പ്രണയത്തിലും ഹൃദയബന്ധത്തിലും ചാലിച്ച കഥകളുമായി കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം ദിനം കടന്നു പോകുന്നു. എട്ടു വയസുകാരി മകളെയും പിതാവിനെയും സംരക്ഷിക്കുന്ന സാന്ദ്ര നഷ്ട ദാമ്പത്യത്തിന്റെ ദുഃഖ സ്മരണകളില്‍ ജീവിക്കുന്നതിനിടയിലാണ് പഴയ കാമുകനെ കാണുന്നത്. പണ്ടെങ്ങോ നഷ്ടമായ പ്രണയ സ്വപ്‌നങ്ങള്‍ ഇരുവര്‍ക്കുമിടില്‍ ചിറകു വിരിക്കുന്നു. വരണ്ട ജീവിതത്തിലേയ്ക്ക് പ്രണയം മഴയായി പെയ്തിറങ്ങുകയാണ് ഫ്രഞ്ച് ചിത്രമായ വണ്‍ ഫൈന്‍ മോണിങില്‍. എന്നാല്‍ പഴയ കാമുകിയെ കാലങ്ങള്‍ക്ക് ശേഷം വിളിച്ചു വരുത്തുന്ന ജാപ്പനീസ് ചിത്രം ലൗ ലൈഫില്‍ പ്രണയത്തിന്റെ ബാക്കി പത്രം ദുരന്തങ്ങളാണ്. ജിറോ, ടായ്‌ക്കോ ദമ്പതികളുടെ ശാന്തമായ ബന്ധത്തെ തകര്‍ക്കുന്ന പഴയകാല പ്രണയ്വിനിക്ക് ഇതില്‍ വില്ലന്‍ പരിവേഷമാണ്.
കോസ്റ്റാറിക്കന്‍ ചിത്രം ഐ ഹാവ് ഇലക്ട്രിക് ഡ്രീംസാകട്ടെ അച്ഛന്റെയും മകളുടെയും അപൂര്‍വ്വമായ പ്രണയത്തിന്റെ കഥയാണ് പറഞ്ഞത്. ഇരുവരും ലൈംഗിക ആഗ്രഹ പൂര്‍ത്തീകരണത്തിനായി ഒന്നിക്കുന്നതിനെ ന്യായീകരിക്കുകയാണ് ഈ ചിത്രം. പരസ്പരം വര്‍ഷങ്ങളോളം പ്രണയിച്ച സാറയുടെയും ജീനിന്റെയും കഥ പറഞ്ഞ ജാപ്പനീസ് ചിത്രം ബോത് സൈഡ് ഓഫ് ബ്ലയ്ഡ് വഞ്ചനയുടെ അനന്തരഫലങ്ങളാണ് തുറന്നു കാട്ടുന്നത്. സ്‌നേഹവും പരസ്പര വിശ്വാസം ദൃഢമായിരുന്നുവെങ്കിലും ഫ്രാന്‍സ്വ എത്തുന്നതോടെ കഥ ശിഥിലമാകുകയാണ്. സാറ ഒരു കുറ്റബോധവുമില്ലാതെ ജീനിനെ ഉപേക്ഷിക്കുന്നു. പ്രണയത്തെ ഇവിടെ ഇരുതല മൂര്‍ച്ചയുള്ള ബ്ലെയിഡിനോടാണ് ഉപമിക്കുന്നത്.
പരീക്ഷണങ്ങള്‍ക്കിടയില്‍ ഭീകര രൂപിയും ദുര്‍ബല മനസ്‌കനുമായി പോയ ഇരട്ട സഹോദരനെ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്തി ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടു വരുന്ന സ്‌നേഹഗാഥയായിരുന്നു ഡെന്‍മാര്‍ക്ക് ചിത്രം ട്രോപിക്. സമ്മതിച്ച വിവാഹ മോചനം വൈകിപ്പിക്കുന്ന ഭര്‍ത്താവിന് മറ്റൊരു ജീവിതം അടുത്തറിഞ്ഞപ്പോഴുണ്ടായ മനംമാറ്റം പ്രമേയമാക്കിയ സനല്‍കുമാര്‍ ശശിധരന്റെ മലയാള ചിത്രം വഴക്കും പ്രണയത്തില്‍ കുരുക്കി മഴ പെയ്യിക്കാന്‍ മുനി കുമാരനെ നാട്ടിലെത്തിക്കുന്ന ഭരതന്റെ വൈശാലിയും സൗമ്യ വികാരങ്ങളെ കൂട്ടുപിടിച്ചപ്പോള്‍ ഭരണകൂട ഭീകരത തെളിയിക്കാന്‍ ആറ് വ്യത്യസ്ത സംഭവങ്ങളെ ആധാരമാക്കിയ കൊളാഷുമായാണ് ഡോ. ബിജു മേളയില്‍ എത്തിയത്. ഡോ. ബിജുവിന്റെ പുതിയ ചിത്രം ദി പൊട്രെയ്റ്റ്‌സ് ഫാസിസത്തിന്റെ ആധുനിക രൂപങ്ങളാണ് വരച്ചിടുന്നത്.
1970 ല്‍ എഫ് ഡബ്ല്യൂ മുര്‍നൗ സംവിധാനം ചെയ്ത ലൈറ്റ് ആന്‍ഡ് ഷെയ്ഡ് ചിത്രം ദി ലാസ്റ്റ് ലാഫ് പ്രേക്ഷകര്‍ക്ക് പുതിയ അനുഭവം പകര്‍ന്നു. ജോലി നഷ്ടപ്പെടുന്ന ബാര്‍ മാനെ സമൂഹം അവഹേളിക്കുന്നതും ആക്ഷേപിക്കുന്നതുമാണ് പ്രമേയം. ഇരുളും വെളിച്ചവും മാറിമാറി വരുന്ന ലാസ്റ്റ് ലാഫ് വേദനയോടെയാണ് പ്രതിനിധികള്‍ കണ്ടിരുന്നത്.