യാഥാര്‍ത്ഥ്യത്തിന് നേരെ പിടിച്ച ഉടയാത്ത കണ്ണാടിയാണ് പ്രിയനന്ദനന്റെ ധബാരി ക്യുരുവി. അട്ടപ്പാടിയിലെ അവിവാഹിത അമ്മമാരുടെ കഥകള്‍ കേട്ടു പഴകിയതാണ്. എന്നാല്‍ പ്രിയനന്ദനന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേയ്ക്ക് പിടിക്കുന്ന കണ്ണാടിയില്‍ ഇരകളെ മാത്രമല്ല കാണാനാകുക. അതിജീവനത്തിനായി പോരാടുന്നവരുടെ പ്രതിച്ഛായകളും പ്രതിഫലിക്കുന്നു. നിസംഗതയോടെ കൂടെ പിറപ്പുകള്‍ക്കും മക്കള്‍ക്കും കൂട്ടുകാരികള്‍ക്കുമുണ്ടാകുന്ന ദുര്‍വിധിയെ പഴിച്ച് മാറി നടക്കുന്നവര്‍ മാത്രമല്ല, ഒപ്പം നിന്ന് പോരാടാന്‍ കരുത്തുള്ള പെണ്‍കരുത്തുകളും ആദിവാസി ഊരുകളിലുണ്ടെന്ന് ധബാരി ക്യുരുവി ബോദ്ധ്യപ്പെടുത്തുന്നു.
പതിനഞ്ചുകാരിയാണ് പപ്പാത്തി. പത്താം ക്ലാസുകാരിയുടെ ബാലിശമായ സ്വപ്നങ്ങളല്ല അവളുടേത്. അവള്‍ക്ക് പഠിക്കണം. ജണ്ടകള്‍ തീര്‍ക്കുന്ന വനാതിര്‍ത്തികള്‍ കടന്ന് പുറം ലോകത്തെത്തണം. ഇംഗ്ലീഷ് പഠിച്ച് സ്വന്തം ഊരിലേയ്ക്ക് മടങ്ങണം. അകലങ്ങളിലെ വിദ്യാലയങ്ങളിലേയ്‌ക്കെത്തിപ്പെടാന്‍ പറ്റാത്ത കുട്ടികളെ പഠിപ്പിക്കാന്‍ കഴിയണം. ലക്ഷ്യത്തിലേയ്ക്കുള്ള അവളുടെ പ്രയാണത്തിന് തടസം അവള്‍ ജനിച്ച സ്ഥലം മാത്രമാണ്. ആദിവാസി ഊരുകള്‍ എന്നും ഒറ്റപ്പെട്ട് സൗകര്യങ്ങളൊന്നുമില്ലാതെ തുടരണമെന്ന ചിലരുടെ വാശിയും.
കാടകങ്ങളിലെ പെണ്ണുങ്ങളുടെ മാനം കവര്‍ന്നെടുക്കാന്‍ പ്രണയ നാടകങ്ങളുമായി കാത്തിരിക്കുന്ന പുറംനാട്ടുകാരേറെയാണ്. പട്ടിണി പതിവായവര്‍ക്ക് ചില്ലറ നല്‍കി നിര്‍ബന്ധിച്ച് മാനം കവരാന്‍ പതിയിരിക്കുന്നവര്‍ തീര്‍ക്കുന്ന വാരിക്കുഴികളാണ് പ്രകൃതിയോടെ മല്ലിട്ട് ജയിക്കുന്നവരെ പരാജയപ്പെടുത്തുന്നത്. കാപട്യമറിയാത്തവരെ കുടുക്കി മാനമെടുക്കുന്നവര്‍ നല്‍കുന്ന ശേഷിപ്പുകളാണ് പ്രതികരിക്കാന്‍ പ്രാപ്തിയില്ലാത്ത അവരുടെ മക്കള്‍. വയസ്സറിയിച്ചാല്‍ കല്യാണം കഴിപ്പിച്ച് കാത്തിരിക്കുന്ന ദുരന്തങ്ങള്‍ മറികടക്കാനാണ് അവിടത്തെ അമ്മമാര്‍ ശ്രമിക്കുന്നത്.
ഭര്‍ത്താക്കന്മാര്‍ക്ക് മടുക്കുമ്പോള്‍ ഉപേക്ഷിക്കപ്പെടുന്നവര്‍ കുട്ടികളെ വളര്‍ത്തിയെടുക്കാനായി പിന്നീട് നടത്തുന്നത് വലിയ പോരാട്ടമാണ്. ആരും അറിയാത്ത ആരും സഹായിക്കാനില്ലാത്ത പോരാട്ടം.
സ്വപ്നങ്ങളുമായി പാറി നടക്കുന്ന പപ്പാത്തിയും ഇഷ്ടമില്ലാത്ത, ബലപ്രയോഗത്തിലൂടെ നിക്ഷേപിക്കപ്പെട്ട ശേഷിപ്പ് ചുമക്കേണ്ടി വരുന്നു.
പുറത്തറിഞ്ഞാല്‍ കുഞ്ഞിനെ പെറ്റ് പിഴയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെടുമെന്ന് അവളക്കറിയാം. അവള്‍ക്കു മുന്നിലുണ്ട് മുരുകിയെന്ന ജീവിക്കുന്ന ഉദാഹരണം. ആരാലോ ചതിക്കപ്പെട്ട് ഒരു കുഞ്ഞിന് ജന്മം നല്‍കി പോറ്റുന്നവള്‍.
സ്വപ്‌നങ്ങളിലേയ്ക്ക് നടന്നടുക്കാന്‍ ഗര്‍ഭം അലസിപ്പിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല പപ്പാത്തിക്കു മുന്നില്‍. മന്ത്രവാദക്കളങ്ങള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും പാരമ്പര്യം പകര്‍ന്നു നല്‍കിയ ഒറ്റമൂലികള്‍ ജീവന്‍ രക്ഷാ ഔഷധങ്ങളുമായ നാട്ടില്‍ ആരെയും അറിയിക്കാതെ ഗര്‍ഭം അലസിപ്പിക്കുകയെന്നത് ഭഗീരഥ പ്രയത്‌നവുമാണ്. കൂട്ടുകാരി രാമിയല്ലാതെ മറ്റൊരാശ്രയവും ഇക്കാര്യത്തില്‍ പപ്പാത്തിക്കില്ല. കാമുകന്റെ താക്കീതിനെ തുടര്‍ന്ന് പപ്പാത്തിയെ അവഗണിക്കേണ്ടി വരുന്നുവെങ്കിലും പിന്നീട് രാമി തിരുത്തുന്നു. തുടര്‍ന്നുള്ള ഇരുവരുടെയും ശ്രമങ്ങളാണ് ധബാരി ക്യുരുവിയെ മുന്നോട്ട് നയിക്കുന്നത്.
ഒടുവില്‍ അമ്മയുടെ നിര്‍ബന്ധപ്രകാരം മന്ത്രവാദ കളത്തിലെത്തുന്ന പപ്പാത്തിയുടെ തീവ്രമായ വികാരങ്ങള്‍ പ്രേക്ഷക മനസുകളില്‍ സഹതാപത്തേക്കാളേറെ പ്രതിഷേധം സൃഷ്ടിക്കും. ദുരന്തത്തെ അതിജീവിക്കുന്ന പപ്പാത്തി തന്റെ പൊട്ടിയ കണ്ണാടി മാറ്റി പുതിയ തിളക്കമുള്ള കണ്ണാടിയില്‍ അവളുടെ മുഖം വ്യക്തമായി കാണുന്നതോടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥമാക്കാനുള്ള യാത്രയും തുടരുന്നു.
പപ്പാത്തിയും രാമിയും മുരുകിയും പപ്പാത്തിയുടെ അമ്മയുമൊക്കെ പ്രതീകങ്ങളാണ്. ഇരകളുടെയും അതിജീവനത്തിനായി പോരാടുന്നവരുടെയും പ്രതീകങ്ങള്‍. അധസ്ഥിത മേഖലകളിലെ അരക്ഷിതാവസ്ഥയും നിസഹായവസ്ഥയും മുതലെടുത്ത് പെണ്‍ ജീവിതങ്ങളുടെ മാനം കവരുന്ന സവര്‍ണ മേധാവിത്വത്തിനെതിരെയുള്ള പോരാട്ടത്തിന് അശക്തയാണെങ്കിലും സ്വന്തം ശരീരത്തില്‍ എന്ത് മാറ്റം വേണമെന്ന് തീരുമാനിക്കാന്‍ കഴിയുന്ന പപ്പാത്തിമാര്‍ അപൂര്‍വ്വമാണ്. ചിലപ്പോള്‍ സിനിമകളിലും കഥകളിലും മാത്രം ജീവിക്കുന്നവര്‍.
സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ അച്ഛനില്ലാത്ത നിരവധി പക്ഷികള്‍ അട്ടപ്പാടിയില്‍ മാത്രമല്ല സമാനമായ ഊരുകളില്‍ പറന്നു നടക്കുന്നുണ്ടെങ്കില്‍ അതിനുത്തരവാദികള്‍ ആരെന്ന ചോദ്യം സിനിമ ഉയര്‍ത്തുന്നുണ്ട്. ഇരുള ഭാഷയില്‍ നിര്‍മ്മിച്ച ധബാരി ക്യുരുവിയില്‍ തങ്ങളുടെ കഥ പറയാനെത്തുന്ന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നതും ഇരുളര്‍ തന്നെയാണ്. അവിടെ നിന്നും കണ്ടെടുത്ത അഭിനേതാക്കള്‍ തന്നെയാണ് സിനിമയുടെ കരുത്തും.