അച്ഛന്റെ സ്നേഹത്തിനു അതിരുകളില്ല

പതിനഞ്ചാം തീയതി ഏരീസ് പ്ലക്‌സ് സ്‌ക്രീന്‍ നാലില്‍ ഉച്ചയ്ക്ക് ശേഷം 2.45 നാണ് ഫാദറിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ പ്രദര്‍ശനം.

അമ്മയുടെ പ്രതിഷേധവും, അച്ഛന്റെ സ്‌നേഹവും നിശ്ചയദാര്‍ഢ്യവും, ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും അഴിമതിയും കൂട്ടിയിണക്കി വികാരതീവ്രമായി സ്‌ക്രീനില്‍ നിന്നും കണ്ണെടുപ്പിക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സെര്‍ബിയന്‍ ചിത്രം ഫാദര്‍ കേരള രാജ്യാന്തര മേളയിലെ മികച്ച സിനിമകളുടെ പട്ടികയില്‍ ഇടം നേടി. സ്രദ്ദാന്‍ ഗോലുബോവിച്ച് ലളിതമായ ആഖ്യാന ശൈലിയില്‍ സ്‌തോഭജനകമായ സംഭവങ്ങളെ കൂട്ടിയിണക്കി രൂക്ഷമായ സാമൂഹ്യ വിമര്‍ശനമാണ് ഫാദറിലൂടെ നടത്തിയത്.

മാസങ്ങളോളം ശമ്പളം മുടക്കുകയും കാര്യമില്ലാതെ പിരിച്ചു വിടുകയും ചെയ്ത മാനേജ്‌മെന്റിനോടുള്ള പ്രതിഷേധ സൂചകമായി മക്കളുമായി ഫാക്ടറിയിലെത്തി ആത്മഹത്യക്ക് ശ്രമിക്കുകയാണ് നിക്കോളയുടെ ഭാര്യ. തീ കൊളുത്തി മരിക്കാന്‍ ശ്രമിച്ചവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേയ്ക്ക് അയക്കുകയും നിയമ നടപടികള്‍ക്ക് മാനേജ്‌മെന്റ് മുന്‍കൈയെടുക്കുകയും ചെയ്തു. ഇതോടെ കുട്ടികളെ സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ അര്‍ഹരല്ലെന്ന കാരണം പറഞ്ഞ് കുട്ടികളെ സര്‍ക്കാര്‍ നിയന്ത്രിത കെയര്‍ ഹോമിലേയ്ക്ക് അയക്കുന്നു.

കുട്ടികളെ പിരിഞ്ഞിരിക്കാന്‍ കഴിയാത്ത അച്ഛന്‍ നിക്കോള അവരെ വിട്ടു കിട്ടുന്നതിന് വേണ്ടി നിയമപരമായ നീക്കങ്ങള്‍ ആരംഭിച്ചെങ്കിലും അഴിമതി നിറഞ്ഞ ബ്യൂറോക്രസി പലവിധ തടസങ്ങളുമായി മുന്നോട്ട് വന്നു. ദാരിദ്ര്യവും തൊഴില്‍ ഇല്ലായ്മയും മനം മടുപ്പിക്കുന്ന രീതിയില്‍ തുടരുകയാണെങ്കിലും കുടുംബത്തെ തിരിച്ചു കിട്ടാന്‍ ആ പിതാവ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന എല്ലാ നടപടികളും പൂര്‍ത്തിയാക്കുന്നു. ഒടുവില്‍ കുട്ടികളെ വിട്ടു കിട്ടണമെങ്കില്‍ സ്ഥിരമായി ഒരു തൊഴില്‍ വേണമെന്ന കര്‍ശന നിലപാട് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുമ്പോള്‍ പിതാവ് പ്രതിസന്ധിയിലാകുന്നു.

നാട്ടിലെ തൊഴില്‍ ഇല്ലായ്മയുടെ രൂക്ഷതയാണ് ഈ ഘട്ടത്തില്‍ പറയാതെ പറയുന്നത്. ഉദ്യോഗസ്ഥരുടെ നീതി കേടിനെതിരെ സര്‍ക്കാരിനെ സമീപിക്കാന്‍ പിതാവ് തീരുമാനിക്കുന്നു. സുഹൃത്ത് തയ്യാറാക്കി നല്‍കുന്ന നിവേദനവുമായി 300 മീറ്റര്‍ അകലെയുള്ള ഭരണ സിരാകേന്ദ്രത്തിലേയ്ക്ക് കാല്‍നടയായി പോകുകയാണ് അദ്ദേഹം. മാധ്യമങ്ങള്‍ ഇതൊരു വലിയ വാര്‍ത്തയാക്കുകയും പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്യുന്നുണ്ടെങ്കിലും അതിനൊന്നും ചെവി കൊടുക്കാതെ പിതാവ് യാത്ര തുടരുകയാണ്. കുട്ടികളെ തിരിച്ചു കിട്ടുക, കുടുംബത്തെ വീണ്ടും ഒന്നിപ്പിക്കുകയെന്ന ഒറ്റ ലക്ഷ്യമാണ് പിതാവിനുള്ളത്.

ദൈന്യത മുതലെടുക്കുന്ന രാഷ്ട്രീയക്കാരാണ് ഇവിടെ വില്ലന്മാര്‍. വിജനമായ പാതകള്‍, ഉപേക്ഷിക്കപ്പെട്ട പെട്രോള്‍ പമ്പുകള്‍, തകര്‍ന്ന ഫാക്ടറികള്‍ ഇതൊക്കെ അയാളുടെ യാത്രയ്ക്കിടയിലെ കാഴ്ചകളാണ്. രാജ്യത്ത് സാധാരണക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ നേര്‍ ചിത്രമാണ് ആ പിതാവിന്റെ യാത്രാ പരിസരം. ലക്ഷ്യത്തിലേയ്ക്കുള്ള പ്രയാണം രൂക്ഷമായ സാമൂഹ്യ വിമര്‍ശനത്തിനുള്ള മാര്‍ഗമായാണ് ഇവിടെ സംവിധായകന്‍ ഉപയോഗിക്കുന്നത്.

പിതാവായ നിക്കോളയോട് സഹതപിക്കുന്ന പ്രേക്ഷകന്‍ സിനിമ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളോട് താദാത്മ്യം പ്രാപിക്കും. അതിനെതിരെ അവരുടെ ഉള്ളില്‍ പ്രതിഷേധം ഉയരും. കാരണം ഇവിടെ പ്രേക്ഷകനും സിനിമയും ഒരുമിച്ചാണ് സഞ്ചരിക്കുന്നത്. ഒരു ലക്ഷ്യമാണ് അവര്‍ക്ക് മുന്നില്‍. അങ്ങനെയൊരു അവസ്ഥയിലേയ്‌ക്കെത്തിക്കാന്‍ പിന്നണി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം.

പതിനഞ്ചാം തീയതി ഏരീസ് പ്ലക്‌സ് സ്‌ക്രീന്‍ നാലില്‍ ഉച്ചയ്ക്ക് ശേഷം 2.45 നാണ് ഫാദറിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ പ്രദര്‍ശനം.

Exit mobile version