെ ചിത്രം കാള്‍ ഓഫ് ഗോഡ് ഇന്ന് പ്രദര്‍ശിപ്പിച്ചു. സ്വതസിദ്ധമായ ശൈലിയില്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ കിം കി ഡുക്കിന് കഴിഞ്ഞു. ഇനിയൊരു പുതിയ സിനിമയുമായി ഐഎഫ്എഫ്‌കെയിലെത്താന്‍ കിം കി ഡുക്കില്ലെന്ന യാഥാര്‍ത്ഥ്യം വേദനയോടെയാണെങ്കിലും പ്രതിനിധികള്‍ ഉള്‍ക്കൊണ്ടു.
ഭ്രമാത്മകത തന്നെയായിരുന്നു കിമ്മിന്റെ രീതി. എന്നാല്‍ ഭ്രമാത്മക ത്രില്ലറായി മേളയെ ഞെട്ടിച്ചത് ടര്‍ക്കിഷ് ചിത്രം കെര്‍ ആണ്. ടൈഫന്‍ പിയര്‍സെലിമോഗ്ലു സംവിധാനം ചെയ്ത കെര്‍ ഒരു കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണമാണ്. കൊലപാതകത്തിന് സാക്ഷിയാകേണ്ടി വരുന്നയാള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും നിസംഗനായ കൊലയാളിയും പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തി.
സാക്ഷിയെ തിരിച്ചറിഞ്ഞ പൊലീസ് അയാളെ സുരക്ഷിതമായി താമസിപ്പിക്കാനെന്ന പേരില്‍ തടവില്‍ വയ്ക്കുകയായിരുന്നു. അവിടെ നിന്നും രക്ഷപ്പെടാന്‍ കഴിയാതെ സാക്ഷിയായ കാന്‍ കടന്നു പോകുന്ന സംഭവങ്ങളും പേപ്പട്ടി ശല്യത്തെ തുടര്‍ന്ന് ക്വാറന്റൈനിലായ നഗരത്തില്‍ തളയ്ക്കപ്പെട്ട കാനിന്റെ മാനസിക വ്യാപാരങ്ങളും ത്രസിപ്പിക്കുന്ന രംഗങ്ങളിലൂടെയാണ് പ്രകടമാക്കിയത്.
സഹോദര സ്‌നേഹത്തിന്റെ ആഴം പറഞ്ഞ ഫ്രഞ്ച് ചിത്രം ട്രോപ്പിക്ക്, വിവിധ മരണാനുഭവങ്ങളും മരണത്തെ തുടര്‍ന്നുള്ള ആചാരങ്ങളുടെ പിന്നാമ്പുറവും പ്രമേയമാക്കിയ വിയറ്റ്‌നാം ചിത്രം മെമ്മറി ലാന്‍ഡ്, കുതിരയ്ക്ക് ശബ്ദം നല്‍കാനെത്തിയ ആര്‍ട്ടിസ്റ്റിന് കുതിരവാല്‍ മുളയ്ക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങള്‍ അവതരിപ്പിച്ച ജര്‍മ്മന്‍ ചിത്രം പിയാഫെ തുടങ്ങിയവയായിരുന്നു ഇന്നത്തെ ശ്രദ്ധേയ ചിത്രങ്ങള്‍. ഇന്ന പ്രദര്‍ശിപ്പിച്ച 66 ചിത്രങ്ങളില്‍ 50 ചിത്രങ്ങളും പുനഃപ്രദര്‍ശനങ്ങളായിരുന്നു.