ഗ്രാമത്തിന്റെ വിശുദ്ധിയും മഹാ നഗരത്തിന്റെ ക്രൂരതകളും നായകന്റെ നിശബ്ദതയും സമന്വയിപ്പിച്ച മെക്‌സിക്കന്‍ ചിത്രം ചലച്ചിത്ര മേളയിലെ ഒന്നാം ദിനത്തില്‍ പ്രേക്ഷക പ്രീതി നേടി. കാര്‍ലോസ് ഐക്കല്‍മാന്‍ കൈസര്‍ സംവിധാനം ചെയ്ത ചിത്രം ഗ്രാമത്തിലെ വീടും കൃഷിയിടങ്ങളും വിട്ട് മഹാനഗരത്തിലേയ്ക്ക് മകളെ തേടി എത്തുന്ന അച്ഛന്റെ കഥയാണ് പറയുന്നത്. ഗ്രാമത്തില്‍ ജീവിതം കെട്ടിപടുക്കാനുള്ളതൊന്നുമില്ലെന്ന്‍ ആരോപിച്ചാണ് മകള്‍ നഗരത്തിലേയ്ക്ക് ചേക്കേറിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് നല്‍കിയ മെസേജിന്റെ അടിസ്ഥാനത്തിലാണ് മകളെ തേടി പിതാവ് യാത്ര തുടങ്ങുന്നത്.
മരണപ്പെട്ട മകള്‍ക്ക് ആചാര പ്രകാരം അന്ത്യവിശ്രമം ഒരുക്കാന്‍ തയ്യാറാകുകയാണ് പിതാവ്. മൃതദ്ദേഹം വിട്ടു കിട്ടണമെങ്കില്‍ ആരാണെന്ന് തെളിയിക്കാനുള്ള തിരിച്ചറിയല്‍ രേഖകള്‍ ആവശ്യമാണ്. ഗ്രാമീണനായ കര്‍ഷകന്റെ കൈയിലുള്ള രേഖകള്‍ ഇതിനു മതിയാകില്ല. എങ്കിലും ആത്മവിശ്വാസം കൈവിടാതെ മൃതദ്ദേഹം വിട്ടു കിട്ടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ് അദ്ദേഹം. ഇതിനിടയില്‍ സഹായിക്കാനെത്തുന്ന പെണ്‍കുട്ടി നഗരത്തിന്റെ മറ്റൊരു മുഖമാണ്. ജീവിക്കാനായി ശരീരം വില്‍ക്കുന്ന അവളെ അത്തരക്കാരിയാക്കിയത് അവളുടെ അമ്മയുടെ സഹോദരനാണ്. ചെറുപ്രായത്തില്‍ ലൈംഗിക അതിക്രമം നടത്തി അവളെ മറ്റൊരാളാക്കി അയാള്‍ മാറ്റുകയായിരുന്നു . പ്രായപൂര്‍ത്തിയായപ്പോള്‍ സ്വയം വില്‍പ്പന ചരക്കായി മാറിയ അവള്‍ക്ക് മറ്റുള്ളവര്‍ കസ്റ്റമേഴ്‌സ് മാത്രമാണ്. മകളെ തേടിയെത്തിയ അച്ഛനും അതേ ഗണത്തില്‍ തന്നെ.
എന്നാല്‍ അയാളുടെ യാഥാര്‍ത്ഥ്യങ്ങള്‍ അവളില്‍ മനംമാറ്റമുണ്ടാക്കുന്നു. എപ്പോഴോ അന്യമായ സ്‌നേഹവും സഹായ മനസ്‌കതയും അവളില്‍ സൃഷ്ടിക്കപ്പെടുന്നു. ശവസംസ്‌കാര സമയത്ത് മകള്‍ക്ക് ധരിക്കാന്‍ അവള്‍ക്കിഷ്ടപ്പെട്ട ചുവന്ന ഷൂസും വാങ്ങി വരുന്ന കര്‍ഷകന്‍ ബസില്‍ മറ്റുള്ളവര്‍ക്കൊപ്പം ആക്രമിക്കപ്പെടുന്നു. കൈയിലുള്ള ഷൂസടക്കം മോഷ്ടാക്കള്‍ അപഹരിക്കുന്നു. വെറും കൈയുമായി വരുന്ന കര്‍ഷകനും സഹായിക്കാനെത്തിയ യുവതിക്കും മറ്റ് അനാഥ ശവങ്ങള്‍ക്കൊപ്പം കര്‍ഷകന്റെ മകളെയും അടക്കം ചെയ്യുന്നത് ഏറെ ദൈന്യതയോടെ നോക്കി നില്‍ക്കേണ്ടി വരുന്നു.
നഗരത്തിന്റെ കാപട്യങ്ങളും സാധാരണക്കാരുടെ അരക്ഷിതാവസ്ഥയും റെഡ് ഷൂസില്‍ മിന്നി മറയുന്നുണ്ട്. സാമൂഹ്യ സാഹചര്യങ്ങളെ കുറിച്ചുള്ള ദീര്‍ഘ സംഭാഷണങ്ങളോ ദൃശ്യങ്ങളോ ഒന്നും സിനിമയിലില്ല. എന്നാല്‍ നിറഞ്ഞാടിയ കഥാപാത്രങ്ങള്‍ പ്രേക്ഷക മനസില്‍ സൃഷ്ടിക്കുന്ന നോവ് പ്രതികരണ ശേഷി സൃഷ്ടിക്കും.അതുവഴി പ്രതിഷേധങ്ങളും.
രണ്ട് പ്രദര്‍ശനങ്ങള്‍ മാത്രമാണ് റെഡ് ഷൂസിനുള്ളത്. അടുത്ത പ്രദര്‍ശനം 11ന് വൈകുന്നേരം 5.30 ന് ഏരീസ് പ്ലസ് സ്‌ക്രീന്‍ ആറില്‍ നടക്കും.