തിരുവനന്തപുരം∙ മുസ്‍ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശത്തിൽ സിപിഐ സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. എതിര്‍ മുന്നണിയിലെ പാര്‍ട്ടിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നു സിപിഐ വ്യക്തമാക്കി. യുഡിഎഫിനൊപ്പമെന്ന ലീഗ് മറുപടി ചോദിച്ചുവാങ്ങിയെന്നും വിലയിരുത്തുന്നു. അടിസ്ഥാനപരമായി ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് ബിനോയ് വിശ്വം എംപി പറഞ്ഞു.
എം.വി. ഗോവിന്ദന്റെ ലീഗ് പ്രശംസ; തന്ത്രം വിള്ളലുണ്ടാക്കാൻ: അപസ്വരങ്ങൾ മുതലാക്കാൻ സിപിഎം
ഇപ്പോള്‍ ലീഗിനെ മുന്നണിയിലെടുക്കുന്നെന്ന ചര്‍ച്ചകള്‍ അപക്വമാണെന്നും ലീഗ് അവരുെട നിലപാട് പറഞ്ഞുകഴിഞ്ഞുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. മുസ്‌ലിം ലീഗിനോടുള്ള സിപിഎമ്മിന്റെ പുതിയ സൗഹാർദ സമീപനം യുഡിഎഫിലും ലീഗിൽ തന്നെയും ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ആലോചിച്ചുറപ്പിച്ച നീക്കമായിരുന്നു. എന്നാൽ മറ്റൊരു മുന്നണിയിൽ നിൽക്കുമ്പോൾ ആ പാർട്ടിയെ പുകഴ്ത്തേണ്ടതില്ലെന്നാണ് സിപിഐ നിലപാട്.
https://youtu.be/BnWemDPZuy8
ഇന്നു ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയും സിപിഎമ്മിന്റെ ലീഗ് പുകഴ്ത്തൽ ചർച്ച െചയ്യുന്നുണ്ട്. യുഡിഎഫിൽ വിള്ളലുണ്ടാക്കാനുള്ള സിപിഎമ്മിന്റെ ലീഗ് പുകഴ്ത്തലും അതിനെ സ്വാഗതം ചെയ്ത ലീഗ് നേതാക്കളുടെ പ്രതികരണങ്ങളും ഗൗരവത്തോടെ കാണണമെന്ന അഭിപ്രായം നേതാക്കൾക്കിടയുണ്ട്. ലീഗിനെ ചേർത്ത് നിർത്തണമെന്നാണ് ഗ്രൂപ്പുകളുടെ വികാരം. ശശി തരൂരിന്റെ കോഴിക്കോട് പര്യടനം വിവാദമാക്കിയതിൽ ലീഗിന് അതൃപ്തിയുണ്ടെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയാണെന്നു സിപിഎം പറഞ്ഞിട്ടില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവന. ന്യൂനപക്ഷങ്ങൾക്കു വേണ്ടി ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടി ആയാണു ലീഗിനെ സിപിഎം കണ്ടിട്ടുള്ളത്. പാർട്ടി രേഖകളിലും അങ്ങനെത്തന്നെയാണു പറയുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. ‘വർഗീയ നിറമുള്ള പാർട്ടിയായി ലീഗിനെ ഇഎംഎസ് വിശേഷിപ്പിച്ചിട്ടില്ലേ’ എന്നു ചോദിച്ചപ്പോൾ അതു ശരിയല്ലെന്നു ഗോവിന്ദൻ പറഞ്ഞു.
1967 ലെ ഇഎംഎസ് സർക്കാരിനൊപ്പം ഭരണം നടത്തിയ പാർട്ടിയാണ് ലീഗ്. പിന്നെ എന്താണ്? – ഗോവിന്ദൻ ചോദിച്ചു. ഗവർണർക്ക് അനുകൂലമായ കോൺഗ്രസ് നിലപാട് ലീഗ് ഇടപെട്ട് തിരുത്തി എന്നു ഗോവിന്ദൻ ചൂണ്ടിക്കാട്ടിയപ്പോൾ ഉയർന്ന ചോദ്യങ്ങൾക്കു മറുപടിയായാണ് അവരോടുള്ള പുതിയ മൃദു സമീപനം അദ്ദേഹം വെളിപ്പെടുത്തിയത്. ലീഗ് എടുക്കുന്ന നിലപാടുകളുടെ ഭാഗമായാണ് ഇക്കാര്യം പറയുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.