പകരം വയ്ക്കാനില്ലാത്ത പ്രതിഭകള്‍ സംഗമിച്ചപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് അപൂര്‍വ്വമായ ദൃശ്യ വിസ്മയം. വിഭ്രാന്തിയുടെ വിവിധ തലങ്ങള്‍ അഭ്രപാളിയിലേയ്ക്ക് ആവാഹിച്ച് പ്രേക്ഷകനെ വിസ്മയിപ്പിച്ച ലിജോ ജോസ് പല്ലിശ്ശേരിക്കൊപ്പം അഭിനയ മികവിന്റെ ഇതിഹാസം മമ്മൂട്ടി കൂടി ചേര്‍ന്നപ്പോള്‍ ലോക സിനിമയില്‍ മലയാളത്തിന്റെ മറ്റൊരു അടയാളപ്പെടുത്തല്‍ കൂടിയാണ് സൃഷ്ടിക്കപ്പെട്ടത്. നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ആദ്യ പ്രദര്‍ശനം ടാഗോര്‍ തിയറ്ററില്‍ പൂര്‍ത്തിയാകുമ്പോള്‍ നിലയ്ക്കാത്ത കൈയടികളായിരുന്നു അകമ്പടി.
ഈ മാ യോ, ജല്ലിക്കെട്ട്, ചുരുളി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മനുഷ്യ മനസിന്റെ മറ്റൊരു പ്രതിഭാസമാണ് നന്‍പകല്‍ നേരത്ത് മയക്കത്തില്‍ ലിജോ വിഷയമാക്കിയത്. മമ്മൂട്ടിയുടെ ജെയിംസ് എന്ന കഥാപാത്രത്തിനുണ്ടാകുന്ന വിഭ്രാന്തിയാണ് സിനിമ.
ജെയിംസിന് അറിയാത്ത നാട്ടില്‍ ജെയിംസ് അറിയാത്ത ‘സുന്ദര’മായി അയാള്‍ മാറുകയാണ്. ഭക്തിയും വിശ്വാസവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള സംഘര്‍ഷത്തില്‍ ജെയിംസിനൊപ്പമുള്ളവരും സുന്ദരത്തിന്റെ നാട്ടുകാരും ചേരുന്നു. ജയിംസിനൊപ്പം സുന്ദരത്തിന്റെയും, യാഥാര്‍ത്ഥ്യം തേടി അവര്‍ അലയുന്നു.
ഉത്തരം കിട്ടാത്ത മാനസിക വ്യാപാരങ്ങളെ ഉച്ചമയക്കത്തില്‍ കൂട്ടിക്കെട്ടി ലിജോ നടത്തിയ മറ്റൊരു പരീക്ഷണത്തിന്റെ കഥാപരിസരം പരിചിതമാണ്. എന്നാല്‍ ദൃശ്യങ്ങളും നാടകീയതയുമൊക്കെ സിനിമയെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തില്‍ നിര്‍ത്തുന്നു. മത്സര വിഭാഗത്തില്‍ മലയാളത്തിന്റെ ശക്തമായ സാനിദ്ധ്യം കൂടിയാണ് നന്‍പകല്‍ നേരത്ത് മയക്കം.
13 ന് ഏരീസ് പ്ലക്‌സ് ഒന്നില്‍ ഉച്ചയ്ക്ക് 12 നും 14 അജന്തയില്‍ രാവിലെ 9.30 നും നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പുനഃപ്രദര്‍ശനമുണ്ട്.
Discussion about this post