ദോഹ: അത്യന്തം ആവേശം നിറഞ്ഞു നിന്ന പെനാലിറ്റി ഷൂട്ടൗട്ടില്‍ തോറ്റും ജയിച്ചും ക്വാര്‍ട്ടര്‍ ഫൈനലില്‍ വമ്പന്മാര്‍ കളിച്ചപ്പോള്‍, കിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തില്‍ എത്തിക്കാനാവതെ ഇംഗ്ലീഷ് പട ലോകകപ്പില്‍ നിന്നും പുറത്ത്. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് തുടര്‍ച്ചയായി രണ്ടാമെത്തെ ലോകകപ്പിലും സെമിയിലേക്ക് പ്രവേശിച്ച് ചരിത്രം കുറിച്ചു. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ പോര്‍ച്ചുഗലിനെ തകര്‍ത്ത മൊറോക്കയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍. 2-1 ന് ഇംഗ്ലീഷ് പടയെ തകര്‍ത്താണ് ഫ്രാന്‍സ് ലോകകപ്പ് വിജയ സാധ്യതകള്‍ നിലനിര്‍ത്തി സെമിയിലേക്കു പ്രവേശിച്ചത്. സമനില ഗോള്‍ നേടി ടീമിനെ രക്ഷിക്കാന്‍ ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്തിയ ഇംഗ്ലീഷ് നായകന്‍ ഹാരി കെയിന്‍ വില്ലനായി മാറുന്ന കാഴ്ചയാണ് അല്‍ബയാത്ത് സ്റ്റേഡിയത്തില്‍ നിറഞ്ഞു നിന്ന ആയിരക്കണക്കിനു ആരാധകര്‍ സാക്ഷ്യം വഹിച്ചത്.
ആധികാരിക വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ഇരു ടീമുകളും തുല്യ ശക്തികളുടെ മിന്നും പോരാട്ടമാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പുറത്തെടുത്തത്. എന്നാല്‍ 17-ാം മിനിറ്റില്‍ ഔറേലിയന്‍ ചൗമേനിയിലൂടെ ഫ്രാന്‍സ് ആദ്യ ഗോള്‍ നേടി തങ്ങളുടെ ശക്തി അറിയിച്ചു. 1-0 ന്റെ ലീഡുമായി നീങ്ങിയ ഫ്രാന്‍സ് ആദ്യ പകുതി അവസാനിക്കുമ്പോള്‍ ആ ലീഡ് നില നിര്‍ത്തി പോയി. രണ്ടാം പകുതി തുടങ്ങി 54-ാം മിനിട്ടില്‍ ഇംഗ്ലീഷ് പടയ്ക്കു അനുകൂലമായി ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റന്‍ ഹാരി കെയിന്‍ വലയ്ക്കകത്താക്കിയതോടെ ജീവശ്വാസം കിട്ടയതുപോലെ ഇംഗ്ലണ്ട് കുതിച്ചു. സമനില ഗോള്‍ നേടിയ ഇംഗ്ലീഷ് പടയെ വെല്ലുവിളിച്ച് രണ്ടാം ഗോള്‍ നേടാനുള്ള ശ്രമങ്ങളുമായി ഫ്രാന്‍സ് മുന്നേറിയപ്പോള്‍ അതേ ആവേശത്തില്‍ ഹാരികെയിനും ടീമും ലീഡ് നേടാനുള്ള മികച്ച കളികള്‍ പുറത്തെടുത്തുകൊണ്ടിരുന്ന കാഴ്ചയാണ് സ്റ്റേഡിയത്തില്‍ നിന്നുമുണ്ടായത്. എന്നാല്‍ മികച്ച കളിയുമായി മുന്നേറിയ ഫ്രാന്‍സ് 78-ാം മിനിട്ടില്‍ ഒലിവര്‍ ജിറൂദ് എന്ന വെറ്ററന്‍ താരത്തിലൂടെ സ്വപ്ന ഗോള്‍ നേടി മത്സരത്തില്‍ തിരിച്ചുവരികയായിരുന്നു. പിന്നീട് 82-ാം മിനിട്ടില്‍ ലഭിച്ച പെനാലിറ്റി അവസരം ക്യാപ്റ്റന്‍ കെയിന്‍ നഷ്ടപ്പെടുത്തിയതോടെ തോല്‍വി ഏറ്റു വാങ്ങിയ ബ്രസീല്‍, പോര്‍ച്ചുഗല്‍, നെതര്‍ലാന്‍ഡ് എന്നീ വമ്പന്മാര്‍ാക്കൊപ്പം അടി തെറ്റി ഇംഗ്ലീഷ് പട ക്വാര്‍ട്ടറില്‍ നിന്നും പുറത്തേക്ക്.
കളിയുടെ 17-ാം മനിട്ടില്‍ പിറന്ന ആദ്യ ഗോള്‍ ഫ്രഞ്ച് കാണികളെ ആവേശഭരിതരാക്കുന്നതായിരുന്നു. മെതാനത്തിന്റെ പകുതിയില്‍ നിന്നും പന്തുമായി എത്തിയ കെലിയന്‍ എംബാപെ വലതുവശത്തുള്ള ആന്റോമന്‍ ഗ്രീസ്മാനു പാസ് നല്‍കി. പന്തു കൃത്യമായി എടുത്ത ഗ്രീസ്മന്‍ അത് ബോക്‌സിനു പുറത്തായി നിന്ന ഔറേലിയന്‍ ചൗമേനിക്കു നല്‍കി. ബോക്‌സിനു പുറത്തുനിന്ന് ചൗമേനി പായിച്ച ലോങ് ഷൂട്ട് ഇംഗ്ലീഷ് മധ്യനിരതാരം ജൂഡ് ബെല്ലിങ്ങാമിന്റെ കാലുകള്‍ക്കിടയിലൂടെ ഗോളി ജോര്‍ദ്ദാന്‍ പിക്‌ഫോര്‍ഡിനെയും കടന്ന് ഇംഗ്ലണ്ടിന്റെ പോസ്റ്റിനുള്ളിലേക്ക്. അതോടെ ആദ്യ ഗോള്‍ പിറന്ന സന്തോഷത്തില്‍ ഫ്രഞ്ച് താരങ്ങള്‍ ആഹ്ലാദ നൃത്തം ചവിട്ടി. ഫ്രഞ്ചു പടയുടെ ആദ്യ ഗോളിനുശേഷം തിരികെ സമനില ഗോള്‍ നേടാനുള്ള ഇംഗ്ലീഷ് താരങ്ങള്‍ മികച്ച അറ്റാക്കിങ് നടത്തിയെങ്കിലും ഗോള്‍ നേടാനായില്ല. പെനാലിറ്റി വാദവും വാര്‍ റൂം ചെക്കിലൂടെ നിഷേധിക്കപ്പെട്ട ഇംഗ്ലീഷ് പടയ്ക്ക് ഒരു ഗോളിന്റെ ലീഡ് വഴങ്ങി ആദ്യ പകുതി അവസാനിപ്പിക്കേണ്ടി വന്നു.
സമനില ഗോള്‍ നേടാനുള്ള ഇംഗ്ലീഷ് പടയുടെ മുന്നേറ്റം 54-ാം മിനിട്ടിലാണ് അവസാനിച്ചത്. ഇംഗ്ലിഷ് താരം ബുകായോ സാകയെ ബോക്‌സിനുള്ളില്‍ വെച്ച് ഔറേലിയന്‍ ചൗമേനി വീഴ്ത്തിയതോടെ റഫറി പെനാലിറ്റി വിധിച്ചു. ക്യാപ്റ്റന്‍ ഹാരികെയിന്‍ എടുത്ത പെനാലിറ്റി ഒരു മനോഹര ഗോളായി മാറുകയായിരുന്നു. ഫ്രഞ്ച് ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ഹ്യൂഗോ ലോറിസ് കിക്ക് കാത്തുനില്‍ക്കെ മുന്നോട്ടുവന്ന കെയ്ന്‍ ഒന്നുറപ്പിച്ചുവച്ച ശേഷമാണ് ഷോട്ടുതിര്‍ത്ത് ഗോളാക്കിയത്. ഇതോടെ സമനില ഗോള്‍ നേടി ഇംഗ്ലീഷ് താരങ്ങള്‍ കളത്തില്‍ മിന്നിത്തളിഞ്ഞു.
77-ാം മിനിട്ടില്‍ ഫ്രാന്‍സിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കെടുത്തത് അന്റോയ്ന്‍ ഗ്രീസ്മന്‍ ഇംഗ്ലീഷ് പ്രതിരോധം തകര്‍ത്ത് പൊങ്ങിവന്ന പന്ത് ഇംഗ്ലീഷ് പ്രതിരോധത്തെ ഭേദിച്ച് ജിറൂദിന്റെ ബുള്ളറ്റ് ഹെഡറിലൂടെ വലയില്‍. അങ്ങനെ അപ്രതീക്ഷിത ലീഡ് നേടിയ ഫ്രാന്‍സ് ടീം ആരാധകക്കൂട്ടത്തിന് ആവേശമായി മാറി.
പിന്നീട് ഗോള്‍ നേടി സമനില പിടിച്ച് അധിസമയത്തിലേക്ക് മത്സരം നീക്കാനുള്ള ഇംഗ്ലീഷ് ശ്രമങ്ങളെ എല്ലാം ഫ്രാന്‍സ് തടഞ്ഞു. കളി അവസാനിക്കാന്‍ ആറ് മിനിറ്റ് മാത്രം ശേഷിക്കെ 84-ാം മിനിട്ടില്‍് വീണ്ടും പെനല്‍റ്റി ലഭിച്ച ഇംഗ്ലീഷ് ടീമിനെ ഇത്തവണ ഭാഗ്യം തുണച്ചില്ല. നായകന്‍ ഹാരികെയിന്‍ എടുത്ത സൂപ്പര്‍ കിക്ക് ബാറിനു മുകളിലൂടെ പറന്നു കാണികള്‍ക്കിടയിലേക്ക്. ഒരു നിമിഷം സത്ബദരായി നിന്ന ഗ്യാലറിയിലെ ഇംഗ്ലീഷ് ആരാധകരുടെ നെഞ്ചിലേറ്റ അടിയായിരുന്നു കെയിനിന്റെ ആ ഷോട്ട്. അങ്ങനെ നായകന്‍ സ്വയം വില്ലനായി മാറുന്ന കാഴ്ച അല്‍ബയാത്ത് സ്‌റ്റേഡിയത്തിനൊപ്പം ലോകത്താകമാനമുള്ള ഇംഗ്ലീഷ് ആരാധകര്‍ കണ്ടത്.
തുടര്‍ന്ന് ശകതി ചോര്‍ന്ന ഇംഗ്ലീഷ് പടയെയാണ് അക്ഷരാര്‍ത്ഥത്തില്‍ അധിക സമയമുള്‍പ്പടെയുള്ള അവസാന 16-ാം മിനിട്ടില്‍ കളത്തില്‍ കണ്ടത്. അധികസമയത്തിന്റെ എട്ടാം മിനിട്ടില്‍ ഇംഗ്ലണ്ടിനു അനുകൂലമായി ഫ്രഞ്ച് ഗോള്‍ പോസ്റ്റിനു മുന്നില്‍ നിന്നും ലഭിച്ച ഫൗള്‍ കിക്ക് മാര്‍ക്കസ് റാഷ് ഫോര്‍ഡിനും ലക്ഷ്യത്തില്‍ എത്തിക്കാനായില്ല. തടുര്‍ന്ന് റഫറി ഫൈനല്‍ വിസില്‍ മുഴക്കിയതോടെ തന്റെ കൈയ്യിലിരുന്ന ബോള്‍ കാണികള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞ് ഫ്രഞ്ച ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ് വിജയാഹ്ലാദത്തിന്റെ മറ്റൊരുതലം സൃഷ്ടിച്ചു. ഗ്രൂപ്പ് ഘട്ടം മുതല്‍ തോല്‍വി വഴങ്ങാതെ സെമിയില്‍ എത്തിയ ഫ്രഞ്ചു പടയെ കാത്തിരിക്കുന്നത് പോര്‍ച്ചുഗലിനെ തകര്‍ത്ത മൊറോക്കയാണ്. തുടര്‍ച്ചയായി രണ്ടാം തവണയും സെമിയില്‍ പ്രവേശിക്കുന്ന ഫ്രാന്‍സിന്റെ ആറാം ലോകകപ്പ് സെമി പ്രവേശനമായിരുന്നു ഇത്.
Discussion about this post