യാത്രാവിലക്ക്, ശക്തമായ കാവലില്‍ വീട്ടു തടങ്കല്‍, കനത്ത സുരക്ഷയില്‍ കാരാഗൃഹവാസം നിയന്ത്രണങ്ങളിലും നിരീക്ഷണങ്ങളിലും അണുവിട പഴുതുകള്‍ പോലുമില്ലാത്ത ജാഗ്രത. ഒരു രാജ്യദ്രോഹിക്കോ അത്യന്തം അപകടകാരിയ തീവ്രവാദിക്കോ വേണ്ടിയുള്ള കരുതലല്ല ഇത്. ഒരു സിനിമാ സംവിധായകന്‍ സിനിമ നിര്‍മ്മിക്കാതിരിക്കുന്നതിനുള്ള മുന്‍ കരുതലാണ്. ഇരുമ്പറകളും ഇരുമ്പു പൂട്ടുകളും മുറുകി കൊണ്ടിരിക്കുമ്പോള്‍ തന്നെ ജാഫര്‍ പനാഹിയെന്ന ഇറാനിയന്‍ സംവിധായകന്റെ സിനിമകള്‍ ലോകോത്തര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു.
വീട്ടു തടങ്കലിലായിരിക്കെ ഒരു ചെറിയ ഹാന്‍ഡി ക്യാമില്‍ ഷൂട്ട് ചെയ്ത വിഷ്വലുകള്‍ ഒരു പെന്‍ഡ്രൈവിലാക്കി കേക്കിനുള്ളില്‍ ഒളിപ്പിച്ച് രാജ്യത്തിന് പുറത്തു കടത്തി സിനിമയാക്കി മാറ്റിയിട്ടുണ്ട് പനാഹി. ക്ലോസ്ഡ് കര്‍ട്ടനും ടാക്‌സിയുമൊക്കെ നിയന്ത്രണങ്ങള്‍ക്ക് നടുവില്‍ നിന്നും സൃഷ്ടിച്ചെടുത്ത ചിത്രങ്ങളാണ്. ഏറ്റവും ഒടുവില്‍ ജയില്‍ ശിക്ഷ അനുഭവിക്കവെ നിര്‍മ്മിച്ച ചിത്രമാണ് നിരവധി പുരസ്‌കാരങ്ങള്‍ നേടി കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിനെത്തിയത്. അകലങ്ങളിലിരുന്ന് കമ്പ്യൂട്ടര്‍ സ്‌ക്രീനിലൂടെ നിയന്ത്രിച്ചാണ് നോ ബിയേര്‍സ് പനാഹി പൂര്‍ത്തിയാക്കിയത്.
രാജ്യത്തെ അരക്ഷിതാവസ്ഥയും യുവ തലമുറയുടെ സ്വാതന്ത്ര്യ ദാഹവും പറയാതെ പറയുകയാണ് നോ ബിയേര്‍സ്. നിയന്ത്രണങ്ങള്‍ സൃഷ്ടിക്കുന്ന പരിമിതികള്‍ അസാദ്ധ്യമായ ആത്മവിശ്വാസത്തിലൂടെയും അപാരമായ ഭാവനയിലൂടെയുമാണ് പനാഹി മറികടക്കുന്നത്. രാജ്യം വിടാനൊരുങ്ങുന്ന കമിതാക്കളുടെ പ്രണയവും കരുതലുമാണ് ചിത്രത്തിലെ പ്രമേയം.
സാറയും ബക്ത്യാറും വ്യാജ പാസ്‌പോര്‍ട്ടിനെ ആശ്രയിച്ചാണ് രാജ്യം വിടാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ഉടലെടുക്കുന്ന പ്രശ്‌നങ്ങളില്‍ ഇരുവരും കുടുങ്ങുന്നു. ഒറ്റയ്ക്ക് രാജ്യം വിടാന്‍ സാറയ്ക്കാകുന്നില്ല. ഇതിനിടയിലേയ്ക്കാണ് പ്രദേശവാസിയായ പെണ്‍കുട്ടിയെ പ്രണയിക്കുന്നവരുടെ കഥയും ഇടകലര്‍ത്തുന്നത്.
ഒരു ഘട്ടത്തില്‍ സിനിമ യഥാര്‍ത്ഥ സംഭവങ്ങളായി മാറുന്നു. അഭിനേതാക്കള്‍ക്ക് കമ്പ്യൂട്ടറിനു മുന്നിലിരുന്ന് ഇന്റര്‍നെറ്റ് വഴി സംവിധാനം ചെയ്യുന്ന പനാഹിയില്‍ സംശയം തോന്നുന്നു. അവരുടെ ജീവിതത്തെ സിനിമ ബാധിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും ആരംഭിക്കുന്നു. എന്നാല്‍ പ്രതിസന്ധികളെ യാഥാര്‍ത്ഥ്യം കൊണ്ട് നേരിട്ട് നോ ബിയേര്‍സ് പനാഹി പൂര്‍ത്തിയാക്കുന്നു. സിനിമയ്ക്കുള്ളില്‍ മറ്റൊരു സിനിമ അരങ്ങേറുമ്പോള്‍
പ്രേക്ഷകനുള്ളിലും ആശയ കുഴപ്പം നിറയും. എന്നാല്‍ നിയന്ത്രണങ്ങള്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകളാണ് ഇതെല്ലാമെന്ന ബോദ്ധ്യപ്പെടുത്തി സിനിമ അവസാനിക്കും.
സിനിമയോടുള്ള അഭിനിവേശം കൊണ്ട് മാത്രം ലഭിക്കുമെന്ന് ഉറപ്പുള്ള കഠിന ശിക്ഷകള്‍ ഏറ്റുവാങ്ങാന്‍ തയ്യാറായി ഏതു പ്രതിസന്ധിയെയും തരണം ചെയ്ത് സത്യസന്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്ന പനാഹിയുടെ നോ ബിയേര്‍സിന് മേളയില്‍ 13ന് വൈകിട്ട് 6.15ന് ന്യൂ തിയറ്ററിലെ സ്‌ക്രീന്‍ മൂന്നിലും 16ന് ഉച്ചയ്ക്ക് 2.30ന് ശ്രീ തിയറ്ററിലും പുനഃപ്രദര്‍ശനങ്ങളുണ്ട്.
Discussion about this post